Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഡീഗോയുടെ ഓർമകൾ...

ഡീഗോയുടെ ഓർമകൾ ഇരമ്പട്ടെ...

text_fields
bookmark_border
ഡീഗോയുടെ ഓർമകൾ ഇരമ്പട്ടെ...
cancel
camera_alt

ഇ​റ്റ​ലി​ക്കെ​തി​രെ ഷൂ​ട്ടൗ​ട്ട്​ ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച മ​റ​ഡോ​ണയുടെ ആഹ്ലാദം

ലോ​ക​താ​ര​ങ്ങ​ളും ഇ​ന്ത്യ​ൻ ഫു​ട്​​ബാ​ൾ ഇ​തി​ഹാ​സ​ങ്ങളും ലോകകപ്പ്​ ഫുട്​ബാൾ ഓ​ർ​മ​പുതുക്കുന്ന 'മെ​മ്മ​റി കി​ക്കി​ൽ​' ഖ​ത്ത​റി​ലെ വാ​യ​ന​ക്കാ​ർ​ക്കും തങ്ങളുടെ ഓ​ർ​മ​യി​ലെ ലോ​ക​ക​പ്പ്​ നി​മി​ഷ​ങ്ങ​ൾ പ​ങ്കു​വെ​ക്കാം...

ലോ​ക​ക​പ്പ്​ ഓ​ർ​മ എ​ഴു​തി 'മെ​മ്മ​റി കി​ക്കി​ലേ​ക്ക്​' അയക്കാം. (ഇ മെയിൽ: qatar@gulfmadhyamam.net, വാട്​സാപ്​: 5528 4913)


ഖത്തറിൽ ലോകകപ്പ് ഫുട്ബാളിന് പന്തുരുളുമ്പോൾ ഗാലറിയിലെ ഏറ്റവും വലിയൊരു ശൂന്യതയാണ് സാക്ഷാൽ ഡീഗോ മറഡോണ. കഴിഞ്ഞ നാലു പതിറ്റാണ്ടുകാലമായി കളത്തിലോ അല്ലെങ്കിൽ ഗാലറിയിൽ ആരവങ്ങൾ നയിച്ചോ ഡീഗോയുണ്ടായിരുന്നു. ഇക്കുറി ഖത്തറിൽ ലോകകപ്പിന് പന്തുരുളുമ്പോൾ ഫുട്ബാൾ ആരാധകർക്ക് ഏറ്റവും വലിയൊരു നഷ്ടമാവുന്നതും അകാലത്തിൽ പൊലിഞ്ഞുപോയ ഡീഗോ തന്നെയാണ്.

2020 നവംബർ 25ന് കളി മതിയാക്കി ആകാശവാതിൽ തുറന്ന് പറന്നുപോയ ഡീഗോയില്ലാത്ത ആദ്യ ലോകമേളക്കാണ് ഖത്തർ കാത്തിരിക്കുന്നത്.

'മെമ്മറി കിക്കിൽ' ഡീഗോയുടെ പ്രിയപ്പെട്ട ഓർമകളാണ് പങ്കുവെക്കുന്നത്. അർജന്‍റീന കുപ്പായത്തിൽ 91 മത്സരങ്ങളും നാല് ലോകകപ്പുകളും കളിച്ച ഡീഗോക്ക് ഒരുപിടി മികച്ച നിമിഷങ്ങളുണ്ട്. ബൊക്ക ജൂനിയേഴ്സ്, ബാഴ്സലോണ, നാപോളി ക്ലബ് ടീമുകൾക്കായി മാറ്റിവെച്ച ആയുസ്സിലുമുണ്ട് ഒരുപിടി സുവർണ നിമിഷങ്ങൾ. പല അഭിമുഖങ്ങളിലായി ഡീഗോ പങ്കുവെച്ച ലോകകപ്പ് നിമിഷങ്ങളിൽ 1986ലെ കിരീട വിജയമൊന്നും അദ്ദേഹത്തിന് അത്ര പ്രധാനമായിരുന്നില്ല. എന്നാൽ, അതിലേക്കുള്ള വഴികൾ ഡീഗോയെ എന്നും ത്രസിപ്പിച്ചിരുന്നു.

