മെസ്സി ഫൈനലിൽ കളിച്ചത് പരിക്കുമായി; 'എത്ര വേദനയോടെയെന്നറിഞ്ഞാൽ നിങ്ങൾ അദ്ദേഹത്തെ കൂടുതൽ ഇഷ്ടപ്പെടും'-കോച്ച്
text_fieldsറിയോഡിജനീറോ: കോപ്പ അമേരിക്കയിൽ ബ്രസീലിനെ തോൽപ്പിച്ച് ജേതാക്കളായതിന് പിന്നാലെ അർജന്‍റീന നായകൻ ലണൽ മെസ്സിയെ പ്രകീർത്തിച്ച് കോച്ച് ലയണൽ സ്കളോനി. ബ്രസീലിനെതിരായ ഫൈനലിൽ മെസ്സി കളിച്ചത് പരിക്കുമായിട്ടാണെന്ന് കോച്ച് ഫൈനലിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
'മെസ്സി ഫൈനലിൽ കളിച്ചത് എത്രമാത്രം വേദന അനുഭവിച്ചുകൊണ്ടാണെന്ന് അറിഞ്ഞാൽ നിങ്ങൾ അദ്ദേഹത്തെ കൂടുതൽ ഇഷ്ടപ്പെടും. എത്ര ഫിറ്റ് അല്ലെന്ന് മനസ്സിലാക്കിയാലും അദ്ദേഹത്തെ പോലൊരു കളിക്കാരനെ കളത്തിലിറക്കാതിരിക്കാൻ ആകുമായിരുന്നില്ല. പ്രത്യേകിച്ച് ഇന്നത്തെ കളിയിലും ഇതിന് മുമ്പത്തെ കളിയിലും' -സ്കളോനി പറഞ്ഞു.
എന്നാൽ, എന്തായിരുന്നു മെസ്സിയുടെ പരിക്ക് എന്ന് സ്കളോനി വ്യക്തമാക്കിയില്ല. എങ്കിലും കൊളംബിയക്കെതിരായ സെമി ഫൈനലിലും മെസ്സി പരിക്കോടെയാണ് കളിച്ചതെന്ന് കോച്ചിന്‍റെ വാക്കുകളിൽ നിന്ന് വ്യക്തമാണ്. സെമിയിലെ 55–ാം മിനിറ്റിൽ ഫ്രാങ്ക് ഫാബ്രയുടെ പരുക്കൻ ടാക്കിളിൽ പൊട്ടിയ ഉപ്പൂറ്റിയിൽ ബാൻഡേജിട്ടാണു മെസ്സി കളി മുഴുമിച്ചത്. അദ്ദേഹത്തിന്‍റെ പിന്‍തുട ഞരമ്പിന് പരിക്കുണ്ട് എന്നാണ് പറയപ്പെടുന്നത്.
'എക്കാലത്തെയും മികച്ച ഫുട്ബാളറെ കുറിച്ചാണ് ഞാൻ പറയുന്നത്. ദേശീയ ടീമിനുവേണ്ടി ഒരു കിരീടം നേടുകയെന്നത് അദ്ദേഹത്തെ സംബന്ധിച്ച് എത്രമാത്രം പ്രധാനമായിരുന്നു എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഒരു കോച്ചും കളിക്കാരനും എന്നതിലുപരിയുള്ള ഒരു ബന്ധമാണ് ഞാനും മെസ്സിയും തമ്മിലുള്ളത്. വളരെ അടുപ്പമുള്ള ഒരു ബന്ധമാണത്. ഞങ്ങൾ പരസ്പരം ആശംസകൾ നേരാറുണ്ട്, പരസ്പരം ആശ്ലേഷിക്കാറുണ്ട്. അദ്ദേഹത്തോടും മറ്റ് ടീമംഗങ്ങേളാടും ഞാൻ അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു' -സ്കളോനി പറഞ്ഞു.
പരിക്ക് മൂലമായിരിക്കണം ഫൈനലിൽ സ്വാഭാവിക മികവിലേക്ക് ഉയരാൻ മെസ്സിക്ക് ആയിരുന്നില്ല. പക്ഷേ, അദ്ദേഹത്തിന്‍റെ ഉജ്ജ്വല ഫോം തന്നെയാണ് ഈ കോപ്പ ടൂർണമെന്‍റിൽ അർജന്‍റീനക്ക് തുണയായത്. ഏഴ് കളിയിൽ നിന്ന് മെസ്സി നാല് ഗോൾ നേടി. 5 ഗോളിന് വഴിയൊരുക്കുകയും ചെയ്തു. ക്ലബ് ഫുട്ബാളിൽ നേട്ടങ്ങൾ കൊയ്യുേമ്പാഴും രാജ്യാന്തര ഫുട്ബാൾ കിരീടം കിട്ടാക്കനി ആയപ്പോൾ 'കിരീടമില്ലാത്ത രാജാവ്' എന്ന് വിമർശിച്ചവർക്കുള്ള മറുപടിയായിരുന്നു കോപ്പയിലെ മെസ്സിയുടെ പ്രകടനം.
2014 ലോകകപ്പ് ഫൈനലിൽ ജർമനിക്കെതിരെയും 2015ലും 2016ലും കോപ്പ അമേരിക്ക ഫൈനലുകളിൽ ചിലെയ്ക്കെതിരെയും തോറ്റതോടെ നിരാശനായ മെസ്സി ഈ വർഷം കൊളംബിയക്കെതിരായ സെമിക്കുശേഷം 'രാജ്യത്തിനായി ഒരു കിരീടം നേടുക എന്നതാണ് എന്‍റെ ഏറ്റവും വലിയ ആഗ്രഹം' എന്ന് പറഞ്ഞിരുന്നു. അത് അദ്ദേഹം നടപ്പാക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.