ഗോൾവല കാക്കാൻ ഐകർ കാസിലാസിന്റെ പാഠങ്ങൾ
text_fieldsഫുട്ബാളടക്കം എല്ലാ കായിക ഇനങ്ങൾക്കും അന്താരാഷ്ട്ര നിലവാരമുള്ള പരിശീലനത്തിന് സംവിധാനം ദുബൈയിലുണ്ട്. ലോകപ്രശസ്തരായ കായിക താരങ്ങളിൽ പലരും തങ്ങളുടെ പരിശീലന സ്ഥാപനങ്ങൾ തുടങ്ങാൻ തിരഞ്ഞെടുക്കുന്നത് ഇവിടെയാണ്. ഫുട്ബാൾ അക്കാദമികളിൽ തന്നെ വ്യത്യസ്തമായ ഒരു സംവിധാനവുമായാണ് സ്പാനിഷ് ഫുട്ബാൾ ഇതിഹാസം ഐകർ കാസിലാസ് ദുബൈയിലെത്തിയിരിക്കുന്നത്.
ഗോൾവലകാക്കാൻ പുതുതലമുറക്ക് പരിശീലനം നൽകുന്ന 'ഐകർ കാസിലാസ് ഗോൾകീപ്പർ കോച്ചിങ് സിസ്റ്റം' എന്ന സ്ഥാപനമാണ് റയൽ മാഡ്രിഡിന്റെ ഈ സൂപ്പർ താരം തുടക്കം കുറിച്ചിരിക്കുന്നത്. ഫുട്ബാൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഗോൾകീപ്പർമാരിൽ ഒരാളാണ് ഐകർ കാസിലാസ്.
ദുബൈ സ്പോർട്സ് കൗൺസിലുമായും ഫുർസാൻ ഹിസ്പാനിയ എഫ്.സിയുമായും ചേർന്നാണ് ഐകർ ഇവിടെ പരിശീലന സംവിധാനം ആരംഭിച്ചത്. മുൻ സ്പാനിഷ് അന്താരാഷ്ട്ര ഫുട്ബോൾ താരം മൈക്കൽ സൽഗാഡോയാണ് ഫുർസാൻ ഹിസ്പാനിയ എഫ്.സിക്ക് നേതൃത്വം നൽകുന്നത്.
ഭാവിയിലേക്ക് വളരാൻ ആഗ്രഹിക്കുന്ന ഗോൾകീപ്പർമാർക്ക് അന്താരാഷ്ട്ര പരിശീലനം ഒരുക്കലാണ് സംവിധാനത്തിന്റെ ലക്ഷ്യം. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള താരങ്ങൾക്ക് എളുപ്പം എത്തിച്ചേരാനും താമസിക്കാനും സാധിക്കുന്ന സ്ഥലമെന്ന നിലയിലാണ് ദുബൈ സ്ഥാപനം തുടങ്ങാനായി തെരഞ്ഞെടുത്തത്. ഐകർ കാസിലാസ് നേരിട്ടെത്തി പരിശീലനം നൽകുന്നു എന്നത് തന്നെയാണ് കോച്ചിങ് സെൻററിന്റെ പ്രധാന ആകർഷണം. ഏഴിനും 18നും ഇടയിൽ പ്രായമുള്ള 42പേരാണ് നിലവിൽ ഇവിടെ പരിശീലിക്കപ്പെടുന്നത്. ഇക്കഴിഞ്ഞ ജനുവരിയിൽ ഐകറിന്റെ പരിശീലനം ആദ്യഘട്ടം പൂർത്തിയാക്കി ഇവരെല്ലാം സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയിട്ടുണ്ട്. പരിശീലനം പൂറത്തിയാക്കുന്ന താരങ്ങൾ യു.എ.ഇയിലെയും മേഖലയിലെ മറ്റു ക്ലബുകളിലേക്കും റിക്രൂട്ട് ചെയ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.