ഫുട്ബാളിലെ മഹാൻ, ഫ്രാൻസിൽ അർഹിച്ച ബഹുമാനം ലഭിച്ചില്ല; മെസ്സിയെ പിന്തുണച്ച് ഫ്രഞ്ച് സൂപ്പർതാരം
text_fieldsപി.എസ്.ജിയുമായി കരാർ പുതുക്കാനില്ലെന്നു വെളിപ്പെടുത്തിയതിനു പിന്നാലെ ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിയെ പുകഴ്ത്തി ഫ്രഞ്ച് സൂപ്പർതാരം കിലിയൻ എംബാപ്പെ. ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് മെസ്സിയെന്നും ഫ്രാൻസിൽ പി.എസ്.ജിക്കായി കളിക്കുമ്പോൾ അർജന്‍റൈൻ ഇതിഹാസത്തിന് അർഹമായ ബഹുമാനം ലഭിച്ചില്ലെന്നും എംബാപ്പെ പറഞ്ഞു.
അടുത്ത ജൂണിൽ പി.എസ്.ജിയുമായുള്ള കരാർ അവസാനിക്കാനിരിക്കെ, അതു പുതുക്കാൻ താരം ഉദ്ദേശിക്കുന്നില്ലെന്ന് ക്ലബിനെ എംബാപ്പെ അറിയിച്ചതായി ഫ്രഞ്ച് മാധ്യമങ്ങൾ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം സൂചിപ്പിച്ച് താരം പി.എസ്.ജിക്കു കത്തും നൽകിയിട്ടുണ്ട്. മെസ്സിക്കു പിന്നാലെ മറ്റൊരു സൂപ്പർതാരം കൂടി ക്ലബ് വിടുന്നത് പി.എസ്.ജിക്ക് കനത്ത തിരിച്ചടിയാകും. ബ്രസീൽ താരം നെയ്മറും ക്ലബ് വിടുമെന്ന് അറിയിച്ചിരുന്നു.
‘മെസ്സിയെ പോലൊരു സൂപ്പർതാരം ക്ലബ് വിടുന്നത് നല്ല വാർത്തയല്ല. അദ്ദേഹം ക്ലബ് വിടുമ്പോൾ ആരാധകർ എന്തിനാണ് സന്തോഷിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഫ്രാൻസിൽ അർജന്‍റൈൻ താരത്തിന് അർഹിച്ച ബഹുമാനം ലഭിച്ചില്ല’ -എംബാപ്പെ ഒരു ഇറ്റാലിയൻ പത്രത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
പി.എസ്.ജിയുമായുള്ള കരാർ കാലാവധി അവസാനിക്കുന്ന മെസ്സി യു.എസ് ക്ലബ് ഇന്റർ മിയാമിയിലേക്കാണ് പോകുന്നത്. എന്നാൽ, സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിലേക്കു മാറാൻ എംബാപ്പെ കഴിഞ്ഞ സീസണിൽ തന്നെ താൽപര്യം പ്രകടിപ്പിച്ചിരുന്നു. അടുത്ത വർഷമാണ് പി.എസ്.ജിയുമായുള്ള താരത്തിന്‍റെ കരാർ അവസാനിക്കുന്നത്. അതിനു മുമ്പായി ഈ സീസണിൽ തന്നെ എംബാപ്പെയെ മറ്റേതെങ്കിലും ക്ലബുകൾക്കു വിൽക്കാൻ പി.എസ്.ജി നീക്കം തുടങ്ങിയതായും റിപ്പോർട്ടുകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.