മെസ്സിക്കും അർജന്റീനക്കും ലോറസ് പുരസ്കാരങ്ങൾ
text_fieldsപാരിസ്: കായിക രംഗത്തെ ഓസ്കര്‍ എന്നറിയപ്പെടുന്ന ലോറസ് പുരസ്കാരത്തിൽ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട ഒരേയൊരു ഫുട്ബാളറാണ് ലയണൽ മെസ്സി. രണ്ടാം തവണയാണ് അർജന്റീന നായകൻ ഈ നേട്ടം സ്വന്തമാക്കുന്നത്. 2020ലും വേൾഡ് സ്‌പോർട്‌സ്മാൻ ഓഫ് ദി ഇയർ അവാർഡ് മെസ്സിക്കായിരുന്നു.
ഫോർമുല വൺ ഡ്രൈവർ ലൂയിസ് ഹാമിൽട്ടനൊപ്പം പങ്കിട്ടു. മികച്ച ടീമിനുള്ള പുരസ്കാരം ലോക ചാമ്പ്യന്മാരായ അർജന്റീനക്കും ലഭിച്ചതോടെ ലോറസ് വേൾഡ് ടീം ഓഫ് ദി ഇയർ അവാർഡും ലോറസ് വേൾഡ് സ്‌പോർട്‌സ്മാൻ ഓഫ് ദി ഇയറും ഒരേ വർഷം നേടുന്ന ആദ്യ കായിക താരമായും മെസ്സി ചരിത്രം കുറിച്ചു. മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ ഡെന്മാർക്ക് മിഡ്ഫീൽഡർ ക്രിസ്റ്റ്യൻ എറിക്സണിനാണ് തിരിച്ചുവരവ് പുരസ്കാരം. ഇതോടെ ഏഴിൽ മൂന്ന് അവാർഡുകളും ഫുട്ബാൾ രംഗത്തേക്കാണെന്ന പ്രത്യേകതയും ഇക്കുറിയുണ്ട്.
2000ത്തിലാണ് പുരസ്കാരം നൽകിത്തുടങ്ങിയത്. ആദ്യ രണ്ടു വർഷവും ഗോൾഫ് ഇതിഹാസം ടൈഗർ വുഡ്സായിരുന്നു മികച്ച പുരുഷ താരം. 2005 മുതൽ 2008 വരെ തുടർച്ചയായ നാലുവർഷം സ്‌പോർട്‌സ്മാൻ ഓഫ് ദി ഇയർ പുരസ്കാരം സ്വന്തമാക്കിയ ടെന്നിസ് ഇതിഹാസം റോജർ ഫെഡററെ 2018ൽ അഞ്ചാം തവണയും ലോറസ് തേടിയെത്തി. ആ വർഷം മികച്ച തിരിച്ചുവരവിനുള്ള പുരസ്കാരവും ഫെഡറർ സ്വന്തമാക്കിയതോടെ നേട്ടം ആറായി. നാലുതവണ വീതം നേടിയ ടെന്നിസ് സൂപ്പർ താരം നൊവാക് ദ്യോകോവിച്ചും ജമൈക്കൻ ഇതിഹാസ സ്പ്രിന്റർ ഉസൈൻ ബോൾട്ടുമാണ് തൊട്ടുപിന്നിൽ. 2012, 2015, 2016, 2019 വർഷങ്ങളിലായിരുന്നു ദ്യോകോവിച്ചിന്റെ നേട്ടമെങ്കിൽ 2009, 2010, 2013, 2017 വർഷങ്ങളിലായിരുന്നു ഉസൈൻ ബോൾട്ടിനെ തേടി പുരസ്കാരമെത്തിയത്. വനിതകളിൽ സെറീന വില്യംസാണ് മുന്നിൽ. സെറീന നാലു തവണ മികച്ച താരമായി. ഒരു പ്രാവശ്യം തിരിച്ചുവരവ് പുരസ്കാരവും ലഭിച്ചു.
ഇത്തവണ മികച്ച വനിത താരമായി ജമൈക്കൻ സ്പ്രിന്റർ ഷെല്ലി ആൻ ഫ്രേസറും തിരഞ്ഞെടുക്കപ്പെട്ടു. മത്സരത്തിനിടെ ഹൃദയാഘാതമുണ്ടായി ഗുരുതരാവസ്ഥയിൽ കഴിഞ്ഞിട്ടും ജീവിതത്തിലേക്കും കളിക്കളത്തിലേക്കും മടങ്ങിയെത്തിയതാണ് ക്രിസ്റ്റ്യൻ എറിക്സണിനെ തിരിച്ചുവരവ് പുരസ്കാരത്തിന് അർഹനാക്കിയത്. സ്പാനിഷ് യുവ ടെന്നിസ് താരം കാർലോസ് അൽകാരസ് (ബ്രേക് ത്രൂ), സ്വിറ്റ്സർലൻഡിന്റെ പാരാ അത്‍ലറ്റിക് ലോക ചാമ്പ്യൻ കാതറിൻ ഡബ്റണ്ണർ (ഡിസബിലിറ്റി), അമേരിക്കൻ ഫ്രീസ്റ്റൈൽ സ്കീയർ എയ് ലീൻ ഗു (ആക്ഷൻ) എന്നിവരാണ് 2023ലെ മറ്റു പുരസ്കാര ജേതാക്കൾ.
കിലിയൻ എംബാപ്പെ (ഫുട്ബാൾ), റാഫേൽ നദാൽ (ടെന്നിസ്), മാക്സ് വെർസ്റ്റപ്പൻ (ഫോർമുല വൺ), സ്റ്റീഫൻ കറി (ബാസ്കറ്റ്ബാൾ), മോണ്ടോ ഡുപ്ലാന്റിസ് (അത്‍ലറ്റിക്സ്) എന്നിവരാണ് മെസ്സിയെ കൂടാതെ സ്പോർട്സ്മാൻ ഓഫ് ദി ഇയർ അവാർഡിന്റെ അവസാന റൗണ്ടിലുണ്ടായിരുന്നത്. ഫിഫ ദ ബെസ്റ്റ് പുരസ്കാരവും ഇപ്രാവശ്യം മെസ്സിക്കായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.