ബെൻസേമ ഇഷ്ടം, കപ്പ് ഫ്രാൻസിനു തന്നെ
text_fieldsഖത്തറിൽ വീണ്ടുമൊരു ലോക ഫുട്ബാൾ മാമാങ്കത്തിന് അരങ്ങുണരുമ്പോൾ ഇഷ്ടതാരമായി മുന്നിലുള്ളത് കരീം ബെൻസേമയാണ്. ബെൻസേമയിലൂടെ ഫ്രാൻസ് വീണ്ടും ലോകകിരീടം ഉയർത്തുമെന്നതിൽ സംശയം ഒട്ടുമില്ല. പതറാത്ത മനസ്സിനും ഇടറാത്ത കാലിനുമുടമയാണ് ബെൻസേമ. ജീവിതത്തില്‍ ഒരു മനുഷ്യന് തകര്‍ന്നുപോകാവുന്ന തരത്തിലുള്ള ആക്ഷേപങ്ങള്‍, തന്റെ കരിയറിന്റെ മൂര്‍ധന്യത്തില്‍ കേള്‍ക്കേണ്ടിവന്ന ചെറുപ്പക്കാരൻ. അതിനെയെല്ലാം കേളീമികവുകൊണ്ട് മറികടന്നാണ് ഖത്തർ ലോകകപ്പിന് ബെൻസേമ ബൂട്ടുകെട്ടുന്നത്.
ഫ്രഞ്ച് ഫുട്ബാള്‍ ഇതിഹാസം സിനദിന്‍ സിദാനുശേഷം ഫ്രാൻസ് എന്ന ടീമിനെ എന്റെ മനസ്സിൽ കുടിയിരുത്തുന്നതിൽ ബെൻസേമക്കുള്ള പങ്ക് വലുതാണ്. സിദാന് ഒത്ത പിന്‍ഗാമിയെന്ന ഫ്രഞ്ച് ആരാധകര്‍ ചാര്‍ത്തിക്കൊടുത്ത വിശേഷണം ശരിവെക്കുന്നതാണ് ഇത്തവണത്തെ ബാലന്‍ ഡി ഓര്‍ പുരസ്കാരം നേടിയതിലൂടെ ബെന്‍സേമ ശരിവെച്ചത്. എഴുതിത്തള്ളിയിടത്തുനിന്നും പൊരുതിനേടുന്ന കരുത്താണ് കരീം ബെൻസേമയുടെ കൈമുതല്‍.
ഇഞ്ചുറി ടൈമിന്റെ അവസാന സെക്കൻഡുകളിൽപോലും ഗോള്‍വല കുലുക്കുന്ന ഒമ്പതാം നമ്പറുകാരന്‍. വര്‍ത്തമാന ഫുട്ബാളിലെ ഏറ്റവും അപകടകാരിയായ സ്ട്രൈക്കർ.റയല്‍മഡ്രിഡ് എന്ന ടീമിനോടുള്ള ഇഷ്ടം കൂടാനും ബെൻസേമ ആ ക്ലബിലെത്തിയതോടെ കാരണമായി. ലാ ലിഗ, ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളിൽ റയല്‍ മുത്തമിടുമ്പോള്‍ ബെൻസേമയുടെ കാല്‍പാദങ്ങളില്‍നിന്നുള്ള കൈയൊപ്പ് അതില്‍ തെളിഞ്ഞുകണ്ടു. ഇനി ഖത്തര്‍ പച്ചപ്പുല്ലില്‍ ഈ ഒമ്പതാം നമ്പറുകാരന്‍റെ ബൂട്ടുകള്‍ കവിത രചിക്കുന്നതിനായി കാത്തിരിക്കാം.
ഫോർവേഡിൽ ബെൻസേമക്കൊപ്പം എംബാപ്പയും ഡംബെലെയും എൻകുങ്കുവും പിന്നെ ഗ്രീസ്മാനും കൂടിച്ചേരുമ്പോൾ ഫ്രാൻസിന്റെ കരുത്ത് വർധിക്കും. മിഡ്ഫീൽഡിലുമുണ്ട് നിരവധി പേർ. റയൽ മഡ്രിഡിന്റെ യുവതുർക്കികളായ ച്വുവാമേനി, കമവിങ്ക, അഡ്രിയാൻ റാബിയോട്ട്, പോൾ പോഗ്ബ തുടങ്ങി നീണ്ടുകിടക്കുകയാണ് ലിസ്റ്റ്. പ്രതിരോധത്തിനും പഞ്ഞമില്ലാത്ത ടീമാണ് ഫ്രാൻസ്.
ക്ലബ് ഫുട്ബാളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന റാഫേൽ വരാനും ഉപമെക്കാനോയും കൂണ്ടെയും വില്യം സാലിബയും ഫെർലാൻഡ് മെൻഡിയും ബെഞ്ചമിൻ പവാർഡും അണിനിരക്കുമ്പോൾ ഏതൊരു ടീമും ഭയപ്പെടുന്ന സ്ക്വാഡായി ഫ്രാൻസ് മാറും. ഗോൾകീപ്പർമാരായ ലോറിസും അരിയോളയും വിശ്വസ്തരാണ്. ഇവരെല്ലാം ചേരുന്നതോടെ ഫ്രാൻസ് ലോകകപ്പ് നിലനിർത്താനുള്ള എല്ലാ സാധ്യതയും തെളിയുന്നു.
നിങ്ങൾക്കും ലോകകപ്പിലെ ഇഷ്ട ടീം, കളിക്കാരൻ എന്നിവ പങ്കുവെക്കാം mail: kuwait@gulfmadhyamam.net
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.