ആദ്യ ഗോൾ: 1982 സ്പെയിനിലായിരുന്നു കരിയറിലെ ആദ്യ ലോകകപ്പ്. ബെൽജിയത്തിനെതിരായ ഉദ്ഘാടന മത്സരത്തിൽ അർജന്‍റീന തോറ്റു. 22കാരനായ മറഡോണ നിറംമങ്ങിയ മത്സരം. നിലവിലെ ജേതാക്കളെന്ന നിലയിൽ ആദ്യ തോൽവി പ്രതിസന്ധിയായി. രണ്ടാം അങ്കം ഹംഗറിക്കെതിരെ. എങ്ങനെയും ജയിക്കണമെന്നായിരുന്നു തീരുമാനം. അണ്ടർ 20 ലോകകപ്പിൽ തിളങ്ങിയ മറഡോണക്ക് സീനിയർ ടീമിലും മികവ് തെളിയിക്കൽ അനിവാര്യമായിരുന്നു. പ്രതീക്ഷകൾക്കൊത്തുയർന്ന പോരാട്ടം. ഒന്നല്ല, രണ്ടു വട്ടം വല കുലുക്കിയാണ് മറഡോണ ലോകകപ്പിലെ ആദ്യ ഗോളടി ഉത്സവമാക്കിയത്.

റെഡ്കാർഡും പുറത്താവലും: 1982ലെ ലോകകപ്പിൽ വിവാദനായകനായ നിമിഷത്തെയും മറഡോണ എപ്പോഴും ഓർക്കുമായിരുന്നു. രണ്ടാം റൗണ്ടിൽ ബ്രസീലിനെതിരായ നിർണായക മത്സരത്തിൽ അർജന്‍റീന 3-0ത്തിന് പിന്നിൽ നിൽക്കുന്നു. ഗാലറിയും കളിക്കളവും ബ്രസീൽ ആധിപത്യത്തിലായപ്പോൾ ഒരുനിമിഷം ഡീഗോക്കും നിയന്ത്രണം നഷ്ടമായി.

ബാറ്റിസ്റ്റയെ ചവിട്ടിവീഴ്ത്തിയതിന് ലഭിച്ച റെഡ് കാർഡുമായി താരത്തിന്‍റെ മടക്കം. മത്സരത്തിൽ അർജന്‍റീന 3-1ന് തോറ്റു.

നൂറ്റാണ്ടിന്‍റെ ഗോൾ: ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ പിറന്ന ഗോൾ ലോകകപ്പ് കിരീടനേട്ടത്തേക്കാൾ വിശേഷപ്പെട്ടത് എന്നായിരുന്നു മറഡോണയുടെ പ്രതികരണം. 'ഇതുപോലൊരു ഗോൾ ഞാൻ മുമ്പോ ശേഷമോ നേടിയിട്ടില്ല. പല പൊസിഷനിലായി വരിഞ്ഞുമുറുക്കിയ എതിരാളികളെ ഡ്രിബ്ൾ ചെയ്ത് ലോകകപ്പിൽ ഒരു ഗോൾ നേടുകയെന്നത് ആരുടെയും സ്വപ്നമാണ്. ഇംഗ്ലണ്ട് ഗോളി പീറ്റർ ഷിൽട്ടൺ എന്ത് ചെയ്യുകയായിരുന്നുവെന്ന് ഞാൻ പിന്നീട് പലപ്പോഴും ചിന്തിച്ചു. കളത്തിനുപുറത്തു നിന്നൊരു അത്ഭുതശക്തിയോ പറക്കുംതളികയോ എത്തി അവനെ എടുത്തുകൊണ്ട് പോയോ? എനിക്കു മുന്നിൽ ഗോൾവല തുറന്നിട്ട് മാറിനിന്നതുപോലെ തോന്നി. അമ്മ എപ്പോഴും ആ ഗോളുകൾ ടി.വിയിൽ കണ്ടിരിക്കുന്നത് കാണാം'.



