മൈതാനവും മനവും കവർന്ന് ചൈനീസ് ആരാധകൻ; കരംനീട്ടി ചേർത്തുപിടിച്ച് മെസ്സി
text_fieldsബീജിങ്: വർക്കേഴ്സ് സ്റ്റേഡിയത്തിലെ പുൽത്തകിടിയിൽ ലോക ഫുട്ബാളിലെ രാജാക്കന്മാരായ അർജന്റീനയും ആസ്ട്രേലിയയും സൗഹൃദപ്പോരിൽ കൊമ്പുകോർക്കുന്നു. കളി മുറുകിയ വേളയിൽ രണ്ടാം പകുതിയിൽ ഒരു ത്രോ ഇന്നിന്റെ അർധവിരാമം. ഇതിനിടെ, കനത്ത സുരക്ഷാവലയം ആ കൗമാരക്കാരൻ പൊട്ടിച്ചുചാടിയത് തന്റെ ഇഷ്ടതാരത്തിന്റെ ഡ്രിബ്ലിങ്ങിനൊത്ത മെയ്‍വഴക്കത്താൽ. ലോകത്തെ ഏതൊരു ലയണൽ മെസ്സി ആരാധകന്റെയും സ്വപ്നങ്ങളിലുറങ്ങുന്ന അനിർവചനീയ മുഹൂർത്തങ്ങളുടെ ആനന്ദപ്പിറവിയായിരുന്നു പിന്നെ.
കളിയിലേക്ക് ലോകം കണ്ണുനട്ടിരിക്കുന്ന നിമിഷം, കോർണർഫ്ലാഗിനോടു ചേർന്ന കുമ്മായവരയും കടന്ന് അവൻ പുൽമേട്ടിലേക്ക് പാഞ്ഞടുത്തു. ആകാശനീലിമയിൽ പത്താം നമ്പർ കുപ്പായമിട്ട ഇതിഹാസതാരത്തിലേക്കായിരുന്നു പയ്യന്റെ നോട്ടമത്രയും. അയാളുടെ കുപ്പായം തന്നെയായിരുന്നു അപ്പോൾ അവനും. സുരക്ഷാകാർക്കശ്യങ്ങളുടെ അതിരുപൊട്ടിച്ചോടിയ അവനെ പിടിക്കാൻ കരിങ്കുപ്പായമിട്ട പൊലീസുകാർ പിന്നാലെ. തന്നിലേക്കാണ് ആരാധകൻ ഓടിയെത്തുന്നതെന്ന് തിരിച്ചറിഞ്ഞ ലയണൽ മെസ്സി അവനെ ആശ്ലേഷിക്കാൻ ആദ്യമേ കൈകൾ നീട്ടിയിരുന്നു. ഒരുമാത്ര തന്റെ ആരാധനാ പാത്രത്തെ വാരിപ്പുണർന്ന് ആ ആഹ്ലാദാതിരേകത്താൽ അവൻ പിന്നെയുമോടി...കൗമാരക്കാരന്റെ ചോരത്തിളപ്പിനുമുന്നിൽ തോറ്റുതൊപ്പിയിട്ട പൊലീസുകാർ പിന്നാലെയും.
അർജന്റീനയുടെ നിറവാർന്ന സ്വപ്നങ്ങളുടെ കാവൽമാലാഖയായി ലോകഫുട്ബാളിന്റെ നക്ഷത്രത്തിളക്കത്തിലേറിയ എമിലിയാനോ മാർട്ടിനെസായിരുന്നു അടുത്ത ഉന്നം. ലോകം ജയിക്കാനായി എല്ലാ പ്രതിബന്ധങ്ങളെയും തടുത്തുനിർത്തിയ ആ ഗ്ലൗസിട്ട കൈകളിൽ അവന്റെ കൈകളുരുമ്മി. ആമോദം ഇരട്ടിയാവാൻ അതു മതിയായിരുന്നു അവന്.
