വീണ്ടും മെസ്സി മാജിക്; കോപ ഡെൽ റേയിൽ രാജാക്കൻമാരായി ബാഴ്സ
text_fieldsെസവിയ്യ: റൊണാൾഡ് കൂമാൻ യുഗത്തിലെ ആദ്യ കിരീട വിജയവുമായി ബാഴ്സലോണ. കോപ ഡെൽറേ കലാശപ്പോരാട്ടത്തിൽ അത്ലറ്റിക് ബിൽബാവോയെ 4-0ത്തിന് തകർത്താണ് ലയണൽ മെസ്സിയും സംഘവും ജേതാക്കളായത്.
ബാഴ്സയുടെ 31ാം കോപ ഡെൽ റേ കിരീടമാണിത്. 2018-19 സീസണിന് ശേഷം ആദ്യമായാണ് ബാഴ്സ കിങ്സ് കപ്പിൽ മുത്തമിടുന്നത്. അവസാന ഏഴു സീസണിനിടെ ബാഴ്സ് നേടുന്ന അഞ്ചാമത്തെ കോപ ഡെൽ റേ കിരീടമാണിത്.
രണ്ട് അത്യുഗ്രൻ ഗോളുകളുമായി മെസ്സിയും (68, 72) ഒരോ തവണ ലക്ഷ്യം കണ്ട അേന്റായിൻ ഗ്രീസ്മാനും (60) ഫ്രാങ്കി ഡി ജോങ്ങുമാണ് (63) സ്കോറർമാർ. രണ്ടാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് കിങ്സ് കപ്പ് ഫൈനലിൽ ബിൽബാവോയുടെ കണ്ണീർ വീണത്.
ആദ്യ പകുതിയിൽ ബാഴ്സക്ക് നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും 0-0 ആയിരുന്നു സ്കോർ. ആദ്യപകുതിയിൽ ബാഴ്സയുടെ മികച്ച മുന്നേറ്റങ്ങൾ ചെറുത്ത ബിൽബാവോ പന്ത് വലയിലാകാതെ പിടിച്ചുനിന്നു. എന്നാൽ രണ്ടാം പകുതിയിൽ കളിമാറി.
63ാം മിനിറ്റിൽ ഡി ജോങ്ങിന്‍റെ അസിസ്റ്റിലൂടെ അേൻറായിൻ ഗ്രീസ്മാനാണ് ബാഴ്സക്ക് ലീഡ് നേടിക്കൊടുത്തത്. മൂന്ന് മിനിറ്റിനുള്ളിൽ ഡി ജോങ്ങിലൂടെ രണ്ടാം ഗോളും കാറ്റലൻമാർ എതിർ ടീം പോസ്റ്റിലിട്ടു. ജോർഡി ആൽബയാണ് ഗോളിന് വഴിയൊരുക്കിയത്. ശേഷം 68, 72 മിനിറ്റുകളിലായിരുന്നു മെസിയുടെ ഇരട്ട പ്രഹരം. ഡി ജോങ്ങും ആൽബയുമാണ് മെസ്സിയുടെ ഗോളുകൾക്ക് പാസ് നൽകിയത്. 14 മിനിറ്റിനിടെയാണ് ബാഴ്സ് നാല് ഗോളുകൾ അടിച്ചത്.
കോപ ഡെൽ റേ ഫൈനലിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന റെക്കോഡും മത്സരത്തിലൂടെ മെസ്സി സ്വന്തമാക്കി. 10 കോപ ഡെൽ റേ ഫൈനലുകളിലാണ് മെസ്സി വലകുലുക്കിയത്. സീസണിലെ മെസ്സിയുടെ ഗോൾസമ്പാദ്യം 30 കടന്നു. തുടർച്ചയായി 13 സീസണുകളിൽ 30ലധികം ഗോളുകൾ നേടുന്ന താരമായി മെസ്സി മാറി.
രണ്ടാഴ്ചയുടെ ഇടവേളയിൽ ഒരേ കിരീടത്തിൽ രണ്ടുവട്ടം മുത്തമിടാനുള്ള അപൂർവ ഭാഗ്യമായിരുന്നു അത്ലറ്റിക് ബിൽബാവോക്ക് കൈവന്നിരുന്നത്. കഴിഞ്ഞ ആഴ്ച നടന്ന കഴിഞ്ഞ ഫൈനലിൽ ഏകപക്ഷീയമായ ഒരുഗോളിന് റയൽ സൊസീഡാഡാണ് ബിൽബാവോയെ തോൽപിച്ചത്. 1987ന് ശേഷം സൊസീഡാഡ് നേടുന്ന ആദ്യ മേജർ ട്രോഫിയായിരുന്നു അത്.
കോവിഡ് കാരണം അടച്ചിട്ട സ്റ്റേഡിയത്തിൽ മത്സരം നടത്താൻ ഇരുടീമുകളും വിസമ്മതിച്ചതോടെ കഴിഞ്ഞ സീസൺ ഫൈനൽ നീട്ടിവെക്കുകയായിരുന്നു. എന്നാൽ സാഹചര്യം അനുകൂലമാകാതെ വന്നതോടെ ഇക്കുറിയും കാണികളുടെ അഭാവത്തിലാണ് ഫൈനൽ അരങ്ങേറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.