പി.എസ്.ജി വിടുന്ന മെസ്സിയെ ബാഴ്സക്ക് വേണം; പക്ഷേ, മുന്നിൽ കടമ്പകളേറെ
text_fieldsപി.എസ്.ജിയിൽ കരാർ പൂർത്തിയാക്കുന്ന ലയണൽ മെസ്സി ഇത്തവണ ലാ ലിഗയിൽ തിരിച്ചെത്തുമെന്ന തരത്തിലാണ് വാർത്തകൾ. പഴയ കറ്റാലൻ നിരക്കൊപ്പം വീണ്ടും ബൂട്ടണിയാൻ മെസ്സി താൽപര്യം പരസ്യമാക്കുകയും ചെയ്തു. 778 കളികളിലായി 672 ഗോൾ നേടി സമാനതകളില്ലാത്ത ചരിത്രം കുറിച്ച താരത്തെ മാറ്റിനിർത്താൻ ഇനിയും നൗ കാമ്പിനാകില്ലെന്നതും ശരി. എന്നാൽ, ഒത്തിരി തടസ്സങ്ങൾ ടീമിനു മുന്നിലുണ്ട്. സാമ്പത്തികം തന്നെ പ്രശ്നം. 60 കോടി യൂറോ (5,457 കോടി രൂപ)യാണ് ക്ലബിന്റെ നിലവിലെ ശമ്പള ബിൽ. അത് ചുരുങ്ങിയത് മൂന്നിലൊന്ന് കുറക്കണം. അല്ലാത്ത പക്ഷം, മെസ്സിയെ എടുക്കുന്നത് പോകട്ടെ, ഗാവി, അറോയോ, മാർകോ അലൻസോ, സെർജി റോബർട്ടോ എന്നിവരുടെ കരാർ പുതുക്കുന്നത് പോലും മുടങ്ങും. പുതിയ താരങ്ങളെ എടുക്കാനുമാകില്ല. ഇതുമായി ബന്ധപ്പെട്ട ലാ ലിഗക്കു മുന്നിൽ സാധ്യത പട്ടിക അടിയന്തരമായി സമർപിക്കേണ്ടതുണ്ട്. നിലവിലുള്ളവരുടെ വേതനം വെട്ടിക്കുറക്കലുൾപ്പെടെ കടുത്ത നടപടികൾക്ക് പിന്നെയും ക്ലബ് നിർബന്ധിതമാകുമെന്നും ഉറപ്പ്. വിൽക്കുന്ന താരങ്ങൾ, ഫ്രീ ട്രാൻസ്ഫറിൽ എത്തുന്നവർ എന്നിവരുടെ ഏകദേശ ചിത്രവും ലാ ലിഗക്ക് നൽകണം. ഇതെല്ലാം പൂർത്തിയായ ശേഷമേ മെസ്സിയടക്കം ആരെല്ലാം വരുമെന്നതിൽ കൃത്യത വരൂ.
അതിനിടെയാണ് നൗ കാമ്പ് മൈതാനത്തിന്റെ നവീകരണം നടക്കുന്നത്. പഴയ ഒളിമ്പിക് മൈതാനമായ മോണ്ട്ജ്യൂയികിലാകും 2024 നവംബർ വരെ ടീം പന്തു തട്ടുക. അതുവഴി വലിയ സംഖ്യ ടിക്കറ്റ് വിൽപനയിനത്തിൽ ക്ലബിന് നഷ്ടമാകും. സ്റ്റേഡിയം നിർമാണത്തിന് 140 കോടി യൂറോയാണ് ക്ലബ് ഇതുവരെ സമാഹരിച്ചിരിക്കുന്നത്. നേരത്തെയുള്ള ബാധ്യതകൾക്ക് പുറമെയുള്ള സംഖ്യയാണിത്.
