കളം വാണ് മെസ്സി, കരുത്തുകാട്ടി അർജന്റീന; സന്നാഹ മത്സരത്തിൽ മിന്നും ജയം
text_fieldsവാഷിങ്ടൺ: കോപാ അമേരിക്കക്ക് അഞ്ചു ദിവസങ്ങൾക്കപ്പുറം കിക്കോഫ് വിസിൽ മുഴങ്ങാനിരിക്കേ വിശ്വരൂപം കാട്ടി ലയണൽ മെസ്സി. രണ്ടു ഗോളും ഒരു അസിസ്റ്റുമായി വാഷിങ്ടണിലെ മേരിലാൻഡ് കമാൻഡേഴ്സ് ഫീൽഡ് സ്റ്റേഡിയത്തിൽ നായകൻ പട നയിച്ചപ്പോൾ ഗ്വാട്ടിമാലക്കെതിരായ സന്നാഹ മത്സരത്തിൽ ലോക ചാമ്പ്യന്മാരായ അർജന്റീന ജയിച്ചുകയറിയത് ഒന്നിനെതിരെ നാലു ഗോളുകൾക്ക്. സെൽഫ് ഗോളിൽ നാലാം മിനിറ്റിൽ അപ്രതീക്ഷിതമായി പിന്നിലായ അർജന്റീനയെ ഇരട്ടഗോളുകൾ നേടിയ മെസ്സിയും ലൗതാറോ മാർട്ടിനെസുമാണ് പകിട്ടിനൊത്ത ജയത്തിലേക്ക് കൈപിടിച്ചുയർത്തിയത്.
അർജന്റീനയെ ഞെട്ടിച്ച് ‘അർജന്റീന’ തന്നെയാണ് കളിയിൽ ആദ്യം വലയിലേക്ക് പന്തു പായിച്ചത്. മത്സരത്തിൽ ആദ്യമായി അർജന്റീനൻ ഗോൾമുഖത്തേക്ക് പന്തുമായി കയറിയെത്തിയ ഗ്വാട്ടിമാലക്ക് നാലാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്കാണ് ഗോളിന് വഴിയൊരുക്കിയത്. ഗോൾമുഖത്തേക്ക് വളഞ്ഞിറങ്ങിയ പന്തിനെ ഗോളി എമിലിയാനോ മാർട്ടിനെസ് തട്ടിയകറ്റിയപ്പോൾ പന്ത് സഹതാരം ലിസാൻഡ്രോ മാർട്ടിനെസിന്റെ ദേഹത്തുതട്ടി സ്വന്തം വലയിലേക്ക് വഴിമാറുകയായിരുന്നു.
അപ്രതീക്ഷിത ഷോക്കിൽ ഞെട്ടിയ അർജന്റീന ഗോൾ തിരിച്ചടിക്കാനുറച്ചിറങ്ങിയപ്പോൾ ഗ്വാട്ടിമാല താരങ്ങൾ പൂർണമായും തങ്ങളുടെ ഹാഫിൽ തമ്പടിച്ചു. പരിക്കുമാറി ആദ്യ ഇലവനിൽ വീണ്ടും ബൂട്ടുകെട്ടിയിറങ്ങിയ മെസ്സിയെ കൂട്ടായ പരിശ്രമത്തിൽ ഗ്വാട്ടിമാല കെട്ടിപ്പൂട്ടി നിർത്തിയതോടെ ഉറച്ച ഗോളവസരങ്ങളും കുറഞ്ഞു. പന്തിന്മേൽ വ്യക്തമായ ആധിപത്യം കാട്ടിയിട്ടും പഴുതുകൾ കണ്ടെത്തുന്നതിൽ അർജന്റീനക്ക് തുടക്കത്തിൽ മികവു കാട്ടാനായില്ല. മധ്യനിരയിൽ റോഡ്രിഗോ ഡി പോളിന്റെയും എയ്ഞ്ചൽ ഡി മരിയയുടെയും അഭാവം ആദ്യപകുതിയിൽ പലപ്പോഴും പ്രകടമായിരുന്നു.
ഗോൾ തിരിച്ചടിക്കാനുള്ള ശ്രമങ്ങളിൽ അർജന്റീനയുടെ ‘രക്ഷകനാ’യി ഗ്വാട്ടിമാല ഗോളി നിക്കോളാസ് ഹാഗനെത്തി. 12-ാം മിനിറ്റിൽ പന്ത് ക്ലിയർ ചെയ്യാനുള്ള ഹാഗന്റെ ശ്രമം പാളിയപ്പോൾ കിട്ടിയത് മെസ്സിക്ക്. ഒഴിഞ്ഞ പോസ്റ്റിലേക്ക് വിഖ്യാത താരത്തിന്റെ ഷോട്ട് പാഞ്ഞുകയറുമ്പോൾ ഹാഗനത് പഴുതൊന്നും നൽകിയില്ല. പിന്നീടും കുറേസമയം ഗ്വാട്ടിമാല പിടിച്ചുനിന്നു. പക്ഷേ, 39-ാം മിനിറ്റിലെ പെനാൽറ്റി കിക്കിൽനിന്ന് ആ ചെറുത്തുനിൽപ് അവസാനിച്ചു. യുവതാരം വാലെന്റിൻ കാർബോണിയെ ഗ്വാട്ടിമാല ഡിഫൻഡർ സമായോ വീഴ്ത്തിയതിന് ലഭിച്ച കിക്ക് എടുക്കാൻ മാർട്ടിനെസിന് അവസരം നൽകുകയായിരുന്നു മെസ്സി. കിക്കെടുത്ത ഇന്റർ മിലാൻ താരം പന്ത് പോസ്റ്റിനോടുചേർന്ന് വലയിലേക്ക് അടിച്ചുകയറ്റി. അതോടെ ലൗതാറോയുടെ ആത്മവിശ്വാസവുമുയർന്നു.
