ബുണ്ടസ് ലിഗയിൽ ലെവൻഡോവ്സ്കി കുതിക്കുന്നു; ബയേണും
text_fieldsബെർലിൻ: ബുണ്ടസ് ലിഗയിൽ പിന്നെയും ഗോളടിച്ച് റെക്കോഡുകൾ അതിവേഗം തിരുത്തി റോബർട്ട് ലെവൻഡോവ്സ്കി. വെർഡർ ബ്രെമനെതിരായ മത്സരം 3-1ന് ജയിച്ച ബയേൺ മ്യൂണിക് ഇതോടെ ബുണ്ടസ് ലിഗയിൽ ഒന്നാം സ്ഥാനത്ത് വീണ്ടും പോയിന്‍റ് വ്യത്യാസം അഞ്ചാക്കി ഉയർത്തി.
ഒന്നാം പകുതിയിൽ ലിയോൺ ഗോരെട്സ്കയും (22ാം മിനിറ്റ്) പിന്നീട് സെർജി നബ്റിയും (35) തുടങ്ങിയ ഗോൾവേട്ടയാണ് രണ്ടാം പകുതിയിൽ ലെവൻഡോവ്സ്കി (67) പൂർത്തിയാക്കിയത്. ദയനീയ തോൽവിക്കരികെ 85ാം മിനിറ്റിൽ ഒരു ഗോൾ മടക്കി ഫുൽക്രുഗ് വെർഡർ ബ്രെമൻ നിരയിൽ ആശ്വാസ ഗോൾ കണ്ടെത്തി. രണ്ടാം സ്ഥാനത്തുള്ള ലീപ്സിഷ് ഇന്ന് എയ്ൻട്രാഷ് ഫ്രാങ്ക്ഫുർട്ടിനെ തോൽപിച്ചാൽ പോയിന്‍റ് വ്യത്യാസം രണ്ടായി ചുരുങ്ങും.
ബ്രെമനിൽ വിരുന്നെത്തിയ ഹാൻസി ഫ്ലിക്കിന്‍റെ സംഘത്തിന് ഒരു ഘട്ടത്തിലും വെല്ലുവിളി ഉയർത്താൻ ആതിഥേയർക്കായില്ല. എതിർേഗാൾമുഖത്ത് നിരന്തരം അവസരങ്ങൾ തുറന്ന ലെവൻഡോവ്സ്കി പലവട്ടം ലക്ഷ്യത്തിനരികെയെത്തിയെങ്കിലും സ്വന്തം പേരിൽ ഈ സീസണിലെ 32ാം ഗോൾ പിറക്കാൻ രണ്ടാം പകുതിവരെ കാത്തുനിൽക്കേണ്ടിവന്നു.
ബുണ്ടസ് ലിഗയിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി ഇനി ലെവൻഡോവ്സ്കിക്ക് മുന്നിൽ ഗേർഡ് മുള്ളർ മാത്രം. മുള്ളർ 365 ഗോളുകളുമായി ബഹുദൂരം മുന്നിലാണ്. എന്നാൽ, ഓരോ സീസണിലും ഗോൾ എണ്ണം ശരാശരിക്കുമീതെ നിർത്തുന്ന ലെവൻഡോവ്സ്കി അതിവേഗം ലക്ഷ്യം പിന്നിടുമെന്ന് കരുതുന്നവർ അനവധി. ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോൾ എന്ന നേട്ടവും മുള്ളറുടെ പേരിലാണ്- 40 എണ്ണം. ഇത്തവണ കളി പാതി വഴി പിന്നിട്ടുനിൽക്കെ 32 ഗോളുകൾ സ്വന്തമാക്കിയ താരം ആ റെക്കോഡും ഈ സീസണിൽ മറികടക്കുമെന്നുതന്നെയാണ് കണക്കുകൂട്ടൽ.
രണ്ടാമത്തെ കളിയിൽ ഹെർത ബെർലിനെ ഏകപക്ഷീയമായ രണ്ടു ഗോളിന് വീഴ്ത്തി ബൊറൂസിയ ഡോർട്മണ്ട് ചാമ്പ്യൻസ് ലീഗ് യോഗ്യത പ്രതീക്ഷകൾ വീണ്ടും ശക്തമാക്കി. ജർമൻ മിഡ്ഫീൽഡർ ജൂലിയൻ ബ്രാൻഡ്റ്റും 16കാരനായ കൗമാര താരം യൂസുഫ മൂകോകുവുമാണ് ഡോർട്മണ്ടിനായി ലക്ഷ്യം കണ്ടത്. മറ്റു കളികളിൽ വുൾവ്സ്ബർഗ് ഏകപക്ഷീയമായ അഞ്ചു ഗോളിന് ഷാൽക്കെയെയും മെയ്ൻസ് എതിരില്ലാത്ത ഒരു ഗോളിന് ഫ്രീബർഗിനെയും തോൽപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.