തായ്‌വാൻ ചൈനയിലെന്ന് കരുതി മെസ്സിയെത്തിയത് വിസയില്ലാതെ; വിമാനത്താവളത്തിൽ താരത്തെ തടഞ്ഞു
text_fieldsബെയ്ജിങ്: വിസയില്ലാതെ പറന്നിറങ്ങിയ അർജന്റീന ഫുട്ബാൾ ടീം നായകൻ ലയണൽ മെസ്സിയെ ബെയ്ജിങ് വിമാനത്താവളത്തിൽ ചൈനീസ് പൊലീസ് തടഞ്ഞുവെച്ചു. വ്യാഴാഴ്ച നടക്കാനിരിക്കുന്ന സൗഹൃദ മത്സരത്തിന് കഴിഞ്ഞ ദിവസമാണ് മെസ്സിയും സഹതാരങ്ങളുമെത്തിയത്. സ്പാനിഷ് പാസ്പോർട്ടുള്ളതിനാൽ ചൈനയിൽ പ്രവേശിക്കാൻ വിസ വേണ്ടെന്ന് മെസ്സി തെറ്റിദ്ധരിക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.
സ്പാനിഷ് പാസ്പോർട്ടുകാർക്ക് വിസയില്ലാതെ തായ്‌വാനിൽ പോകാൻ അനുമതിയുണ്ട്. തായ്‌വാൻ ചൈനയുടെ ഭാഗമാണെന്ന് കരുതി മെസ്സി വിസക്ക് അപേക്ഷിക്കാതിരുന്നതാണ് പ്രശ്നമായത്. മെസ്സിക്ക് അർജന്റൈൻ, സ്പാനിഷ് പാസ്‌പോർട്ടുകളുണ്ട്. രണ്ടാമത്തേതാണ് താരം ചൈനയിലേക്ക് കൊണ്ടുപോയത്. വിസയില്ലാതെയെത്തിയ മെസ്സിയും ചൈനീസ് എയർപോർട്ട് ഗാർഡുകളും തമ്മിലെ ആശയവിനിമയത്തിന് ഭാഷയും പ്രശ്നമായി. തുടർന്ന് അടിയന്തര വിസ ലഭ്യമാക്കി. നാളെ ബെയ്ജിങ്ങിലെ വർക്കേഴ്സ് സ്റ്റേഡിയത്തിൽ ആസ്ട്രേലിയയെ അർജന്റീന സൗഹൃദ മത്സരത്തിൽ നേരിടും.
ജൂൺ 19ന് ഇന്തോനേഷ്യയിലെത്തി അവിടത്തെ ദേശീയ ടീമുമായും ലോക ചാമ്പ്യന്മാർ കളിക്കും. ഫ്രഞ്ച് ലീഗ് വൺ ടീമായ പി.എസ്.ജി വിട്ട മെസ്സി, ജൂലൈയിലാണ് ഇന്റർ മിയാമി ക്ലബിനുവേണ്ടി കളിക്കുന്നതിന് അമേരിക്കയിലേക്ക് പോവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.