സന്തോഷ് ട്രോഫിയിൽ തുടരട്ടെ കേരള കരോൾ
text_fieldsസന്തോഷ് ട്രോഫി ഫുട്ബാൾ ഗ്രൂപ് റൗണ്ടിലെ ജയഭേരി തുടരാൻ കേരളം അഞ്ചാമങ്കത്തിനിറങ്ങുന്നു. ഡെക്കാൻ അറീനയിൽ ചൊവ്വാഴ്ച ഉച്ചക്ക് 2.30ന് തുടങ്ങുന്ന മത്സരത്തിൽ അയൽക്കാരായ തമിഴ്നാടാണ് എതിരാളികൾ. അഞ്ചിൽ അഞ്ചും ജയിച്ച് ആത്മവിശ്വാസമേറ്റി ക്വാർട്ടർ ഫൈനലിനൊരുങ്ങുകയാണ് കേരളത്തിന്റെ ലക്ഷ്യം.
കഴിഞ്ഞദിവസം ഡൽഹിക്കെതിരായ ഗംഭീര ജയത്തിനു ശേഷം മൈതാന പരിശീലനം ഒഴിവാക്കി തിങ്കളാഴ്ച ടീമിന് പൂർണ വിശ്രമമാണ് കോച്ച് ബിബി തോമസ് അനുവദിച്ചത്. ചെറിയ വ്യായാമം മാത്രമായി കൊക്കാപേട്ടിലെ ഹോട്ടലിൽതന്നെ ടീം കഴിഞ്ഞു. സമ്മർദമകറ്റാൻ കളിയും ചിരിയുമായി വ്യായാമം. കേരളത്തിൽനിന്നുള്ള മാധ്യമപ്രവർത്തകർക്കൊപ്പം കേക്ക് മുറിച്ചും ക്രിസ്മസ് ആഘോഷവുമൊക്കെയായി കോച്ചും ടീമും സെറ്റ്.
പ്രതിരോധത്തിന് ഊന്നൽ നൽകി മുൻനിര താരങ്ങൾക്ക് വിശ്രമമനുവദിച്ചാകും ടീമിനെ ഒരുക്കുകയെന്ന് കോച്ച് ബിബി തോമസ് പറഞ്ഞു. ‘‘എല്ലാ മത്സരങ്ങളും പ്രധാനമാണ്. ആരെയും ചെറുതായി കാണാനാവില്ല. യോഗ്യത മത്സരം മുതൽ ഇതുവരെ ഒരു ഗോൾകീപ്പർ ഒഴികെ മറ്റുള്ളവരെയെല്ലാം കളിപ്പിച്ചുകഴിഞ്ഞു. ടീമിന്റെ ഘടന നിലനിർത്തി എല്ലാ താരങ്ങൾക്കും അവസരം നൽകുകയാണ് എന്റെ നയം’’ -അദ്ദേഹം പറഞ്ഞു. നേരിയ പ്രതീക്ഷ ബാക്കിയുണ്ടെന്നും ഫുട്ബാളിൽ എല്ലാം അപ്രവചനീയമാണെന്നും തമിഴ്നാട് കോച്ച് മോഹൻ രാജ് പറഞ്ഞു.
ഗ്രൂപ് ബിയിൽ സസ്പെൻസ്
കേരളം അടങ്ങുന്ന ബി ഗ്രൂപ്പിൽ അവസാന മത്സരം വരെ സസ്പെൻസ് നിലനിൽക്കുകയാണ്. 12 പോയന്റുമായി കേരളവും ഏഴു പോയന്റുമായി മേഘാലയയും ക്വാർട്ടർ ഉറപ്പിച്ചപ്പോൾ മറ്റു രണ്ടു സ്ഥാനങ്ങൾക്കായി ഡൽഹി (ആറ് പോയന്റ്), ഒഡിഷ (നാല്), ഗോവ (മൂന്ന്), തമിഴ്നാട് (രണ്ട്) ടീമുകൾ രംഗത്തുണ്ട്. ഒഡിഷ മേഘാലയയെ തോൽപിക്കുകയും ഗോവ മൂന്നു ഗോൾ വ്യത്യാസത്തിൽ ഡൽഹിയെ വീഴ്ത്തുകയും ചെയ്താൽ പോയന്റ് പട്ടികയിൽ ഡൽഹിയെ കടന്ന് ഒഡിഷയും ഗോവയും അടുത്ത റൗണ്ടിലേക്ക് മുന്നേറും.
അതേസമയം, ഗോവക്കെതിരെ ഒരു സമനില പിടിച്ചാൽ ഡൽഹിക്ക് നില ഭദ്രമാക്കാം. ഒഡിഷ സമനിലയിലാവുകയോ തോൽക്കുകയോ ചെയ്യുകയും ഗോവ ജയിക്കുകയും ചെയ്താൽ ഗോവ അടുത്ത റൗണ്ടിലേക്ക് മുന്നേറും. ഗോവയും തമിഴ്നാടും തോറ്റാൽ നിലവിലെ സാഹചര്യത്തിൽ തോൽവി വഴങ്ങിയാലും ഒഡിഷ കയറും. രണ്ടു പോയന്റ് മാത്രമേ കൈയിലുള്ളൂവെങ്കിലും കേരളത്തെ തോൽപിക്കുകയും മറ്റു മത്സരങ്ങളിൽ ഒഡിഷയും ഗോവയും തോൽക്കുകയും ചെയ്താൽ തമിഴ്നാടിനും ക്വാർട്ടർ ബർത്ത് ലഭിക്കും.
ക്വാർട്ടറിൽ കേരളത്തിന് എതിരാളി ജമ്മു-കശ്മീർ
തിങ്കളാഴ്ചയോടെ മത്സരങ്ങൾ പൂർത്തിയായ ഗ്രൂപ് എയിൽനിന്ന് ക്വാർട്ടർ ഫൈനലിലെത്തുന്ന നാലാം ടീമായി ജമ്മു-കശ്മീർ. രാജസ്ഥാനെ ഒറ്റ ഗോളിന് വീഴ്ത്തിയ കശ്മീർ സംഘം രണ്ടു ജയവും ഒരു സമനിലയുമടക്കം ഏഴ് പോയന്റ് നേടി. ക്വാർട്ടറിൽ ഇവർക്ക് ഗ്രൂപ് ബി ജേതാക്കളായ കേരളമാണ് എതിരാളികൾ. മറ്റു മത്സരങ്ങളിൽ മണിപ്പൂർ 3 -1ന് തെലങ്കാനയെയും ബംഗാൾ ഒരു ഗോളിന് സർവിസസിനെയും തോൽപിച്ചു. 13 പോയന്റുമായി ബംഗാളാണ് എ ഗ്രൂപ് ചാമ്പ്യന്മാർ. രാജസ്ഥാനും ആതിഥേയരായ തെലങ്കാനയും പുറത്തായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.