ഒരേയൊരു മെസ്സി! ക്രിസ്റ്റ്യാനോയുടെ റെക്കോഡ് മറികടന്ന് സൂപ്പർതാരം -വിഡിയോ
text_fieldsയൂറോപ്പിലെ അഞ്ചു പ്രധാന ലീഗുകളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന റെക്കോഡ് സ്വന്തമാക്കി ഇതിഹാസ താരം ലയണൽ മെസ്സി. ലീഗ് വണ്ണിൽ സ്ട്രാസ്ബർഗിനെതിരായ മത്സരത്തിൽ നേടിയ ഗോളിലൂടെ മെസ്സിയുടെ ഗോൾ നേട്ടം 496 ആയി.
പോർചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെയാണ് (495 ഗോളുകൾ) താരം മറികടന്നത്. മത്സരത്തിന്‍റെ 59ാം മിനിറ്റിലാണ് താരം വലകുലുക്കിയത്. ബോക്സിന്‍റെ ഇടതു പാർശ്വത്തിൽനിന്ന് സൂപ്പർതാരം കിലിയൻ എംബാപ്പെ നിലംപറ്റെ നൽകിയ പാസ്സ്, മെസ്സി മനോഹരമായി വലയിലാക്കി. 575 മത്സരങ്ങളിൽനിന്നാണ് മെസ്സി 496 ഗോളുകൾ നേടിയത്. 247 അസിസ്റ്റുകളും താരത്തിന്‍റെ പേരിലുണ്ട്. ആകെ 47,039 മിനിറ്റാണ് താരം കളിച്ചത്.
626 മത്സരങ്ങളിൽനിന്നാണ് ക്രിസ്റ്റ്യാനോ 495 ഗോളുകൾ നേടിയത്. 51,069 മിനിറ്റ് കളിച്ച താരത്തിന്‍റെ പേരിൽ 151 അസിസ്റ്റുകളുമുണ്ട്. സ്ട്രാസ്ബർഗിനോട് (1-1) സമനില വഴങ്ങിയെങ്കിലും പി.എസ്.ജി 11ാം ലീഗ് വൺ കിരീടം ഉറപ്പിച്ചു. ഒരു മത്സരം ബാക്കി നിൽക്കെയാണ് പി.എസ്.ജിയുടെ റെക്കോഡ് കിരീട നേട്ടം. ഇതോടെ ഏറ്റവും കൂടുതൽ തവണ ലീഗ് വൺ ചാമ്പ്യന്മാരെന്ന നേട്ടം പി.എസ്.ജി സ്വന്തമാക്കി.
പത്ത് തവണ ചാമ്പ്യന്മാരായ സെന്‍റ്-എറ്റിയനെയാണ് മെസ്സിയും സംഘവും മറികടന്നത്. കഴിഞ്ഞമാസം ലെൻസിനെതിരായ മത്സരത്തിൽ ഗോൾ നേടി റൊണാൾഡോയുടെ റെക്കോഡിനൊപ്പമെത്തിയിരുന്നു മെസ്സി. എന്നാൽ, അനുമതിയില്ലാതെ സൗദി അറേബ്യയിലേക്ക് പോയ മെസ്സിയെ ക്ലബ് സസ്പെൻഡ് ചെയ്തതാണ് നേട്ടം വൈകിപ്പിച്ചത്. ഈ ലീഗ് വൺ സീസണിൽ മെസ്സിയുടെ ഗോൾ നേട്ടം 17 ആയി.
ലാ ലീഗ (ബാഴ്സലോണ), ലീഗ് വൺ (പി.എസ്.ജി) ലീഗുകളിലായാണ് മെസ്സി 496 ഗോളുകൾ നേടിയത്. പ്രീമിയർ ലീഗ്, ലാ ലീഗ, സീരി എ ലീഗുകളിലായാണ് ക്രിസ്റ്റ്യാനോയുടെ ഗോൾ നേട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.