ഒന്നുതൊടാൻ കാണികൾ മൈതാനത്തിറങ്ങിയത് മൂന്നുതവണ; മെസ്സിക്ക് 'അപൂർവ ഹാട്രിക്'...VIDEO
text_fieldsന്യൂയോർക്ക്: എക്കാലത്തേയും മികച്ച ഫുട്ബാളറാണ് ലയണൽ മെസ്സി എന്ന് കരുതുന്നവരേറെ. അതുകൊണ്ടുതന്നെ അദ്ദേഹത്തോടൊപ്പം ഓർമകളുടെ ചെപ്പിൽ സൂക്ഷിക്കാൻ എന്തെങ്കിലുമൊന്ന് നേടിയെടുക്കാൻ കൊതിക്കുന്നവരും ഒരുപാട്. അതിനായി കൈവിട്ട കളി കളിക്കാനും കളിക്കമ്പക്കാർ ഒരുക്കം. മൈതാനത്തിറങ്ങി മെസ്സിയെ തൊടാനും പിടിക്കാനും പറ്റിയാൽ ഒരു ഓട്ടോഗ്രാഫ് തരപ്പെടുത്താനും ശ്രമിക്കുന്നവർ സുരക്ഷാ ഉദ്യോഗസ്ഥരെയും മറികടന്ന് മൈതാനങ്ങളിലെത്തുന്നതും പതിവു കാഴ്ചയായി മാറിക്കഴിഞ്ഞു.
എന്നാൽ, ഇന്ന് ജമൈക്കക്കെതിരെ ന്യൂജഴ്സിയിലെ റെഡ് ബുൾ അറീനയിൽ സൗഹൃദ മത്സരത്തിൽ കളിക്കവേ അർജന്റീനാ നായകനെ ലക്ഷ്യമിട്ട് കളിക്കളത്തിലെത്തിയത് ഒന്നും രണ്ടുമല്ല, മൂന്ന് ആരാധകരാണ്. മൂന്നു തവണയും കളി മുടങ്ങുകയും ചെയ്തു. ഇതിൽ ഷർട്ട് ധരിക്കാതെയെത്തിയ ഒരു ആരാധകൻ തന്റെ പുറം ഭാഗത്ത് മെസ്സിയിൽനിന്ന് പേന കൊണ്ടൊരു പാതി 'ഓട്ടോഗ്രാഫും' സ്വന്തമാക്കി.
മൂന്നു പേരെയും സുരക്ഷ ഉദ്യോഗസ്ഥർ തൂക്കിയെടുത്ത് കൊണ്ടുപോവുകയായിരുന്നു. പിച്ച് കൈയേറിയ ആരാധകരുടെ കാര്യത്തിൽ മെസ്സിക്ക് 'അപൂർവ ഹാട്രിക്' എന്ന് സമൂഹ മാധ്യമങ്ങളിൽ ഈ വാർത്തക്കൊപ്പം കമന്റുകളും നിറയുന്നു. ഈ 'നേട്ടം' സ്വന്തമാക്കുന്ന ആദ്യ കളിക്കാരനാണ് മെസ്സിയെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു.
മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് ആരാധകർ ഗ്രൗണ്ടിലിറങ്ങിയത്. ന്യൂജഴ്സിയിലെ ഹാരിസണിലുള്ള ഒരു ആരാധകനാണ് ആദ്യം മൈതാനത്തെത്തിയത്. കളത്തിലേക്ക് ചാടിയിറങ്ങി, സുരക്ഷാ ഉദ്യോഗസ്ഥരെയും മറികടന്ന് ഒരു കൈയിൽ സെൽഫോണും പിടിച്ച് മെസ്സിക്കരികിലേക്ക് ഓടിയെത്തിയ ഇയാളെ താരത്തിനടുത്തെത്തുന്നതിന് തൊട്ടുമുമ്പ് അഞ്ച് സുരക്ഷ ഉദ്യോഗസ്ഥർ ചേർന്ന് കീഴ്പെടുത്തി.
അടുത്തയാൾ സെക്യൂരിറ്റി ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മെസ്സിക്ക് അരികിലേക്ക് ഓടിയെത്തിയശേഷം പൊടുന്നനെ പേന അദ്ദേഹത്തിന് കൈമാറി തന്റെ ശരീരത്തിൽ ഒപ്പുചാർത്താൻ ആവശ്യപ്പെടുകയായിരുന്നു. മെസ്സി അപ്രകാരം ചെയ്യാൻ തുടങ്ങവേ, സുരക്ഷ ഉദ്യോഗസ്ഥർ ഓടിയെത്തി അയാളെയും തൂക്കിയെടുത്ത് കൊണ്ടുപോയി. ഇയാളെ പിടികൂടുന്നതിനിടയിൽ സെക്യൂരിറ്റി ഉദ്യോഗസ്ഥർ മെസ്സിയുമായി കൂട്ടിയിടിക്കുകയും ചെയ്തു. കളത്തിലിറങ്ങിയ മറ്റൊരാളെ താരത്തിന്റെ അടുത്തെത്തുംമുമ്പേ സുരക്ഷ ജീവനക്കാർ പിടികൂടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.