പി.എസ്.ജിക്ക് സമനില പൂട്ട്; മൊണാക്കോ 1-1ന് തളച്ചിട്ടു; നെയ്മറിന് അഞ്ചാംഗോൾ
text_fieldsഫ്രഞ്ച് ലീഗ് വണ്ണിൽ കരുത്തരായ പി.എസ്.ജിയെ സമനിലയിൽ തളച്ച് മൊണാക്കോ. സീസണിലെ ആദ്യ മൂന്നു മത്സരങ്ങളും വൻ മാർജിനിൽ ജയിച്ചുകയറിയ പി.എസ്.ജി സ്വന്തം തട്ടകത്തിൽ പാരീസ് ക്ലബിനോട് സമനില പിടിച്ച് രക്ഷപ്പെടുകയായിരുന്നു. മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി.
മത്സരത്തിന്‍റെ 20ാം മിനിറ്റിൽ കെവിൻ വോളണ്ടിന്‍റെ ഗോളിലൂടെ മൊണാക്കോയാണ് ആദ്യം ലീഡ് നേടിയത്. 70ാം മിനിറ്റിൽ സൂപ്പർ താരം നെയ്മർ പെനാൽറ്റിയിലൂടെയാണ് സമനില ഗോൾ നേടിയത്. സസ്പെൻഷനിലായ വിറ്റിനക്കു പകരം റെനാറ്റോ സാഞ്ചസ് പി.എസ്.ജിയുടെ ആദ്യ ഇലവനിൽ ഇടംനേടി.
വോളണ്ട് തനിക്ക് ലഭിച്ച അപൂർവ അവസരം മനോഹരമായി വലയിലെത്തിക്കുകയായിരുന്നു. റഷ്യൻ താരം അലക്സാണ്ടർ ഗൊലോവിൻ നൽകിയ പന്ത് സ്വീകരിച്ച് പി.എസ്.ജിയുടെ പ്രതിരോധത്തിലേക്ക് ഓടിക്കയറിയ വോളണ്ട് ഒരു ലോങ് ഗ്രൗണ്ട് ഷോട്ടിലൂടെ അത് വലയിലെത്തിച്ചു. ആദ്യ പകുതി അവസാനിക്കാനിരിക്കെ സൂപ്പർതാരം മെസ്സി ബോക്സിനു പുറത്തുനിന്ന് തൊടുത്തുവിട്ട ലോങ് ഷോട്ട് മൊണാക്കോ പോസ്റ്റിൽ തട്ടി തെറിച്ചു. പന്ത് എത്തിയത് കെയ്‍ലിയൻ എംബാപ്പെയുടെ കാലിൽ.
പിന്നാലെ എംബാപ്പെയുടെ ഷോട്ടും പോസ്റ്റിൽ തട്ടി മടങ്ങി. മൊണാക്കോ ഡിഫൻഡർ ഗില്ലെർമോ മാരിപാൻ നെയ്മറെ ഫൗൾ ചെയ്തതിനാണ് പെനാൽറ്റി ലഭിച്ചത്. താരം അനായാസം പന്ത് ലക്ഷ്യത്തിലെത്തിച്ചു. ബ്രസീലിയൻ താരത്തിന്റെ ഈ സീസണിലെ അഞ്ചാം ഗോൾ. വിജയഗോളിനായി പി.എസ്.ജി താരങ്ങൾ ഏറെ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ ഹകീമിയുടെ ഒരു ഷോട്ടും പോസ്റ്റിൽ തട്ടി മടങ്ങി.
നാല് മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി നിലവിലെ ചാമ്പ്യന്മാരായ പി.എസ്.ജി തന്നെയാണ് ലീഗിൽ ഒന്നാമത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.