മെസ്സിക്ക് ജന്മനാട്ടിൽ വധഭീഷണി: റൊസാരിയോയിൽ ഈ വർഷം മാത്രം മയക്കുമരുന്ന് മാഫിയ വധിച്ചത് 65 പേരെ
text_fieldsകുടുംബത്തിനൊപ്പം യൂറോപിലാണ് താമസമെങ്കിലും അവധിക്കാലം ചെലവഴിക്കാൻ പലപ്പോഴും ലയണൽ മെസ്സിയെന്ന നാട്ടുകാരുടെ സ്വന്തം ലിയോ റൊസാരിയോയിലെത്താറുണ്ട്. ഖത്തർ ലോകകപ്പ് മാറോടുചേർത്ത് ടീം നാട്ടിലെത്തിയപ്പോൾ ഉറക്കൊഴിച്ചും അവർ വരവേൽക്കാൻ കാത്തുനിന്നത് മാധ്യമങ്ങൾ വഴി ലോകം കണ്ടതാണ്.
എന്നാൽ, അടുത്തിടെയാണ് ലിയോയുടെ ഭാര്യാകുടുംബം നടത്തുന്ന സൂപർ മാർക്കറ്റിനു നേരെ ആക്രമണമുണ്ടാകുന്നതും താരത്തെ കാത്തിരിക്കുകയാണെന്ന് അക്രമികൾ കടക്കു മുന്നിൽ ബാനർ പതിച്ചതും. ഇതോടെ അർജന്റീനയിൽ ചൂടേറിയ വിഷയമാണ് റൊസാരിയോയിലെ മയക്കുമരുന്ന് മാഫിയ. കഴിഞ്ഞ ദിവസം ചേർന്ന അർജന്റീന പാർലമെന്ററി യോഗത്തിൽ ഇത് ചൂടേറിയ ചർച്ചയുമായിരുന്നു. രാജ്യത്ത് മയക്കുമരുന്നു സംഘങ്ങൾക്കെതിരെ ഭരണകൂടം നടത്തുന്ന ഇടപെടലുകൾ വിശദീകരിച്ച് സുരക്ഷാ വിഭാഗം മന്ത്രി അനിബൽ ഫെർണാണ്ടസ് രംഗത്തെത്തുകയും ചെയ്തു.
പ്രസംഗം അങ്ങനെയൊക്കെയാണെങ്കിലും രാജ്യത്ത് മയക്കുമരുന്ന് മാഫിയ ഏറ്റവും വലിയ സാന്നിധ്യമായ പ്രദേശങ്ങളിലൊന്നാണ് റൊസാരിയോ എന്നത് ലോകത്തിനറിയാം. കഴിഞ്ഞ വർഷം മാത്രം മയക്കുമരുന്ന് കേസുകളിൽ പട്ടണത്തിൽ പിടിയിലായത് 2,077 പേർ. വൻതുകയുടെ ലഹരി കൈമറിയുന്ന റൊസാരിയോയിൽ വിദേശത്തുനിന്ന് മയക്കുമരുന്ന് എത്തിക്കുന്നത് ഭീഷണിയാണെന്ന് മന്ത്രി അനിബൽ ഫെർണാണ്ടസ് പറയുന്നു. ഈ വർഷം മാത്രം പട്ടണത്തിൽ മയക്കുമരുന്ന് മാഫിയ 65 പേരെയെങ്കിലും കൊലപ്പെടുത്തിയിട്ടുണ്ട്. അക്രമ സംഭവങ്ങൾ അവസാനിപ്പിക്കുന്നതിൽ ഭരണകൂടത്തിന് ഇതുവരെ വിജയം വരിക്കാനായിട്ടില്ല.
മയക്കുമരുന്ന് ലോബി ഉയർത്തുന്ന ഭീഷണികൾ നേരിടാൻ 1,400 പുതിയ സൈനികരെ കൂടി പട്ടണ പരിസരങ്ങളിൽ വിന്യസിക്കുമെന്ന് അർജന്റീന പ്രസിഡന്റ് ആൽബർട്ടോ ഫെർണാണ്ടസ് പറയുന്നു. ആർമി എഞ്ചിനിയറിങ് കോപ്സിലെ അധിക ബാച്ചുകളുടെ സാന്നിധ്യവുമുണ്ടാകും. എന്നാൽ, ഇതുകൊണ്ടും മറികടക്കാടാനാകുന്നതല്ല, നിലവിലെ ഭീഷണിയെന്നതാണ് സ്ഥിതി. ഫെഡറൽ സംവിധാനം നിലനിൽക്കുന്ന രാജ്യമായതിനാൽ നേരിട്ടുള്ള ഇടപെടൽ സൈനികർക്ക് സാധ്യമാകില്ല. പകരം പ്രവിശ്യയിലെ പൊലീസ് സേനക്ക് കരുത്തുപകരാനാകും സൈനിക വിന്യാസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.