മാന്ത്രികതയുള്ള സഹതാരം...; ഹൃദയസ്പർശിയായ കുറിപ്പിലൂടെ ഇനിയസ്റ്റക്ക് ആശംസകൾ നേർന്ന് മെസ്സി
text_fieldsബാഴ്സലോണ: രണ്ടു പതിറ്റാണ്ടു നീണ്ട ഇതിഹാസ തുല്യമായ ഫുട്ബാൾ കരിയർ സ്പാനിഷ് താരം ആന്ദ്രെ ഇനിയസ്റ്റ അവസാനിപ്പിച്ചിരിക്കുന്നു. 2010 ലോകകപ്പിൽ സ്പെയിനിനെ കിരീടത്തിലേക്ക് നയിച്ച മിഡ്ഫീൽഡർ 40ാം വയസ്സിലാണ് ക്ലബ് ഫുട്ബാളിൽനിന്ന് വിരമിക്കുന്നത്.
നിലവിൽ യു.എ.ഇയിലെ എമിറേറ്റ്സ് ക്ലബിന്റെ താരമാണ്. 18 വർഷത്തോളം ബാഴ്സലോണ ക്ലബിനുവേണ്ടിയാണ് ഇനിയസ്റ്റ പന്തുതട്ടിയത്. സ്പെയിനിനായി 131 മത്സരങ്ങൾ കളിച്ച താരം 2018ൽ അന്താരാഷ്ട്ര ഫുട്ബാളിൽനിന്ന് വിരമിച്ചിരുന്നു. ബാഴ്സയുടെ സുവര്‍ണ നേട്ടങ്ങളില്‍ നിര്‍ണായക പങ്കു വഹിച്ച താരങ്ങളാണ് ഇനിയസ്റ്റയും മെസ്സിയും.
ഇനിയസ്റ്റയുടെ സുന്ദരമായ അസിസ്റ്റുകള്‍ പലതും മാജിക്കല്‍ പ്രകടനത്തിലൂടെ മെസ്സി ഗോളാക്കി മാറ്റുന്നത് ഫുട്ബാൾ ലോകം ഏറെ കണ്ടതാണ്. ബാഴ്സയിൽ ഏറെക്കാലം ഇരുവരും ഒരുമിച്ചായിരുന്നു. അതുകൊണ്ടുതന്നെ ഇരുവർക്കും ഇടയിൽ പ്രത്യേക സൗഹൃദം തന്നെയുണ്ട്. സമൂഹമാധ്യമത്തിൽ പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പിലൂടെയാണ് ഫുട്ബാളിൽനിന്ന് വിരമിച്ച ഇനിയസ്റ്റക്ക് മെസ്സി ആശംസകൾ നേർന്നത്.
കരിയറിന്‍റെ സയാഹ്നത്തിൽ നിൽക്കുന്ന മെസ്സി, നിലവിൽ അമേരിക്കൽ മേജർ സോക്കറിൽ ഇന്‍റർ മയാമിക്കുവേണ്ടിയാണ് കളിക്കുന്നത്. തന്‍റെ ഇതിഹാസ കരിയറിലേക്ക് കഴിഞ്ഞദിവസം ക്ലബിനൊപ്പം മറ്റൊരു കിരീടം കൂടി മെസ്സി ചേർത്തുവെച്ചിരുന്നു. എം.എൽ.എസ് സപ്പോർട്ടേഴ്സ് ഷീൽഡ് കിരീടമാണ് മയാമിക്കൊപ്പം മെസ്സി നേടിയത്.
‘മാന്ത്രികതയുള്ള സഹതാരം, ഒപ്പം കളിക്കാന്‍ ഏറെ ആഗ്രഹിച്ച, ആസ്വദിച്ച സഹ താരങ്ങളില്‍ ഒരാള്‍. പന്ത് നിങ്ങളെ മിസ് ചെയ്യാന്‍ പോകുന്നു. അതുപോലെ ഞങ്ങളും. നിങ്ങള്‍ ഒരു പ്രതിഭാസമാണ്. എല്ലാ ആശംസകളും‘ -മെസ്സി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഇനിയസ്റ്റക്കൊപ്പം ഗോൾ ആഘോഷിക്കുന്ന ചിത്രവും മെസ്സി കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. 2018ലാണ് ഇനിയസ്റ്റ ബാഴ്‌സ വിട്ടത്. പിന്നീട് ജപ്പാന്‍ ടീം വിസല്‍ കോബക്കായി അഞ്ചു വര്‍ഷം കളിച്ചു.
കഴിഞ്ഞ വർഷമാണ് യു.എ.ഇ ക്ലബിലെത്തുന്നത്. ബാഴ്സക്കൊപ്പം 38 കിരീട നേട്ടങ്ങളിൽ ഇനിയസ്റ്റ പങ്കാളിയായിട്ടുണ്ട്. ഒമ്പത് ലാ ലിഗ കീരിടങ്ങളും ആറ് കോപ്പ ഡെൽ റേ കപ്പും നാലു ചാമ്പ്യൻഷ് ലീഗ് ട്രോഫികളും മൂന്നു ക്ലബ് ലോകകപ്പും മൂന്നു യുവേഫ സൂപ്പർ കപ്പും ഏഴു സ്പാനിഷ് സൂപ്പർ കപ്പും ഇതിൽ ഉൾപ്പെടും. സ്പാനിഷ് ദേശീയ ടീമിനൊപ്പം രണ്ടു യൂറോ കപ്പും ഒരു ഫിഫ ലോകകപ്പും നേടി. 2012ൽ യുവേഫയുടെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.