ക്രിസ്റ്റ്യാനോക്ക് പിന്നാലെ മെസ്സിയും സൗദി ലീഗിലേക്ക്? വ്യക്തത വരുത്തി ഫുട്ബാൾ തലവൻ
text_fieldsപോർചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സൗദി ക്ലബിലേക്കുള്ള കൂടുമാറ്റം വലിയ വാർത്ത പ്രധാന്യം നേടിയിരുന്നു. റെക്കോഡ് തുകക്ക് സൗദി പ്രോ ലീഗിലെ കരുത്തരായ അൽ നസ്ർ ക്ലബിലെത്തിയ താരത്തിന് വൻ വരവേൽപാണ് അധികൃതരും ആരാധകരും നൽകിയത്.
യൂറോപ്പിനു പുറത്തുള്ള ഒരു ക്ലബിൽ താരം കളിക്കുന്നത് ആദ്യമായാണ്. ഇരട്ട ഗോളോടെ അറബ് നാട്ടിലെ അരങ്ങേറ്റം താരം ഗംഭീരമാക്കുകയും ചെയ്തു. സൂപ്പർതാരങ്ങളായ ലയണൽ മെസ്സിയും കിലിയൻ എംബാപ്പെയും നെയ്മറും അണിനിരന്ന പി.എസ്.ജിക്കെതിരെ റിയാദ് സീസൺ കപ്പ് സൗഹൃദ മത്സരത്തിലൂടെയാണ് സൗദിയിൽ റൊണാൾഡോ അരങ്ങേറ്റം കുറിച്ചത്.
അൽ നസ്ർ-അൽ ഹിലാൽ ക്ലബുകളുടെ സംയുക്ത ടീമാണ് അന്ന് കളത്തിലിറങ്ങിയത്. ഞായറാഴ്ച അൽ നസ്ർ ക്ലബിനുവേണ്ടിയുള്ള ആദ്യ മത്സരത്തിന് തയാറെടുക്കുകയാണ് താരം. എത്തിഫാഖാണ് എതിരാളികൾ. എന്നാൽ, റൊണാൾഡോക്കു പിന്നാലെ മെസ്സിയും അടുത്ത സീസൺ മുതൽ സൗദി ലീഗിൽ കളിക്കുമെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
അൽ ഹിലാൽ ക്ലബ് താരത്തെ സ്വന്തമാക്കാനായി നീക്കം തുടങ്ങിയെന്നായിരുന്നു വാർത്തകൾ. എന്നാൽ, അഭ്യൂഹങ്ങളിൽ വ്യക്ത വരുത്തിയിരിക്കുകയാണ് സൗദി ഫുട്ബാൾ ഫെഡറേഷൻ ജനറൽ സെക്രട്ടറി ഇബ്രാഹിം അൽകാസിം. ‘നിലവിൽ ലയണൽ മെസ്സിയുടെ വരവിനെ കുറിച്ച് ഞങ്ങൾക്ക് ഒന്നും അറിയില്ല, എങ്കിലും സൗദി ഫെഡറേഷൻ എന്ന നിലയിൽ അദ്ദേഹത്തെ ഒരു ദിവസം ആഭ്യന്തര ലീഗിൽ ഉൾപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്ന കാര്യം മറച്ചുവെക്കുന്നില്ല’ -ഇബ്രാഹീം സ്പാനിഷ് സ്പോർട്സ് മാധ്യമത്തോട് വെളിപ്പെടുത്തി.
നമ്മുടെ ഫുട്ബാൾ മെച്ചപ്പെടുത്തുക എന്നതു മാത്രമാണ് ഫെഡറേഷന്‍റെ മുഖ്യപരിഗണന, തീർച്ചയായും ക്രിസ്റ്റ്യാനോയും മെസ്സിയും ഒരേ ലീഗിൽ കളിക്കുന്നത് കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, പക്ഷേ ഞങ്ങൾക്ക് ഇപ്പോൾ ഒന്നും അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മെസ്സിക്ക് സീസണിൽ 350 മില്യൺ യൂറോ വരെ നൽകാൻ അൽ ഹിലാൽ, അൽ ഇത്തിഹാദ് ക്ലബുകൾ തയാറാണെന്നാണ് പുറത്തുവന്നിരുന്നു റിപ്പോർട്ടുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.