മെസ്സി പാരിസ് എയർപോർട്ടിലെത്തി; നഗരം ആഘോഷത്തിമിർപ്പിൽ, വിഡിയോ കാണാം
text_fieldsപാരിസ്: ആർപ്പുവിളികളാലും കരഘോഷങ്ങളാലും ശബ്ദമുഖരിതമായ പാരിസ് നഗരത്തിന് ഉത്സവലഹരി പകർന്ന് ലയണൽ മെസ്സിയെത്തി. ചൊവ്വാഴ്ച വൈകീട്ടോടെയാണ് മെസ്സി പാരിസ് എയർപോർട്ടിൽ പറന്നിറങ്ങിയത്. വൈദ്യ പരിശോധനക്ക് വിധേയനായ താരം ഉടൻ ക്ലബുമായി കരാർ ഒപ്പുവെക്കും. എയർപോർട്ടിൽ തടിച്ചുകൂടിയ ജനങ്ങളോട് മെസ്സി അഭിവാദ്യമർപ്പിച്ചു. പാരിസ് എന്നെഴുതിയ ടീ ഷർട്ട് ധരിച്ച് ഭാര്യക്കും മക്കൾക്കുമൊപ്പമാണ് മെസ്സിയെത്തിയത്. താരത്തെ ചൊവ്വാഴ്ച പി.എസ്.ജി ഒൗദ്യോഗികമായി പരിചയപ്പെടുത്തും.
രണ്ടു വർഷത്തേക്കായിരിക്കും 34കാരനായ അർജൻറീന താരം പി.എസ്.ജിയുമായി കരാർ ഒപ്പുവെക്കുക. ഒരു വർഷത്തേക്കുകൂടി നീട്ടാനുള്ള സാധ്യതയും കരാറിലുണ്ടാവും. 3.5 കോടി യൂറോ (ഏകദേശം 300 കോടിയിലേറെ രൂപ) മെസ്സിക്ക് വാർഷിക പ്രതിഫലമായി ലഭിക്കുമെന്നാണ് റിപ്പോർട്ട്. കരാർ കാലാവധി കഴിഞ്ഞതിനാൽ (ഫ്രീ ഏജൻറ്) മെസ്സിയുടെ പഴയ ക്ലബ് ബാഴ്സലോണക്ക് പി.എസ്.ജിയിയിൽനിന്ന് കൈമാറ്റത്തുക (ട്രാൻസ്ഫർ ഫീ) ലഭിക്കില്ല.
കഴിഞ്ഞ വ്യാഴാഴ്ചയാണ് മെസ്സി ബാഴ്സ വിടുകയാണെന്ന് ക്ലബ് പ്രഖ്യാപിച്ചത്. ബാഴ്സ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനാൽ പ്രതിഫലം പകുതിയായി കുറച്ച് ക്ലബിൽ തുടരാൻ മെസ്സി സമ്മതിച്ചതായി നേരത്തേ വാർത്തയുണ്ടായിരുന്നു. തുടരുന്നതിന് മെസ്സിക്കും ക്ലബിനും താൽപര്യമുണ്ടെങ്കിലും ലാലിഗയിലെ സാമ്പത്തിക നിയന്ത്രണങ്ങൾ മറികടക്കാൻ സാധിക്കാത്തതിനാലാണ് തീരുമാനമെന്നും പ്രസിഡൻറ് യുവാൻ ലാപോർട്ട അറിയിച്ചിരുന്നു. കഴിഞ്ഞ സീസണോടെ ക്ലബ് വിടാൻ മെസ്സി താൽപര്യം അറിയിച്ചിരുന്നെങ്കിലും ബാഴ്സ സമ്മതിച്ചിരുന്നില്ല. ഇതോടെ കൈമാറ്റത്തുകയായി വൻ തുക കൈപ്പറ്റാനുള്ള അവസരം ബാഴ്സക്ക് നഷ്ടമായി.
പുതിയ സീസണിൽ പി.എസ്.ജിയിലെത്തുന്ന നാലാമത്തെ ഫ്രീ ഏജൻറാണ് മെസ്സി. റയൽ മഡ്രിഡിൽനിന്ന് ഡിഫൻഡർ സെർജിയോ റാമോസ്, ലിവർപൂളിൽനിന്ന് മിഡ്ഫീൽഡർ ജോർജീന്യോ വിനാൾഡം, എ.സി. മിലാനിൽനിന്ന് ഗോൾകീപ്പർ ജിയാൻലുയിജി ഡോണറുമ്മ തുടങ്ങിയവരെ പി.എസ്.ജി ടീമിലെത്തിച്ചിരുന്നു. കൂടാതെ ഇൻറർ മിലാനിൽനിന്ന് ആറു കോടി യൂറോക്ക് (ഏകദേശം 445 കോടി രൂപ) വിങ്ബാക്ക് അഷ്റഫ് ഹകീമിയെയും കൊണ്ടുവന്നു. ഫ്രഞ്ച് ലീഗ് കിരീടം തിരിച്ചുപിടിക്കുക എന്നതിനൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടം ആദ്യമായി ഷോകേസിലെത്തിക്കുക എന്ന ലക്ഷ്യത്തിനും മെസ്സിയുടെ വരവോടെ ആക്കംകൂട്ടാനാവുമെന്ന പ്രതീക്ഷയിലാണ് പി.എസ്.ജി പരിശീലകൻ മൗറീസിയോ പോച്ചെറ്റിനോ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.