പി.എസ്.ജിയുടെ രക്ഷകനായി ഡി മരിയ; ഗോളിനായുള്ള മെസ്സിയുടെ കാത്തിരിപ്പ് നീളുന്നു
text_fieldsപാരീസ്: ഗോൾ അടിച്ചും അടിപ്പിച്ചും അർജൈന്റൻ താരം എയ്ഞ്ചൽ ഡിമരിയ തിളങ്ങിയ മത്സരത്തിൽ പാരീസ് സെന്‍റ് ജെർമെയ്ൻ ലീഗ് വൺ േജതാക്കളായ ലില്ലെയെ 2-1ന് തോൽപിച്ചു. ആദ്യ പകുതിയിൽ ഒരുഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു പി.എസ്.ജിയുടെ ഉഗ്രൻ തിരിച്ചുവരവ്.
കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ പരിക്കേറ്റ സൂപ്പർ താരം ലയണൽ മെസ്സി നന്നേ നിറം മങ്ങി. കളത്തിൽ കാര്യമായി ഒന്നും ചെയ്യാൻ സാധിക്കാതെ വന്നതോടെ 46ാം മിനിറ്റിൽ മെസ്സിയെ പിൻവലിച്ച് കോച്ച് പൊചട്ടീനോ മൗറോ ഇക്കാർഡിയെ കൊണ്ടുവരികയും ചെയ്തു.
ലീഗ് വണിൽ അക്കൗണ്ട് തുറക്കാനുള്ള മെസ്സിയുടെ കാത്തിരിപ്പ് നീളുകയാണ്. ഈ സീസണിൽ ലീഗിൽ ഏറ്റവും കൂടുതൽ ഷോട്ടുകൾ ഉതിർത്ത താരം മെസ്സിയാണെങ്കിലും ഒന്ന് പോലും ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചിട്ടില്ല. അഞ്ച് മത്സരങ്ങളിൽ നിന്ന് 15ഷോട്ടുകളാണ് മെസ്സിയുടെ ബൂട്ടിൽ നിന്ന് പിറന്നത്.
2005-2006 സീസണിന് ശേഷം ഇതാദ്യമായാണ് നവംബർ ആരംഭത്തിൽ മെസ്സിക്ക് ഒരു ലീഗ് ഗോൾ പോലും നേടാനാവാതെ പോകുന്നത്. കരിയറിലെ രണ്ടാമത്തെ സീസണിലായിരുന്നു ആദ്യം.
സൂപ്പർ താരം കിലിയൻ എംബാപ്പെ ഇല്ലാതെയാണ് പി.എസ്.ജി കളത്തിലിറങ്ങിയത്. ലില്ലെയുടെ മുന്നേറ്റത്തിലൂടെയാണ് കളി ഉണർന്നത്. മത്സരത്തിന്‍റെ തുടക്കത്തിൽ തന്നെ ബുറാക് യിൽമാസിന്‍റെ ഇടങ്കാലൻ ഷോട്ട് പി.എസ്.ജി ഗോൾ കീപ്പർ ഡോണരുമ തടുത്തിട്ടു. യിൽമാസിന്‍റെ തന്നെ പാസിൽ നിന്ന് 31ാം മിനിറ്റിൽ ജൊനാഥൻ ഡേവിഡ് വലകുലുക്കിയതോെട ലില്ലെ ലീഡെടുത്തു. ടോപ്സ്കോററായ ഡേവിഡിന്‍റെ സീസണിലെ എട്ടാം ഗോളാണിത്.
ആദ്യപകുതിയിൽ അവർ പി.എസ്.ജിയെ പിടിച്ചുകെട്ടി. രണ്ടാം പകുതി തുടങ്ങിയ ശേഷം പി.എസ്.ജി ഉണർന്ന് കളിക്കാൻ തുടങ്ങി എന്നാൽ ലക്ഷ്യം അകന്നുനിന്നു. 74ാം ഡിമരിയയുടെ ക്രോസ് വലയിലേക്ക് തട്ടിയിട്ട് നായകൻ മാർക്വീനോസ് പി.എസ്.ജിക്ക് സമനില സമ്മാനിച്ചു. സമനില ഗോൾ നേടിയതോടെ പി.എസ്.ജി കൂടുതൽ ആക്രമിച്ച് കളിക്കാൻ തുടങ്ങി.
കളി തീരാൻ രണ്ടു മിനിറ്റ് മാത്രം ബാക്കി നിൽക്കേ മികച്ചൊരു ടീം ഗോളിലൂടെയായിരുന്നു പി.എസ്.ജിയുടെ വിജയം. ഡി മരിയ നൽകിയ പാസ് നെയ്മർ അളന്നുമുറിച്ച് തിരികെ നൽകി. പാസ് സ്വീകരിച്ച ഡി മരിയ പന്ത് ഗോൾപോസ്റ്റിലേക്ക് തിരിച്ചുവിട്ടതോടെ ജയം ഉറപ്പായി.
12 കളികളിൽ നിന്ന് 31 പോയിന്‍റുമായി പി.എസ്.ജിയാണ് ലീഗിൽ ഒന്നാമത്. 11 കളികളിൽ നിന്ന് 21 പോയിന്‍റുള്ള ലെൻസാണ് രണ്ടാമത്. 15 പോയിന്‍റുമായി ലില്ലെ 11ാം സ്ഥാനത്താണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.