മെസ്സി, വീണ്ടും മെസ്സി...പെറുവിനെ പറത്തി അർജന്റീന
text_fieldsലിമ: പരിക്കിന്റെ പിടിയിൽനിന്ന് കുതറിത്തെറിത്തെറിച്ച് ലയണൽ മെസ്സിയെന്ന മാന്ത്രികന്റെ ഗോൾവേട്ട. കുറച്ചുകാലമായി കളത്തിൽനിന്ന് വിട്ടുനിൽക്കുന്ന ഇതിഹാസ താരം ഇരുവട്ടം വല കുലുക്കി ഗോൾവഴിയിൽ തിരിച്ചെത്തിയപ്പോൾ അർജന്റീനക്ക് പതിവുപോലെ വിജയത്തിളക്കം. തെക്കനമേരിക്കൻ ലോകകപ്പ് ഫുട്ബാൾ യോഗ്യതാ റൗണ്ടിൽ ആദ്യപകുതിയിൽ മെസ്സി നേടിയ തകർപ്പൻ ഗോളുകളുടെ പിൻബലത്തിൽ അർജന്റീന 2-0ത്തിന് പെറുവിനെ കീഴടക്കി. കളിച്ച നാലു കളിയും ജയിച്ച ലോക ചാമ്പ്യന്മാർ 12 പോയന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. ഏഴുപോയന്റുവീതമുള്ള ഉറുഗ്വെ, ബ്രസീൽ, വെനിസ്വേല ടീമുകളാണ് യഥാക്രമം രണ്ടുമുതൽ നാലുവര സ്ഥാനങ്ങളിൽ.
പരിക്കുമാറിയെത്തിയ മെസ്സിയും ഹൂലിയൻ ആൽവാരസുമാണ് അർജന്റീനയുടെ ആക്രമണനിരയിലിറങ്ങിയത്. റോഡ്രിഗോ ഡി പോൾ, എൻസോ ഫെർണാണ്ടസ്, അലക്സിസ് മക് അലിസ്റ്റർ, നിക്കോളാസ് ഗോൺസാലസ്....ലോകം ജയിച്ച നാൽവർ സംഘം മധ്യനിര ഭരിച്ചപ്പോൾ പന്തിന്റെ കൈവശാവകാശം 67 ശതമാനം സമയവും അർജന്റീനക്കു തന്നെയായിരുന്നു. എന്നാൽ, എതിരാളികളുടെ ഗോൾവലയിലേക്ക് നിരന്തരം കടന്നുകയറുകയെന്നതിനു പകരം തക്കംപാർത്ത് പതിയെ ഉറച്ച അവസരങ്ങൾ ഒരുക്കിയെടുക്കുകയെന്നതായിരുന്നു ലോക ചാമ്പ്യന്മാരുടെ ശൈലി. മത്സരത്തിൽ അവരുടെ ആദ്യത്തെ ഷോട്ടാണ് ഗോളായി മാറിയതും. 32-ാം മിനിറ്റിൽ ഇടതുവിങ്ങിലൂടെ മുന്നേറി നിക്കോളാസ് ഗോൺസാലസ് ബോക്സിലേക്ക് പിന്നാക്കം തള്ളിയ പാസിൽ തടയാനെത്തിയ എതിർഡിഫൻഡറുടെ കാലെത്തുംമുമ്പേ മെസ്സി ഉടനടി തൊടുത്ത ഇടങ്കാലൻ ഷോട്ട് വെടിയുണ്ട കണക്കേ പെറു വലയിലേക്ക് പാഞ്ഞുകയറി.
പത്തു മിനിറ്റ് പിന്നിടവേ വീണ്ടും മെസ്സി. ഇക്കുറിയും ഇടതു വിങ്ങിലൂടെയുള്ള നീക്കം. ഇത്തവണ പന്ത് എൻസോ ഫെർണാണ്ടസിന്റെ കാലുകളിൽ. ഗോൾലൈനിനടുത്തുനിന്ന് ബോക്സിലേക്ക് എൻസോ പന്തു തള്ളുമ്പോൾ ആൽവാരസും മെസ്സിയും അടുത്തടുത്തായിരുന്നു. ആദ്യം പന്തെത്തുന്ന ആൽവാരസിന്റെ വകയായിരിക്കും ശ്രമമെന്ന് കണക്കുകൂട്ടി എതിർഡിഫൻഡർ മാഞ്ചസ്റ്റർ സിറ്റി താരത്തെ പ്രതിരോധിക്കാനെത്തി. എന്നാൽ, ആൽവാരസ് സമർഥമായി ഒഴിഞ്ഞുകൊടുത്തപ്പോൾ പന്ത് ആരാലും മാർക്ക് ചെയ്യപ്പെടാതെനിന്ന മെസ്സിയുടെ പാദങ്ങളിൽ. നിമിഷാർധം കൊണ്ട് പ്രതിരോധ വിടവിലൂടെ നായകന്റെ നിലപറ്റെയുള്ള ഷോട്ട് വലയിലേക്ക് പാഞ്ഞുകയറിയശേഷമായിരുന്നു പെറു ഗോളി പെഡ്രോ ഗലേസയുടെ ഡൈവ്.
