‘പ്രായം വെല്ലുവിളിയാകും’; ഇനിയൊരു ലോകകപ്പിനുണ്ടാകില്ലെന്ന് ലയണൽ മെസ്സി
text_fieldsഇനിയൊരു ലോകകപ്പ് കളിക്കാനുണ്ടാകില്ലെന്ന സൂചന നൽകി അർജന്‍റൈൻ സൂപ്പർതാരം ലയണൽ മെസ്സി. 2026ലെ ലോകകപ്പിൽ അർജന്‍റീനക്കായി കളിക്കുന്നതിന് പ്രായം വെല്ലുവിളിയാകുമെന്ന് താരം പറയുന്നു. എന്നാൽ, ലയണൽ സ്കലോണി ടീമിന്‍റെ പരിശീലകനായി അന്നും ഉണ്ടാകണമെന്നാണ് താരത്തിന്‍റെ ആഗ്രഹം.
ഖത്തർ ലോകകപ്പിൽ 35കാരനായ മെസ്സിയുടെ നേതൃത്വത്തിലാണ് അർജന്‍റീന നീണ്ട കാത്തിരിപ്പിനൊടുവിൽ വീണ്ടും ലോകകിരീടത്തിൽ മുത്തമിട്ടത്. ഫൈനലിൽ മുൻ ചാമ്പ്യന്മാരായ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിലാണ് മെസ്സിയും സംഘവും പരാജയപ്പെടുത്തിയത്. ഖത്തർ ലോകകപ്പ് തന്‍റെ അവസാന ലോകകപ്പാകുമെന്ന് താരം നേരത്തെയും സൂചന നൽകിയിരുന്നു.
അർജന്‍റീനക്കായി ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന നേട്ടം മെസ്സി സ്വന്തമാക്കിയിരുന്നു. 2026ൽ മെക്സികോ, കാനഡ, അമേരിക്ക രാജ്യങ്ങളിലായാണ് അടുത്ത ലോകകപ്പ് നടക്കുന്നത്. അപ്പോൾ മെസ്സിക്ക് 39 വയസ്സാകും.
അർജന്‍റീനയിലെ ഒരു സ്പോർട്സ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇനിയൊരു ലോകകപ്പ് കളിക്കുന്നതിന് പ്രായം വെല്ലുവിളിയാകുമെന്ന കാര്യം താരം വ്യക്തമാക്കിയത്. ‘എനിക്ക് ഫുട്ബാൾ കളിക്കുന്നത് ഇഷ്ടമാണ്, ഞാൻ ചെയ്യുന്നതിനെ ഇഷ്ടപ്പെടുന്നു, ഞാൻ ഫിറ്റാണെന്ന് തോന്നുന്നതുവരെ, ആസ്വദിക്കാൻ കഴിയുന്നതുവരെ ഞാൻ അത് തുടരും. എന്നാൽ അടുത്ത ലോകകപ്പ് വരെ അതുണ്ടാകണമെന്നില്ല, അത് വളരെ നീണ്ടതാണ്. എന്‍റെ കരിയറും ഞാൻ എന്ത് ചെയ്യണമെന്നതും മറ്റു പല കാര്യങ്ങളെയും ആശ്രയിച്ചാണ്’ -താരം പറഞ്ഞു.
അതേസമയം, അമേരിക്ക വേദിയാകുന്ന അടുത്ത വർഷത്തെ കോപ്പ അമേരിക്ക ടൂർണമെന്‍റിൽ കളിക്കണമെന്നും കിരീടം നിലനിർത്തണമെന്നുമാണ് ആഗ്രഹമെന്നും താരം വെളിപ്പെടുത്തി. അർജന്‍റീന ദേശീയ ടീമിന് സ്കലോണിയുടെ സാന്നിധ്യം വളരെ അനിവാര്യമാണെന്നും താരം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.