ലക്ഷ്യം 2026 ലോകകപ്പ്; ഡി മരിയയെ മെസ്സിയും സംഘവും ടീമിലേക്ക് തിരിച്ചെത്തിക്കുമോ?
text_fieldsകഴിഞ്ഞ വർഷം നടന്ന കോപ അമേരിക്ക ടൂർണമെന്റിന് പിന്നാലെയാണ് അർജന്റീനയുടെ വിശ്വസ്ത താരം ഏയ്ഞ്ജൽ ഡി മരിയ വിരമിച്ചത്. രാജ്യത്തിനായി 145 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ താരം 31 ഗോളുകൾ നേടുകയും 32 ഗോളുകൾക്ക് അവസരമൊരുക്കുകയും ചെയ്തിട്ടുണ്ട്. 36കാരനായ താരം റയൽ മഡ്രിഡും മാഞ്ചസ്റ്റർ യുനൈറ്റഡും ഉൾപ്പെടെയുള്ള യൂറോപ്യൻ ക്ലബുകൾക്കായും മൈതാനത്ത് ഇറങ്ങിയിട്ടുണ്ട്. 36കാരനായ താരത്തിന്റെ അനുഭവ സമ്പത്ത് അടുത്ത വർഷത്തെ ഫിഫ ലോകകപ്പിൽ ഉപയോഗപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ തിരിച്ചുവിളിക്കാനൊരുങ്ങുകയാണ് മെസ്സിയും സംഘവുമെന്ന് പുറത്തുവരുന്ന റിപ്പോർട്ടുകളിൽ പറയുന്നു.
ദേശീയ ടീമിൽനിന്ന് ഡി മരിയ വിരമിച്ചത് സന്തോഷത്തോടെയാണ്. എന്നാൽ 2022ൽ ഖത്തറിൽ നടന്ന ലോകകപ്പിൽ ജേതാക്കളായ അർജന്റീന, അടുത്ത തവണയും കിരീടം നിലനിർത്തുകയെന്ന ലക്ഷ്യത്തോടെയാണ് താരത്തെ തിരിച്ചെത്തിക്കാൻ ശ്രമിക്കുന്നത്. വിങ്ങുകളിൽ ആക്രമണം നടത്താനുള്ള ഡി മരിയയുടെ മികവ് അവസാന മത്സരങ്ങളിലും വ്യക്തമായിരുന്നുവെന്ന് ക്യാപ്റ്റൻ മെസ്സി പറയുന്നു. 2024-25 സീസണിൽ പോർച്ചുഗീസ് ക്ലബായ ബെൻഫിക്കക്കു വേണ്ടി 25 മത്സരങ്ങളിലാണ് ഡി മരിയ കളിച്ചത്. ഇതിൽ 13 ഗോളുകൾ സ്കോർ ചെയ്ത താരം ആറ് അസിസ്റ്റും സ്വന്തം പേരിലാക്കി. ബെൻഫിക്കയുമായുള്ള കരാർ അവസാനിരിക്കെ, മരിയയുടെ ഭാവി പരിപാടി എന്താണെന്നത് നിലവിൽ വ്യക്തമല്ല.
സഹതാരങ്ങൾ ഡി മരിയ തിരിച്ചുവരാൻ ആഗ്രഹിക്കുമ്പോൾ, അർജന്റീന ടീം മാനേജർ ലയണൽ സ്കലോണി ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിക്കാൻ തയാറായിട്ടില്ല. എന്നാൽ വാർത്ത അർജന്റീന ആരാധകർക്ക് ആവേശം പകർന്നിരിക്കുകയാണ്. വിങ്ങുകളിലൂടെ അറ്റാക്കിങ് ഫുട്ബാളുമായി, മൈതാനം കീഴടക്കുന്ന ‘മാലാഖ’യെ വീണ്ടും മെസ്സിപ്പടക്കൊപ്പം കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
മെസ്സി ടീമിനൊപ്പം കിരീടം ഉയർത്തിയ വേളകളിലെല്ലാം ഒപ്പമുണ്ടായിരുന്ന താരമാണ് ഡി മരിയ. 2008 മുതൽ അർജന്റീന ടീമിലെ വിശ്വസ്തനാണ് മരിയ. 2022ലെ ലോകകപ്പിനു പുറമെ, ഇക്കഴിഞ്ഞ സീസണിലും 2021-22ലും കോപ അമേരിക്ക നേടുമ്പോഴും ഇരുവരും ഒരുമിച്ച് ടീമിലുണ്ടായിരുന്നു. കാൽക്കുഴക്ക് പരിക്കേറ്റ മെസ്സിക്ക് ഡി മരിയയുടെ യാത്രയയപ്പിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിൽ ക്ഷമ ചോദിച്ച് താരം സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.