കോൻമെബോളിലെ ഗോളടിവീരൻ! ആ റെക്കോർഡും ഇനി മെസ്സിക്ക്
text_fieldsബ്വേനസ് എയ്റിസ്: തെക്കനമേരിക്കൻ ലോകകപ്പ് ഫുട്ബാൾ യോഗ്യതാ റൗണ്ടിൽ (CONMEBOL) എക്കാലത്തെയും മികച്ച ഗോളടിവീരനായി ലയണൽ മെസ്സി. ഉറുഗ്വെയുടെ മിന്നുംതാരവും ഉറ്റസുഹൃത്തുമായ ലൂയി സുവാരസിനെയാണ് അർജന്റീന നായകൻ മറികടന്നത്.
63 ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങളിൽ 31 ഗോളുകളാണ് മെസ്സിയുടെ സമ്പാദ്യം. 62 കളികളിൽ 29 തവണയാണ് ഉറുഗ്വെക്കുവേണ്ടി സുവാറസ് ലക്ഷ്യം കണ്ടത്. പെറുവിനെതിരെ ഇന്ന് നടന്ന മത്സരത്തിൽ ഇരട്ടഗോൾ നേടിയതോടെയാണ് മറ്റൊരു റെക്കോർഡിനുകൂടി ഇതിഹാസതാരം ഉടമയായത്.
പരിക്കുകാരണം ഇന്റർ മയാമിയുടെ നിർണായക മത്സരങ്ങളിൽനിന്നടക്കം വിട്ടുനിന്ന മെസ്സി, പെറുവിനെതിരെ സ്റ്റാർട്ടിങ് ലൈനപ്പിൽ കളത്തിലിറങ്ങുന്ന കാര്യത്തിൽ സംശയത്തിലായിരുന്നു. എന്നാൽ, ഫിറ്റ്നസ് വീണ്ടെടുത്ത താരം േപ്ലയിങ് ഇലവനിൽ മൈതാനത്തെത്തി ആദ്യപകുതിയിൽ തന്നെ എണ്ണംപറഞ്ഞ രണ്ടു ഗോളുകൾ സ്കോർ ചെയ്യുകയായിരുന്നു. 60-ാം മിനിറ്റിൽ മൂന്നാം തവണയും വലയിൽ പന്തെത്തിച്ചെങ്കിലും ‘വാർ’ പരിശോധനയിൽ ഗോളല്ലെന്നായിരുന്നു വിധി.
കളിച്ച നാലു കളിയും ജയിച്ച ലോക ചാമ്പ്യന്മാർ തെക്കനമേരിക്കൻ ഗ്രൂപ്പിൽ 12 പോയന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. ഏഴുപോയന്റുവീതമുള്ള ഉറുഗ്വെ, ബ്രസീൽ, വെനിസ്വേല ടീമുകളാണ് യഥാക്രമം രണ്ടുമുതൽ നാലുവര സ്ഥാനങ്ങളിൽ. ഉറുഗ്വെക്കെതിരെ ഇന്നുനടന്ന കളിയിൽ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് തോറ്റതാണ് ബ്രസീലിന് തിരിച്ചടിയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.