പ്രത്യാക്രമണത്തിനുറച്ച് പെറു ഒറ്റപ്പെട്ട അവസരങ്ങളിൽ അർജന്റീന ബോക്സിലേക്ക് കടന്നുകയറിയെത്തിയെങ്കിലും നിക്കോളാസ് ഒടാമെൻഡി-ക്രിസ്ത്യൻ റൊമേറോ ദ്വയം നയിച്ച സെൻട്രൽ ഡിഫൻസിനു മുന്നിൽ അവർക്ക് മറുമരുന്നൊന്നുമില്ലായിരുന്നു. വിങ്ങിലൂടെയുള്ള നീക്കങ്ങൾക്ക് നിക്കോളാസ് ടാഗ്ലിയാഫിക്കോയും ഗോൺസാലോ മോണ്ടിയലും തടയിടുകയും ചെയ്തതോടെ അർജന്റീന പ്രതിരോധം അതിന്റെ പതിവു ജാഗ്രതയിൽ തന്നെയായിരുന്നു. പൗളോ ഗ്വെരേറോയുടെ പരിചയ സമ്പത്തും യോഷിമാർ യോതുനിന്റെ ശൗര്യവുമൊന്നും എതിർബോക്സിൽ വിലപ്പോയില്ല.
രണ്ടാം പകുതിയിലും ജാഗ്രതയും സൂക്ഷ്മതയും ചാലിച്ച ശൈലിയിലായിരുന്നു അർജന്റീന. ഗോളിലേക്ക് തിടുക്കമേറിയ നീക്കങ്ങൾ കുറവായിരുന്നു. എതിരാളികൾ അർജന്റീനയായതിനാൽ രണ്ടു ഗോളിനും പിന്നിലായിട്ടും രണ്ടും കൽപിച്ചുള്ള പ്രത്യാക്രമണങ്ങൾക്കൊന്നും പെറു മുതിർന്നതേയില്ല. 48-ാം മിനിറ്റിൽ റൊമേറോക്ക് പകരം ജെർമൻ പസെല്ല കളത്തിലെത്തി. കളി ഒരു മണിക്കൂറാകവേ മെസ്സിയുടെ ഹാട്രിക്കിലേക്കെന്ന വിശേഷണവുമായി പന്ത് ഗോൾവര പിന്നിട്ടിരുന്നു. അർജന്റീന താരങ്ങളും ഗാലറിയിലെ അവരുടെ ആരാധകരും ആഘോഷം കൊഴുപ്പിക്കവേ റഫറിയുടെ ‘വാർ’ പരിശോധന. പന്ത് മെസ്സിയിലെത്തുംമുമ്പേ ഫൗൾ നടന്നിരുന്നുവെന്ന വിലയിരുത്തലിൽ ഹാട്രിക്കിന്റെ ആഘോഷത്തിന് റഫറിയുടെ വിസിൽ മുഴക്കം വിരാമമിട്ടു.
78-ാം മിനിറ്റിൽ ആൽവാരസിന് പകരം ലൗതാറോ മാർട്ടിനെസ് കളത്തിലെത്തി. ഡീ പോളിന് പകരം ലോ ചെൽസോയും ടാഗ്ലിയാഫികോക്കുപകരം അക്യൂനയുമെത്തി. പ്രതിരോധത്തിലുറച്ച്, മധ്യനിര ഭരിച്ച്, അവസരം കിട്ടുമ്പോൾ ബോക്സിലേക്ക് കടന്നുകയറുകയെന്ന ശൈലി തുടർന്ന അർജന്റീനക്ക് പിന്നീട് ഗോളിലേക്ക് കരുത്തുറ്റ നീക്കങ്ങളൊന്നുമുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.