മെസ്സിയോ ഹാലൻഡോ? 2023ലെ ബാലൻ ഡി ഓർ ജേതാവിനെ പ്രവചിച്ച് റൊണാൾഡോ!
text_fieldsലോക ഫുട്ബാളിൽ ഏതൊരു താരവും കൊതിക്കുന്ന പുരസ്കാരങ്ങളിലൊന്നാണ് ബാലൻ ഡി ഓർ. ലോക ഫുട്ബാളിലെ മികച്ച താരത്തിനുള്ള 67ാംമത് ബാലൻ ഡി ഓർ പുരസ്കാര സമർപ്പണ ചടങ്ങ് ഒക്ടോബർ 30നാണ് നടക്കുന്നത്. സെപ്റ്റംബർ ആറിന് പുരസ്കാരത്തിനുള്ള താരങ്ങളുടെ സാധ്യത പട്ടിക പ്രഖ്യാപിക്കും.
ഫ്രഞ്ച് സൂപ്പർതാരം കരീം ബെൻസേമയാണ് കഴിഞ്ഞ വർഷത്തെ ജേതാവ്. 2022-23 സീസണിലെ പുരസ്കാരത്തിനുള്ള മത്സരത്തിൽ അർജന്‍റൈൻ ഇതിഹാസം ലയണൽ മെസ്സിയും നോർവീജിയൻ താരം ഹെർലിങ് ഹാലൻഡുമാണ് മുന്നിലുള്ളത്. സൗദി ലീഗിലേക്ക് പോയതോടെ പോർചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇത്തവണ ചിത്രത്തിലില്ല. ലോകകപ്പിനു പിന്നാലെ അൽ-നസ്ർ ക്ലബിൽ ചേർന്ന ക്രിസ്റ്റ്യാനോക്ക് പ്രഥമ സീസണിൽ കിരീടങ്ങളൊന്നും നേടാനായില്ല.
ലീഗിൽ രണ്ടാമതായാണ് അൽ-നസ്ർ ഫിനിഷ് ചെയ്തത്. 2023ലെ ബാലൻ ഡി ഓർ പുരസ്കാരം മെസ്സിക്ക് അർഹതപ്പെട്ടതാണെന്ന് രണ്ടു തവണ ബാലൻ ഡി ഓർ പുരസ്കാരം നേടിയ മുൻ ബ്രസീൽ സൂപ്പർതാരം റൊണാൾഡോ നസാരിയോ പറയുന്നു. ‘ബാലൻ ഡി ഓർ പുരസ്കാരത്തിന് അർഹൻ മെസ്സിയാണ്. അദ്ദേഹം പുരസ്കാരം നേടുമെന്ന് ഞാൻ കരുതുന്നു. ഫുട്ബാളിലെ ലോക കീരിടം നേടിയവനാണ് മെസ്സി’ -റൊണാൾഡോ പറഞ്ഞു.
ഫ്രഞ്ച് ക്ലബ് പി.എസ്.ജി വിട്ട മെസ്സിയുടെ അടുത്ത തട്ടകം അമേരിക്കൻ ലീഗിലെ ഇന്റർ മിയാമിയാണ്. നീണ്ട വർഷത്തെ ഇടവേളക്കുശേഷം അർജന്‍റീനക്ക് ഫുട്ബാളിലെ വിശ്വകിരീടം നേടികൊടുക്കുന്നതിൽ മെസ്സി നിർണായക പങ്കുവഹിച്ചിട്ടുണ്ട്. നിലവിൽ ഏഴ് ബാലൻ ഡി ഓർ പുരസ്കാരം കൈവശമുള്ള മെസ്സിയാണ് ഏറ്റവും കൂടുതൽ തവണ ഈ പുരസ്കാരം നേടിയ ഫുട്ബാളറും. മെസ്സിക്ക് തൊട്ട് പിന്നിൽ ക്രിസ്റ്റ്യാനോയാണ്.
ഹാലൻഡിന് ഇത്തവണ ലോകകപ്പ് കളിക്കാനായില്ലെങ്കിലും മാഞ്ചസ്റ്റർ സിറ്റിയുടെ കിരീട നേട്ടങ്ങളിൽ നിർണായക പങ്കുവഹിച്ചു. പ്രീമിയർ ലീഗ്, യുവേഫ ചാമ്പ്യൻസ് ലീഗ് കീരിടങ്ങൾക്കു പുറമെ, ക്ലബ് ഇത്തവണ എഫ്.എ കപ്പും നേടിയിരുന്നു. 36 ഗോളുകളുമായി പ്രീമിയർ ലീഗിലെ ഗോൾഡൻ ബൂട്ടും താരം ഇത്തവണ സ്വന്തമാക്കി. 12 ഗോളുകളുമായി ചാമ്പ്യൻസ് ലീഗിലെ ടോപ് സ്കോററും ഹാലൻഡായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.