1986 ലോ​ക​ക​പ്പി​ൽ ഇം​ഗ്ല​ണ്ടി​നെ​തി​രെ മ​റ​ഡോ​ണ​യു​ടെ ഗോ​ൾ. നൂ​റ്റാ​ണ്ടി​ന്‍റെ ഗോ​ൾ എ​ന്ന വി​ളി​പ്പേ​രു​മാ​യി ഈ ​കു​തി​പ്പ്​ ച​രി​ത്ര​ത്തി​ൽ ഇ​ടം നേ​ടി

ഇറ്റലിക്കെതിരായ ഷൂട്ടൗട്ട് ജയം: 1990 ലോകകപ്പ് സെമിയിൽ ഇറ്റലിക്കെതിരായ ഷൂട്ടൗട്ട് ജയം. 'ക്വാർട്ടറിൽ യൂഗോസ്ലാവ്യക്കെതിരെ പെനാൽറ്റി നഷ്ടമാക്കിയതിന്‍റെ പാപഭാരമെല്ലാം പേറിയാണ് സെമി ഷൂട്ടൗട്ടിൽ അവസാന കിക്കെടുക്കാനായി ഞാൻ സെൻട്രൽ സർക്കിളിലേക്ക് നീങ്ങിയത്. ഇതു പാഴാക്കിയാൽ ഞാനൊരു വിഡ്ഢിയാവും, എന്‍റെ രാജ്യക്കാർക്ക് കൊടും ക്രിമിനലായി മാറും, സ്നേഹിച്ചവരെയെല്ലാം വഞ്ചിച്ചവനാവും. അമ്മ, അച്ഛൻ, സഹോദരങ്ങൾ, അർജന്‍റീനയിലെ ജനങ്ങൾ എല്ലാവർക്കും ഞാൻ വെറുക്കപ്പെട്ടവനാവും. എന്നോടുതന്നെ ഞാൻ ഇതെല്ലാം പറഞ്ഞുകൊണ്ടിരുന്നു. ഒടുവിൽ കിക്കെടുത്ത് വലയിലെത്തിച്ച് അർജന്‍റീനയെ ലോകകപ്പ് ഫൈനലിലെത്തിച്ചു.' -ജീവിതത്തിൽ ലോകകപ്പ് നേടിയതിനേക്കാൾ ഡീഗോക്ക് പ്രിയപ്പെട്ടതായിരുന്നു ഈ വിജയ നിമിഷം.

മാജിക്കൽ അസിസ്റ്റ്: 1990 ലോകകപ്പ് പ്രീക്വാർട്ടറിൽ ബ്രസീലിനെ തോൽപിച്ച ഗോൾ അസിസ്റ്റിനെ കുറിച്ച് മറഡോണ എപ്പോഴും പറയുമായിരുന്നു. 'ബ്രസീലുകാർ മധ്യനിര താരം അലമാവോയെ കുറ്റപ്പെടുത്തും. എന്നാൽ, അദ്ദേഹത്തെ തുടക്കത്തിലേ ഞാൻ മറികടന്നിരുന്നു. ദുംഗയായിരുന്നു എനിക്ക് വെല്ലുവിളി. കൈമുട്ട്കൊണ്ട് തള്ളി ദുംഗയെ ഞാൻ തടഞ്ഞു. പ്രതിരോധക്കാർക്കിടയിലൂടെ നൽകിയ ക്രോസിൽ കാനി (കനീജിയ) സ്കോർ ചെയ്തപ്പോൾ ഞാൻ ദൈവത്തിന് നന്ദി പറഞ്ഞു. അവർ ആഘോഷിക്കുമ്പോൾ ഒന്നും സംഭവിക്കാത്തതുപോലെ മൈതാനമധ്യത്തിൽ നിൽക്കുകയായിരുന്നു ഞാൻ.

പിന്നീട് കനിയെ കണ്ടപ്പോൾ പറഞ്ഞു: 'നിങ്ങൾ ഇന്ന് എന്താണ് ചെയ്തതെന്ന് നിങ്ങൾക്കറിയാമോ?' അദ്ദേഹം പറഞ്ഞു: 'അതെ, ഞാൻ ഒരു ഗോൾ നേടി'. അല്ല, അതല്ല. നിങ്ങൾ ഒരു സ്റ്റേഡിയം മുഴുവൻ നിശ്ശബ്ദമാക്കുകയായിരുന്നു -ഞാൻ അവനോട് പറഞ്ഞു. പ്രീക്വാർട്ടറിലെ ആ ഒരു ഗോൾ വിജയവുമായാണ് അർജന്‍റീന ക്വാർട്ടറിൽ കടന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Diego Maradona
News Summary - Let the memories of Diego roar...
Next Story