മെസ്സി എതിരാളികളെയെന്നപോലെ, പിടിക്കാനെത്തിയ പൊലീസുകാരെ അവൻ വെട്ടിയൊഴിഞ്ഞും കുതിച്ചുപാഞ്ഞും വട്ടംചുറ്റിച്ചു. ഗ്രൗണ്ടിന്റെ എല്ലാ ഭാഗത്തുനിന്നും കൂടുതൽ പൊലീസുകാർ അവനെ പിടികൂടാനിറങ്ങി. സ്റ്റേഡിയം നിറഞ്ഞ കാണികൾ ആർപ്പുവിളികളും കൈയടികളുമായി ആ നിമിഷങ്ങളെ ആഘോഷമാക്കി.
ഒടുവിൽ ആഗ്രഹ സാഫല്യത്തിനു പിന്നാലെ മൈതാനത്ത് ആസ്ട്രേലിയയുടെ പെനാൽറ്റി ബോക്സിൽ കിടന്ന് ആ ചൈനീസ് ആരാധകൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ‘പിടികൊടുത്തു’. അവർ കൈയും കാലും പിടിച്ച് തൂക്കിയെടുത്ത് കൊണ്ടുപോകുമ്പോൾ സന്തോഷം മറച്ചുവെക്കാതെ വെളുക്കെ ചിരിച്ചുകൊണ്ടിരുന്ന ദൃശ്യങ്ങളും അവന്റെ മൈതാനത്തെ ‘കൈയേറ്റ’ത്തിനൊപ്പംതന്നെ വൈറലായി. പൊലീസുകാർ തൂക്കിയെടുത്തു കൊണ്ടുപോയെങ്കിലും സുരക്ഷാകവചം ഭേദിച്ചതിന് ‘പെനാൽറ്റി’യൊന്നും ലഭിച്ചില്ല. മെസ്സിയെ അത്രയേറെ ആരാധിക്കുന്ന അവന് 18 വയസ്സ് തികഞ്ഞിട്ടില്ലായിരുന്നുവെന്നതുതന്നെ കാരണം.
താൻ ചെയ്തത് ശരിയായില്ലെന്ന് പിന്നീട് ‘മെസ്സി ഫാൻ ക്ലബി’ന് നൽകിയ അഭിമുഖത്തിൽ ആരാധകൻ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. അതോടൊപ്പം, സുരക്ഷാ പിഴവുകളെ വിമർശിക്കുകയും ചെയ്തു. ‘തീർച്ചയായും, ഞാൻ ഗ്രൗണ്ടിലെത്തിയ സംഭവം സുരക്ഷാ ജോലികളിൽ പിഴവു സംഭവിച്ചിട്ടുണ്ടെന്ന് സെക്യൂരിറ്റി അധികൃതരെ ഉണർത്തുന്നതാണ്. അതുകൊണ്ടാണ് എനിക്ക് അത്തരമൊരു അവസരമൊരുങ്ങിയത്. ഭാവിയിൽ ബീജിങ്ങിൽ ഒട്ടേറെ രാജ്യാന്തര മത്സരങ്ങൾ വരും. അപ്പോൾ സുരക്ഷാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു’ -ആരാധകൻ പറഞ്ഞു.
എന്റെ കായികക്ഷമത നന്നായിരുന്നുവെന്ന് ബോധ്യമായതോടെ മെസ്സിയെ ആലിംഗനം ചെയ്ത ശേഷം ഗോൾകീപ്പർ മാർട്ടിനസിന്റെ നേരെ ഓടുകയായിരുന്നു. മെസ്സിയെ ആശ്ലേഷിക്കാൻ എനിക്ക് കഴിഞ്ഞുവെന്ന വലിയ സന്തോഷമുണ്ട്. എന്നാൽ, അദ്ദേഹത്തിന്റെ ഓട്ടോഗ്രാഫ് വാങ്ങാൻ കഴിയാതിരുന്നതിൽ നിരാശയുമുണ്ട്. അടുത്ത തവണ ഞാൻ മിയാമിയിൽ പോകും. മെസ്സിയോട് ഓട്ടോഗ്രാഫ് വാങ്ങും. അത് ഇത്തവണത്തേതുപോലെ മൈതാനത്തേക്ക് കടന്നുകയറിയായിരിക്കില്ല. ബീജിങ്ങിൽ അങ്ങനെ ചെയ്തതിന് എല്ലാവരോടും മാപ്പു ചോദിക്കുന്നു.’ -ലിയോ മെസ്സി 10 ഫാൻ ക്ലബ് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ ആരാധകൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.