മെസ്സിയെ വരവേറ്റ് മിയാമി; ഞായറാഴ്ച പിങ്ക് ജഴ്സിയിൽ ആരാധകർക്കു മുന്നിലെത്തും; അരങ്ങേറ്റം 21ന്
text_fieldsയൂറോപ്യൻ ഫുട്ബാൾ കളിക്കളം വിട്ട് അമേരിക്കൻ മേജർ ലീഗിലേക്ക് ചേക്കേറുന്ന ഇതിഹാസം ലയണൽ മെസ്സിയെ വരവേറ്റ് മിയാമി നഗരവും ഫുട്ബാൾ ആരാധകരും. ഞായറാഴ്ച ഇന്റർ മിയാമി ആരാധകർക്കു മുന്നിൽ താരത്തെ അവതരിപ്പിക്കും. മിയാമി ക്ലബുമായുള്ള കരാർ നടപടികൾ അടുത്ത ദിവസങ്ങളിൽതന്നെ പൂർത്തീകരിക്കും.
മെസ്സി ഭാര്യക്കും മൂന്നു മക്കൾക്കുമൊപ്പം കഴിഞ്ഞദിവസം ഫ്ലോറിഡയിലെത്തിയിട്ടുണ്ട്. ജന്മനാട്ടിൽ അവധി ആഘോഷിച്ചതിനു ശേഷമാണ് താരം കുടുംബത്തോടൊപ്പം സ്വകാര്യ വിമാനത്തിൽ ഇന്റർ മിയാമി ക്ലബിന്റെ ഹോം സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന ഫോർട്ട് ലൗഡർഡെയ്‌ലിലെ വിമാനത്താവളത്തിൽ ഇറങ്ങിയത്. ഇതിഹാസത്തെ ഒരുനോക്കു കാണാനായി മിയാമിയുടെ പിങ്ക് ജഴ്സിയും അർജന്‍റീനയുടെ പത്താം നമ്പർ ജഴ്സിയും ധരിച്ച് നിരവധി ആരാധകരാണ് സ്റ്റേഡിയത്തിനു മുന്നിൽ തടിച്ചുകൂടിയത്.
താരത്തെ വരവേൽക്കാനായി നഗരത്തിലെങ്ങും കൂറ്റൻ കട്ടൗട്ടുകളും ബാനറുകളും താരത്തിന്‍റെ പെയിന്‍റിങ്ങുകളും ഉയർന്നിരുന്നു. രണ്ടര വർഷത്തേക്കു മെസ്സി മുൻ ഇംഗ്ലീഷ് സൂപ്പർതാരം ഡേവിഡ് ബെക്കാമിന്‍റെ ഉടമസ്ഥതയിലുള്ള ക്ലബുമായി കരാറിലെത്തുമെന്നാണ് പുറത്തുവരുന്ന വിവരം. ഏകദേശം ആറു കോടി യു.എസ് ഡോളർ (492 കോടി രൂപ) ആയിരിക്കും വാർഷിക പ്രതിഫലമെന്നാണ് സൂചന.
ഹോംഗ്രൗണ്ടായ ഡി.ആർ.വി പിങ്ക് സ്റ്റേഡിയത്തിലാണ് ക്ലബ് ഞായറാഴ്ച മെസ്സിയെ അവതരിപ്പിക്കുന്നത്. ഇതിന്‍റെ തത്സമയം പ്രക്ഷേപണം ചെയ്യാൻ കോൺകാകാഫ്, ഫോക്സ്, യുനിവിഷൻ ഉൾപ്പെടെയുള്ളവരോട് മേജർ സോക്കർ ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്. ‘ദി അൺവീൽ’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി പ്രാദേശിക സമയം രാത്രി എട്ടിനാണ്. 21ന് മെക്സിക്കൻ ക്ലബ് ക്രൂസ് അസൂളുമായി ലീഗ്സ് കപ്പ് മത്സരത്തിൽ മെസ്സി ഇന്റർ മിയാമിക്കു വേണ്ടി അരങ്ങേറും.
ബാഴ്സലോണയിലെ സഹതാരമായിരുന്ന സെർജിയോ ബുസ്കെറ്റ്സും മിയാമിയുമായി ധാരണയിലെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.