നിലവിൽ ഗോൾഡ്മാൻ സച്സ് എന്ന ബാങ്കിങ് കമ്പനിക്ക് ബാഴ്സയുടെ തീരുമാനങ്ങളിൽ വലിയ അളവിൽ സ്വാധീനമുണ്ട്. ക്ലബിന് ആവശ്യമായ സാമ്പത്തിക സഹായം നൽകിയ വകയിലാണിത്. എന്നാൽ, മെസ്സി എത്തുന്നത് കാര്യങ്ങൾ എളുപ്പമാക്കുമെന്നും ബാധ്യതകൾ വീട്ടൽ എളുപ്പത്തിലാക്കുമെന്നും മാനേജ്മെന്റ് കണക്കുകൂട്ടുന്നു.
മെസ്സിയെ പുറത്താക്കിയതിന് മാപ്പു പറയണം?
രണ്ടു വർഷം മുമ്പ് സൂപർ താരത്തെ നിർദയം വേണ്ടെന്നുപറഞ്ഞ് മാറ്റിനിർത്തിയതാണ് ബാഴ്സ. തിരിച്ചുവരുമ്പോൾ സ്വാഭാവികമായും പഴയതിന് മാപ്പു പറയേണ്ടിവരും. അന്ന്, എല്ലാ ഗൂഢാലോചനകൾക്കും മുന്നിൽനിന്നത് അന്നത്തെ പ്രസിഡന്റ് ലപോർട്ടയാണ്. ഇപ്പോഴും ഇരുവരും പരസ്പരം മിണ്ടാറില്ല. ഇദ്ദേഹത്തിന്റെ മാപ്പുപറച്ചിൽ എങ്ങനെയും സംഘടിപ്പിക്കാൻ ക്ലബ് ശ്രമിക്കുന്നുണ്ട്.
ക്ലബിലെത്തുമ്പോൾ ചുരുങ്ങിയത് രണ്ടു വർഷത്തെ കരാറെങ്കിലും വേണമെന്നതാണ് മറ്റൊരു പ്രശ്നം. അങ്ങനെയാകുമ്പോഴേ ക്ലബിന്റെ 125ാം വാർഷികത്തിൽ മെസ്സിക്കും പങ്കെടുക്കാനാകൂ. ഒരു സീസണിൽ 2.5 കോടി യൂറോ (ഏകദേശം 225 കോടി രൂപ) പ്രതിഫലത്തിനാകും ഇത്തവണ ക്ലബ് കരാറിലെത്തുകയെന്നാണ് സൂചന. മുമ്പുണ്ടായതിന്റെ നാലിലൊന്നാണീ തുക. അത്രയും ആയാലേ ലാ ലിഗ ചട്ടങ്ങൾ പാലിച്ചവരാകാൻ ടീമിനാകൂ. അതിനും മെസ്സി സമ്മതം മൂളുമെന്നാണ് റിപ്പോർട്ടുകൾ.
പ്രശ്നങ്ങൾ എന്തൊക്കെയുണ്ടെങ്കിലും മെസ്സി അടുത്ത സീസണിൽ ലാ ലിഗയിലുണ്ടാകുമെന്നു തന്നെയാണ് ഏറ്റവുമൊടുവിലെ റിപ്പോർട്ടുകൾ. സൗദി ലീഗിൽ ഇതിന്റെ അനേക ഇരട്ടി നൽകിയുള്ള ഓഫർ താരത്തെ കാത്തിരിക്കുന്നുണ്ടെങ്കിലും ബാഴ്സയിൽ തന്നെ തിരിച്ചെത്തുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. താരത്തിന്റെ വസ്തുവകകൾ നിറച്ച 15 സ്യൂട്ട്കേസുകൾ അടുത്തിടെ സ്പെയിനിലെത്തിച്ചത് ഇതിന്റെ ഭാഗമാണെന്നും മക്കളെ ബാഴ്സയിലെ സ്കൂളിൽ ചേർത്തതായും റിപ്പോർട്ടുകൾ വന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.