മെസ്സിയെ പതിറ്റാണ്ടിന്‍റെ താരമായി തെരഞ്ഞെടുത്തു, പ്രതിഷേധവുമായി റൊണാൾഡോ ആരാധകർ
text_fieldsബേൺ: ബാഴ്സലോണയുടെ അർജൻറീനിയൻ സൂപ്പർ താരം ലയണൽ മെസ്സിയെ പതിറ്റാണ്ടിന്‍റെ ഫുട്ബാൾ താരമായി തെരഞ്ഞെടുത്തു. യുവന്‍റസിന്‍റെ പോർച്ചുഗീസ് സ്ട്രൈക്കർ ക്രിസ്റ്റ്യോനോ റൊണാൾഡോയെ പിന്തള്ളിയാണ് മെസ്സി ജേതാവായത്. ജർമനിയിലെ ബേൺ ആസ്ഥാനമായുള്ള ഇന്‍റർനാഷണൽ ഫെഡറേഷൻ ഓഫ് ഫുട്ബാൾ ഹിസ്റ്ററി ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ആണ് 2011-2020 കാലയളവിലെ മികച്ച താരങ്ങളുടെ പട്ടിക പുറത്തുവിട്ടത്. 150 രാജ്യങ്ങളിലുള്ള തങ്ങളുടെ അംഗങ്ങളുടെ വോട്ട് അടിസ്ഥാനത്തിലാണ് ആദ്യ പത്ത് സ്ഥാനക്കാരെ തെരഞ്ഞെടുത്തത്.
ആറ് ലാലിഗ കിരീടങ്ങളും അഞ്ച് കോപ്പ ഡെൽ റേ കിരീടങ്ങളും രണ്ട് ചാംപ്യൻസ് ലീഗ് കിരീടങ്ങളും നാല് ബാലൻഡി ഓർ പുരസ്കാരങ്ങളും ഈ കാലയളവിൽ മെസ്സി സ്വന്തമാക്കിയിട്ടുണ്ട്. 2014 ഫിഫ ലോകകപ്പിലെ മികച്ച താരത്തിനുള്ള പുരസ്കാരവും മെസ്സിയുടെ പേരിലുണ്ട്.
മെസ്സി ഒന്നാമതായ ലിസ്റ്റിൽ റൊണാൾഡോ രണ്ടാമതാണ്. സ്പാനിഷ് താരം ആന്ദ്ര ഇനിയെസ്റ്റ മൂന്നാമതും ബ്രസീൽ സൂപ്പർ താരം നെയ്മർ നാലാമതുമുണ്ട്. അതേ സമയം ആദ്യ പത്തുപേരിൽ ഉറുഗ്വയുടെ അത്ലറ്റികോ മാഡ്രിഡ് താരം ലൂയിസ് സുവാരസ് ഉൾപ്പെടാത്തതിൽ പ്രതിഷേധവുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ലിവർപൂൾ, ബാഴ്സലോണ ടീമുകൾക്കായും ഉറുഗ്വായ്ക്കായും സുവാരസ് പോയ ദശാബ്ദം മിന്നിത്തിളങ്ങിയിരുന്നു. റൊണാൾഡോയെ രണ്ടാമതാക്കിയതിൽ പ്രതിഷേധിച്ച് ആരാധകരും അവാർഡിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധമുയർത്തുന്നുണ്ട്. ആന്ദ്ര ഇനിയേസ്റ്റ അവസാന വർഷങ്ങളിൽ നിറംമങ്ങിയിരുന്നിട്ടും മൂന്നാംസ്ഥാനത്തെത്തിയത് അത്ഭുതപ്പെടുത്തുന്നതാണെന്നും നിരവധി പേർ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.