ഇനി ലോകകപ്പ് കളിക്കാനില്ലെന്ന് ആവർത്തിച്ച് ലയണൽ മെസ്സി
text_fieldsഇനി ലോകകപ്പ് കളിക്കാനില്ലെന്ന് ആവർത്തിച്ച് അർജന്‍റൈൻ ഇതിഹാസ താരം ലയണൽ മെസ്സി. ഫ്രഞ്ച് ക്ലബ് പി.എസ്.ജി വിട്ട താരം അമേരിക്കൻ മേജർ ലീഗ് സോക്കറിലെ ഇന്‍റർ മിയാമിയിൽ ചേരാൻ തയാറെടുക്കുന്നതിനിടെയാണ് ചൈനീസ് മാധ്യമത്തോട് നിലപാട് വ്യക്തമാക്കിയത്.
ഖത്തർ ലോകകപ്പ് തന്‍റെ അവസാന ലോകകപ്പ് ആയിരിക്കുമെന്ന് മെസ്സി നേരത്തെ പറഞ്ഞിരുന്നു. 2026 ലോകകപ്പിൽ കളിക്കുമോയെന്ന മാധ്യമപ്രവർത്തകന്‍റെ ചോദ്യത്തോട് ഇല്ലെന്നായിരുന്നു താരത്തിന്‍റെ മറുപടി. ജൂൺ 15ന് അർജന്‍റീനയും ആസ്ട്രേലിയയും തമ്മിലുള്ള സൗഹൃദ മത്സരത്തിൽ പങ്കെടുക്കുന്നതിന്‍റെ ഭാഗമായാണ് താരം ചൈനയിലെത്തിയത്. നേരത്തെ മെസ്സിയെ ബെയ്ജിങ് രാജ്യാന്തര വിമാനത്താവളത്തിൽ ചൈനീസ് പൊലീസ് തടഞ്ഞുവെച്ചിരുന്നു.
മെസ്സിയുടെ വിസയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണു നടപടിക്കു കാരണം. അർജന്റീന പാസ്പോർട്ടിനു പകരം മെസ്സി സ്പാനിഷ് പാസ്പോർട്ടാണു കൈവശം സൂക്ഷിച്ചിരുന്നത്. ചൈനീസ് വിസയുമുണ്ടായിരുന്നില്ല. അരമണിക്കൂറോളം ചർച്ച നടത്തിയ ശേഷമാണ് മെസ്സിയെ വിമാനത്താവളം വിടാൻ അനുവദിച്ചത്. ‘ഇതെന്റെ അവസാന ലോകകപ്പായിരുന്നു. കാര്യങ്ങൾ എങ്ങനെ പോകുന്നുവെന്ന് നോക്കികാണുകയാണ്. പക്ഷേ, ഞാൻ അടുത്ത ലോകകപ്പിൽ എന്തായാലും കളിക്കില്ല. ലോകകപ്പ് കാണാനായി അവിടെ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു, പക്ഷേ ഞാൻ പങ്കെടുക്കില്ല’ -മെസ്സി വ്യക്തമാക്കി.
കരിയറിൽ സംതൃപ്തനും നന്ദിയുള്ളവനുമാണ്. ലോകകപ്പ് ആണ് തന്നെ സംബന്ധിച്ചെടുത്തോളം ഏറ്റവും വലിയ നേട്ടം എന്നും മെസ്സി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.