ഇടവേളക്ക് പിരിയാനിരിക്കേ മെസ്സിക്കും ഗോളിനുമിടയിൽ പോസ്റ്റ് വിലങ്ങുതടിയായി. നിലംപറ്റെ തൊടുത്ത തകർപ്പൻ ഫ്രീകിക്ക് പോസ്റ്റിനിടിച്ച് വഴിമാറിയപ്പോൾ അതിനെ തുടർന്നുള്ള നീക്കത്തിൽ ലൗതാറോയുടെ ബൈസിക്കിൾ കിക്ക് ക്രോസ് ബാറിനിടിച്ചാണ് ഗതിമാറിയത്. നിലത്തുവീണ പന്തിനെ ലിസാൻഡ്രോ വലയിലേക്ക് തള്ളിയെങ്കിലും റഫറി ഫൗൾകിക്കിന് വിസിലൂതിയതോടെ ഗോളെണ്ണം ഉയർന്നില്ല.
രണ്ടാം പകുതിയിലും അർജന്റീന ആധിപത്യം തുടർന്നു. കളി ഒരു മണിക്കൂറാകവേ എയ്ഞ്ചൽ ഡി മരിയയെയും ഡി പോളിനെയും സ്കലോണി മൈതാനത്തിറക്കി. അതോടെ അർജന്റീന തനിസ്വരൂപം പുറത്തെടുത്തു. ഇടതടവില്ലാതെയായി ആക്രമണങ്ങൾ. ആറു മിനിറ്റിനുശേഷം ലീഡുമുയർന്നു. കൂട്ടായ നീക്കത്തിൽനിന്ന് ബോക്സിലേക്കുനീണ്ട മുന്നേറ്റത്തിൽ ഗോളി മാത്രം നിൽക്കെ മെസ്സിക്ക് വേണമെങ്കിൽ ഷോട്ടുതിർക്കാമായിരുന്നു. എന്നാൽ, ക്യാപ്റ്റൻ നൽകിയ പാസിൽ ഒഴിഞ്ഞ പോസ്റ്റിലേക്ക് പന്തു തട്ടിയിടേണ്ട ജോലിയേ മാർട്ടിനെസിന് ഉണ്ടായിരുന്നുള്ളൂ. രണ്ടു മിനിറ്റിനുശേഷം ഡീ പോൾ വീണ്ടും ഗ്വാട്ടിമാല വലയിൽ പന്തടിച്ചു കയറ്റിയെങ്കിലും ലൈൻസ്‍വുമണിന്റെ ഓഫ്സൈഡ് ഫ്ലാഗിൽ ആ ആഹ്ലാദമടങ്ങി.
പിന്നീടും അർജന്റീനയുടെ സമഗ്രാധിപത്യമായിരുന്നു. ഗ്വാട്ടിമാല പൂർണമായും ഡിഫൻസിലൊതുങ്ങി. മെസ്സിയുടെയും ഡി പോളിന്റെയും ഗോളെന്നുറച്ച നീക്കങ്ങൾക്ക് അവസാന നിമിഷം മനസ്സാന്നിധ്യത്തോടെ മുനയൊടിച്ചാണ് ഗോളി ഹാഗെൻ രണ്ടുതവണ ഗ്വാട്ടിമാലയുടെ രക്ഷക്കെത്തിയത്. എന്നാൽ, അർജന്റീന കുപ്പായത്തിൽ ചരിത്രങ്ങളേറെ രചിച്ച മെസ്സി-ഡി മരിയ കൂട്ടുകെട്ടിന്റെ അതുല്യമായ ഒത്തിണക്കത്തിന്റെ സാക്ഷ്യം വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. 77-ാം മിനിറ്റിൽ ഇരുവരും ചേർന്നുള്ള നീക്കത്തിനൊടുവിൽ സെന്റർ ഡിഫൻസിനിടയിലൂടെ തന്റെ പന്തടക്കം കൊണ്ട് ഡി മരിയ നൽകിയ അവിശ്വസനീയ പാസ്. ഉടനടി മുന്നോട്ടുകയറിയ മെസ്സി പന്തെടുത്ത് ഒന്നാന്തരം േപ്ലസിങ്ങിലൂടെ ഹാഗെനെ കീഴ്പെടുത്തി.
മത്സരത്തിൽ ലോക ചാമ്പ്യന്മാർ 19 ഷോട്ടുകൾ ഗ്വാട്ടിമാലയുടെ വല ലക്ഷ്യമിട്ട് പായിച്ചപ്പോൾ തിരിച്ചെത്തിയത് നാലെണ്ണം മാത്രം. ഇതിൽ പത്തെണ്ണം ടാർജറ്റിലേക്കായിരുന്നു. ഗ്വാട്ടിമാലക്ക് ഒരു തവണ പോലും അർജന്റീന വലയുടെ നേരെ ഷോട്ട് പായിക്കാനായില്ല. 73 ശതമാനം സമയവും പന്തിന്റെ നിയന്ത്രണം കാലിലെടുത്ത അർജന്റീന കോപ്പക്ക് സജ്ജരാണെന്ന സന്ദേശം നൽകിയാണ് കളം വിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.