‘ഞങ്ങൾ ടീമെന്നതിലുപരി ഒരു കുടുംബം, അതിശയ സംഘം’...കോപ വിജയത്തിൽ വികാരനിർഭര കുറിപ്പുമായി മെസ്സി
text_fieldsകോപ അമേരിക്ക ടൂർണമെന്റിൽ കിരീടം നിലനിർത്തിയതിന് പിന്നാലെ വികാര നിർഭര കുറിപ്പുമായി അർജന്റീന നായകൻ ലയണൽ മെസ്സി. അങ്ങേയറ്റം സന്തോഷവാനാണ് താനെന്ന് പറഞ്ഞ മെസ്സി, കോപ അമേരിക്ക ടൂർണമെന്റോടെ അന്താരാഷ്ട്ര ഫുട്ബാളിൽനിന്ന് വിരമിച്ച സൂപ്പർ താരം എയ്ഞ്ചൽ ഡി മരിയക്ക് മറ്റൊരു കപ്പിൽ കൂടി മുത്തമിടാൻ അവസരം ലഭിച്ചതിൽ അതിയായ ആഹ്ലാദമുണ്ടെന്നും ഇൻസ്റ്റാഗ്രടമിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.
സീനിയർ താരങ്ങൾക്കൊപ്പം നിരവധി ടൂർണമെന്റുകൾ കളിച്ചുകഴിഞ്ഞ മറ്റു ടീമംഗങ്ങൾ ഏറെ അനുഭവ സമ്പത്തുള്ളവരായി മാറിയെന്നും മെസ്സി ചൂണ്ടിക്കാട്ടി. കളിയിൽ എല്ലാം സമർപ്പിക്കുന്ന ചെറുപ്പക്കാരടങ്ങിയ അതിശയ സംഘം ടീമെന്നതിലുപരി ഒരു കുടുംബമാണെന്നും മെസ്സി കുറിച്ചു. പിന്തുണച്ച എല്ലാവർക്കും നന്ദി പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
മെസ്സിയുടെ കുറിപ്പിന്റെ പൂർണരൂപം
“കോപ്പ അമേരിക്ക അവസാനിച്ചിരിക്കുന്നു. സന്ദേശങ്ങളും ആശംസകളുമയച്ച എല്ലാവർക്കും നന്ദി പറയുകയാണ്. ഞാൻ സുഖമായിരിക്കുന്നു. ദൈവത്തിന് നന്ദി. ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന കാര്യം ആസ്വദിക്കാനായി കളത്തിൽ തിരിച്ചെത്താൻ കഴിയുമെന്ന് പ്രത്യാശിക്കുന്നു.
“ഞാൻ അങ്ങേയറ്റം സന്തോഷവാനാണിപ്പോൾ. ഞങ്ങൾ ലക്ഷ്യമിട്ടതെന്തോ അത് നേടിയിരിക്കുന്നു. ഫിദെയോ (ഏയ്ഞ്ചൽ ഡി മരിയ) മറ്റൊരു കപ്പിൽ കൂടി മുത്തമിട്ടാണ് ഞങ്ങളെ വിട്ടുപോകുന്നതെന്നതും വളരെ സന്തോഷം നൽകുന്നു. എന്നെയും അവനെയും ഒടാ (നിക്കോളാസ് ഒടാമെൻഡി)യെയും പോലെ മുതിർന്ന കളിക്കാർക്ക് സവിശേഷമായ ആവേശമാണ് ഇത് പകർന്നുനൽകുന്നത്. മറ്റു ടീമംഗങ്ങൾ ഇതിനകം തന്നെ നിരവധി ടൂർണമെന്റുകൾ കളിച്ചുകഴിഞ്ഞു. ഏറെ അനുഭവ സമ്പത്തുള്ളവരായി അവർ മാറിയിട്ടുണ്ട്. ഓരോ പന്തിലും എല്ലാം സമർപ്പിക്കുന്ന ചെറുപ്പക്കാരാണ് ഈ ടീമിലുള്ളത്. ഞങ്ങൾ ഒരു ടീമെന്നതിലുപരി ഒരു കുടുംബമാണ്, അതിശയകരമായ ഒരു സംഘം.
“ഞങ്ങളെ പിന്തുണച്ച എല്ലാവർക്കും നന്ദി. വർത്തമാനങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ഈ ദേശീയ ടീമിന് ഒരുപാട് ഭാവിയുമുണ്ട്. വാമോസ് അർജന്റീന!’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.