യൂറോപ്പ ലീഗിലും കിരീടത്തോടടുത്ത് ലെവർകുസൻ; തോൽവിയുടെ വക്കിൽനിന്ന് തിരിച്ചുകയറിയത് ഫൈനലിലേക്ക്
text_fieldsബുണ്ടസ് ലീഗയിൽ ബയേൺ മ്യൂണിക്കിന്റെ അപ്രമാദിത്തം തകർത്തെറിഞ്ഞ് ചാമ്പ്യൻപട്ടം ചൂടിയ ബയേർ ലെവർകുസൻ യൂറോപ്പ ലീഗിലും കിരീടത്തോടടുത്തു. സെമിഫൈനലിന്റെ രണ്ടാംപാദത്തിൽ എ.എസ് റോമക്കെതിരെ തോൽവിയുടെ വക്കിൽനിന്ന് തിരിച്ചുകയറിയാണ് ഫൈനലിലേക്ക് മുന്നേറിയത്. രണ്ട് ഗോൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞതോടെ ആദ്യപാദത്തിലെ രണ്ട് ഗോൾ മുൻതൂക്കത്തിൽ 4-2നാണ് കലാശക്കളിയിലേക്ക് ചുവടുവെച്ചത്.
ലിയാൻഡ്രോ പരേഡസ് നേടിയ രണ്ട് പെനാൽറ്റി ഗോളുകളിൽ അവസാനം വരെ മുന്നിട്ടുനിന്ന് പ്രതീക്ഷയിലായിരുന്ന റോമയുടെ വലയിൽ 82ാം മിനിറ്റിൽ വീണ സെൽഫ് ഗോളാണ് സാബി അലോൻസോയുടെ സംഘത്തിന് തിരിച്ചുവരവിന് വഴിയൊരുക്കിയത്. ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിൽ ഒരുഗോൾ കൂടി തിരിച്ചടിച്ച് തോൽവിയറിയാത്ത 49 മത്സരങ്ങൾ പൂർത്തിയാക്കാനും ലെവർകുസനായി.
ആദ്യപാദത്തിൽ സ്വന്തം നാട്ടിൽ രണ്ട് ഗോളിന്റെ തോൽവി വഴങ്ങിയ റോമ നാലാം മിനിറ്റിൽതന്നെ ലുകാകുവിലൂടെ ഗോളിനടുത്തെത്തിയെങ്കിലും ഗോൾകീപ്പറെ മറികടക്കാനായില്ല. പതിനാറാം മിനിറ്റിൽ ലെവർകുസൻ താരങ്ങളുടെ കൂട്ടായ മുന്നേറ്റത്തിൽ പലാസിയോ ഷോട്ടുതിർത്തെങ്കിലും റോമ ഗോൾകീപ്പർ സ്വിലാർ തടഞ്ഞിട്ടു. തുടർന്ന് ഗ്രാനിത്ത് സാക്കയുടെ ഷോട്ട് പോസ്റ്റിൽ തട്ടിത്തെറിക്കുകയും ആദം േഹ്ലാസകിന്റെയും അമിനെ ആഡ്‍ലിയുടെയും ഷോട്ടുകൾ ഗോൾകീപ്പറുടെ മെയ്‍വഴക്കത്തിന് മുന്നിൽ നിഷ്പ്രഭമാവുകയും ചെയ്തതോടെ നിർഭാഗ്യം തുടർന്നു.
എന്നാൽ, 42ാം മിനിറ്റിൽ റോമ താരം സർദർ ആസ്മൂണിനെ ലെവർകുസൻ ക്യാപ്റ്റൻ ജൊനാതൻ താഹ് ബോക്സിൽ വലിച്ചിട്ടതിന് റഫറി പെനാൽറ്റിയിലേക്ക് വിസിലൂതി. കിക്കെടുത്ത പരേഡസ് ഗോൾകീപ്പർക്ക് ഒരവസരവും നൽകാതെ പന്ത് വലക്കുള്ളിലാക്കി. രണ്ടാം പകുതിയിൽ സുവർണാവസരം തുലച്ചതിന് പിന്നാലെ റോമക്കനുകൂലമായി വീണ്ടും പെനാൽറ്റിയെത്തി. കോർണർ കിക്ക് പ്രതിരോധിക്കുന്നതിനിടെ േഹ്ലാസകിന്റെ കൈയിൽ തട്ടിയതിനായിരുന്നു പെനാൽറ്റി. കിക്കെടുത്ത പരേഡസ് ഇത്തവണയും ലക്ഷ്യം കണ്ടതോടെ റോമയുടെ ലീഡ് രണ്ടായി.
എന്നാൽ, 82ാം മിനിറ്റിൽ ലെവർകുസന് അനുകൂലമായി ലഭിച്ച കോർണർകിക്ക് ജിയാൻലൂക മാൻസിനിയുടെ മുഖത്ത് തട്ടി സ്വന്തം വലയിൽ കയറിയത് ജർമൻ ചാമ്പ്യൻമാർക്ക് തിരിച്ചുവരവിന് വഴിയൊരുക്കി. കളി അവസാനിക്കാൻ ഒരു മിനിറ്റ് മാത്രം ശേഷിക്കെ സമനിലയും പിടിച്ചു. ഗ്രാനിത്ത് സാക നൽകിയ പാസ് പിടിച്ചെടുത്ത ജോസിപ് സ്റ്റാനിസിച് എതിർ പ്രതിരോധ താരങ്ങളെ വെട്ടിച്ച് പന്ത് വലക്കുള്ളിലാക്കുകയായിരുന്നു. ഇതോടെ തോൽവിയറിയാത്ത കുതിപ്പ് 49 മത്സരങ്ങളിലേക്ക് ദീർഘിപ്പിക്കാനുമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.