ചിരിച്ചുകൊണ്ട് മെസ്സി മയാമി താരങ്ങൾക്കൊപ്പം...; ആദ്യമായി പരിശീലനത്തിനിറങ്ങി സൂപ്പർതാരം
text_fieldsഫ്ലോറിഡ: ഇതിഹാസ താരം ലയണൽ മെസ്സി ഇന്‍റർ മയാമി ക്ലബിലെ സഹതാരങ്ങൾക്കൊപ്പം ആദ്യമായി പരിശീലനത്തിനിറങ്ങി. അമേരിക്കൻ മേജര്‍ ലീഗിലെ ഇന്റര്‍ മയാമി തിങ്കളാഴ്ചയാണ് മെസ്സിയെ ക്ലബിന്‍റെ പുതിയ താരമായി അവതരിപ്പിച്ചത്.
പിന്നാലെയാണ് സഹ താരങ്ങൾക്കൊപ്പം മെസ്സി ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡേലുള്ള ക്ലബിന്‍റെ പരിശീലന കേന്ദ്രത്തിൽ പരിശീലനത്തിനിറങ്ങിയത്. 21നാണ് മെസ്സിയുടെ അരങ്ങേറ്റ മത്സരം. ലീഗ്സ് കപ്പിൽ മെക്സിക്കൻ ക്ലബ് ക്രൂസ് അസൂളുമായാണ് മത്സരം. ബാഴ്സയിൽ സഹതാരമായിരുന്ന സെർജിയോ ബുസ്ക്വെറ്റ്സും പരിശീനത്തിൽ പങ്കെടുത്തു.
താരത്തിന്‍റെ ഇഷ്ടനമ്പറായ പത്താം നമ്പർ ജഴ്സിയാണ് മെസ്സിക്ക് ക്ലബ് സമ്മാനിച്ചത്. പരിശീലനത്തിനിടെ ക്ലബിലെ വെനസ്വേലൻ താരമായ ജോസഫ് മാർട്ടിനെസുമായി ചിരിച്ചുകൊണ്ട് മെസ്സി സൗഹൃദം പങ്കിടുന്നതിന്‍റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. മേജർ ലീഗ് സോക്കറിൽ തുടർച്ചയായി 11 മത്സരങ്ങളിൽ ജയിക്കാനാവാതെ പോയന്റ് പട്ടികയിൽ താഴെ കിടക്കുന്ന ടീമാണ് ഇന്റർ മിയാമി.
മെസ്സിയുടെ വരവ് ടീമിനെ ഉയിർത്തെഴുന്നേല്പിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. രണ്ടര വർഷത്തേക്കാണ് മെസ്സി ക്ലബുമായി കരാറിലെത്തിയത്. ഏകദേശം ആറു കോടി യു.എസ് ഡോളർ (492 കോടി രൂപ) ആയിരിക്കും വാർഷിക പ്രതിഫലമെന്നാണ് സൂചന. ഹോം ഗ്രൗണ്ടായ ഫ്ലോറിഡയിലെ ഡി.ആര്‍.വി പി.എന്‍.കെ സ്റ്റേഡിയത്തില്‍ ആയിരക്കണക്കിന് ആരാധകർക്കു മുന്നിലാണ് മെസ്സിയെ അവതരിപ്പിച്ചത്.
അതേസമയം, മെസ്സിയുടെ അരങ്ങേറ്റ മത്സരം കാണാൻ വൻ തുകക്ക് ടിക്കറ്റ് വാങ്ങുകയാണ് ആരാധകർ. ഏകദേശം 110,000 ഡോളർ വരെ നിരക്കിൽ ടിക്കറ്റുകൾ വിൽക്കുന്നതായാണ് ടിക്കറ്റ് റീസെല്ലിങ് വെബ്‌സൈറ്റിലെ കണക്കുകൾ സൂചിപ്പിക്കുന്നത്. കൂടാതെ വിലകുറഞ്ഞ ഓപ്ഷനുകളും ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.