ഇരട്ടഗോളുമായി 'സൂപ്പർ സബ്' മെസ്സി; ജമൈക്കയെ തകർത്ത് അർജന്റീന
text_fieldsന്യൂയോർക്ക്: പകരക്കാരന്റെ റോളിൽ കളത്തിലെത്തിയിട്ടും ആധുനിക ഫുട്ബാളിലെ പകരം വെക്കാനില്ലാത്ത പ്രതിഭാധനന് ഇരട്ട ഗോളിന്റെ തിളക്കം. ലയണൽ മെസ്സിയെന്ന കരുത്തനായ നായകന്റെ പിൻബലത്തിൽ രാജ്യാന്തര ഫുട്ബാളിൽ വിസ്മയക്കുതിപ്പു നടത്തുന്ന അർജന്റീന, ലോകകപ്പിന് മുന്നോടിയായ സന്നാഹ മത്സരത്തിൽ ജമൈക്കയെ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്ക് തകർത്തു. 55 -ാം മിനിറ്റിൽ സൂപ്പർ സബ്സ്റ്റിറ്റ്യൂട്ടായി കളത്തിലെത്തിയ മെസ്സി 86, 89 മിനിറ്റുകളിൽ വല കുലുക്കിയാണ് അർജന്റീനയുടെ വിജയത്തിന് തിളക്കമേറ്റിയത്. 13-ാം മിനിറ്റിൽ യൂലിയൻ ആൽവാരെസിലൂടെയായിരുന്നു അർജന്റീനയുടെ ആദ്യഗോൾ.
ഇതോടെ, തോൽവിയറിയാതെയുള്ള അർജന്റീനയുടെ കുതിപ്പ് 35 മത്സരങ്ങളിലേക്ക് നീണ്ടു. മൂന്നു വർഷത്തിലേറെയായി അപരാജിത കുതിപ്പാണ് മെസ്സിയും സംഘവും തുടരുന്നത്. 2019 ജൂലൈ രണ്ടിന് കോപ അമേരിക്ക ടൂർണമെന്റിൽ ബ്രസീലിനോട് തേറ്റശേഷം അർജന്റീന തോൽവിയെന്തെന്നറിഞ്ഞിട്ടില്ല. 35 കളികളിൽ 25 ജയവും 10 സമനിലയുമാണ് സമ്പാദ്യം.
86-ാം മിനിറ്റിൽ ജിയോവാനി ലോ സെൽസോയുമൊത്തുള്ള നീക്കത്തിനൊടുവിൽ 23 വാര അകലെ നിന്നുള്ള ഇടങ്കാലൻ ഗ്രൗണ്ട് ഷോട്ടിലൂടെയാണ് മെസ്സി ആദ്യം ജമൈക്കൻ വലയിൽ പന്തെത്തിച്ചത്. മൂന്നു മിനിറ്റിനുശേഷം അഡ്രിയാൻ മരിയപ്പ ബോക്സിനു തൊട്ടുപുറത്തുവെച്ച് തന്നെ വീഴ്ത്തിയതിനു ലഭിച്ച ഫ്രീകിക്കാണ് അർജന്റീനാ നായകൻ നിലംപറ്റെ അതിസമർഥമായി ഗോളിലേക്ക് പായിച്ചത്. അർജന്റീനയുടെ കഴിഞ്ഞ രണ്ടു സന്നാഹ മത്സരങ്ങളിൽ മെസ്സി ഇതോടെ നാലു ഗോൾ നേടി.
ന്യൂജഴ്സിയിലെ റെഡ് ബുൾ അറീനയിൽ നടന്ന മത്സരത്തിൽ ഗാലറി തിങ്ങിനിറഞ്ഞ കാണികൾ കളിയുടെ തുടക്കം മുതൽ മെസ്സിക്കുവേണ്ടി ആർത്തുവിളിച്ചുകൊണ്ടിരുന്നു. 13-ാം മിനിറ്റിൽ നിരവധി കുറുകിയ പാസുകൾ കോർത്തിണക്കി ബോക്സിലേക്ക് കയറിയെത്തിയ നീക്കത്തിനൊടുവിൽ ലൗതാറോ മാർട്ടിനെസ് നൽകിയ പാസിൽനിന്നാണ് ആൽവാരെസ് ക്ലോസ്റേഞ്ചിൽനിന്ന് സമർഥമായി പന്ത് വലയിലേക്ക് േപ്ലസ് ചെയ്തത്.
ഹോണ്ടുറസിനെതിരെ വെള്ളിയാഴ്ച 3-0ത്തിന് ജയിച്ച ടീമിൽ എട്ടു മാറ്റങ്ങൾ വരുത്തിയാണ് കോച്ച് ലയണൽ സ്കലോണി അർജന്റീനയെ കളത്തിലിറക്കിയത്. പരിക്കിൽനിന്ന് മോചിതനായി സ്റ്റാർട്ടിങ് ലൈനപ്പിൽ ഇടംപിടിച്ച സൂപ്പർതാരം എയ്ഞ്ചൽ ഡി മരിയ ആദ്യപകുതിയിൽ മെസ്സിയുടെ അഭാവത്തിൽ ക്യാപ്റ്റന്റെ ആംബാൻഡ് അണിഞ്ഞു. രണ്ടാം പകുതിയിൽ മെസ്സിയെ കാതടിപ്പിക്കുന്ന കരഘോഷത്തോടെയാണ് കാണികൾ കളത്തിലേക്ക് സ്വാഗതം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.