ചിലിക്കെതിരെ കളിച്ചത് പനിയും പരിക്കും വകവെക്കാതെ; പെറുവിനെതിരെ മെസ്സി ഇറങ്ങിയേക്കില്ല
text_fieldsന്യൂജഴ്സി: അർജന്‍റീന ക്യാപ്റ്റൻ ലയണൽ മെസ്സി കോപാ അമേരിക്ക ടൂർണമെന്‍റിൽ പെറുവിനെതിരെ ഞായറാഴ്ച നടക്കുന്ന മത്സരത്തിൽ കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്. ചിലിക്കെതിരായ മത്സരശേഷം താൻ പനിയും തൊണ്ടവേദനയും വകവെക്കാതെയാണ് കളിച്ചതെന്ന് താരം പ്രതികരിച്ചിരുന്നു. മത്സരത്തിന്‍റെ ആദ്യ പകുതിയിൽ വലതുകാലിന് പരിക്കേറ്റിട്ടും മെസ്സി തിരികെ കളത്തിലെത്തിയിരുന്നു.
ആദ്യ രണ്ട് മത്സരങ്ങളിൽ അവസരം ലഭിക്കാത്ത കളിക്കാരെ, അടുത്ത മത്സരത്തിൽ ഇറക്കുമെന്ന് കോച്ച് ലയണൽ സ്കലോണി വ്യക്തമാക്കിയതോടെയാണ് മെസ്സി പെറുവിനെതിരെ ഇറങ്ങില്ലെന്ന അഭ്യൂഹം ശക്തമായത്. ഇതുവരെ ഇറങ്ങാത്ത താരങ്ങളെ കളത്തിൽ കാണാൻ താൻ ആഗ്രഹിക്കുന്നുണ്ടെന്നും അവർ അത് അർഹിക്കുന്നുവെന്നും സ്കലോണി പറഞ്ഞു. മെസ്സിയുടെ പരിക്കിനേക്കുറിച്ച് സംസാരിക്കാൻ സ്കലോണി തയാറായില്ല.
മത്സരശേഷം മെസ്സിയുമായി സംസാരിച്ചിട്ടില്ലെന്നും മുഴുവൻ സമയവും താരം കളത്തിലുണ്ടായിരുന്നുവെന്നും സ്കലോണി പറഞ്ഞു. എന്നാൽ പരിക്ക് ഗുരുതരമല്ലെന്നാണ് മത്സരശേഷം മെസ്സി പറഞ്ഞത്. കൂടുതൽ പരിശോധനക്ക് ശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരികയുള്ളു എന്നും സൂചനയുണ്ട്. മിയാമിയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിലാണ് അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ അർജന്‍റീന പെറുവിനെ നേരിടുന്നത്. ചിലിക്കെതിരെ 1-0 ജയത്തോടെ ക്വാർട്ടറിൽ പ്രവേശിച്ചതിനാൽ അർജന്‍റീനയെ സംബന്ധിച്ച് ഈ മത്സരത്തിലെ ഫലം അപ്രസക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.