നൂറിന്റെ നിറവിൽ ഹാട്രിക് മെസ്സി; കരീബിയൻ ദ്വീപുകാരെ കെട്ടുകെട്ടിച്ച് അർജന്റീന
text_fieldsഒന്നര ലക്ഷം മാത്രം ജനസംഖ്യയുള്ള ഇത്തിരിക്കുഞ്ഞൻ രാജ്യമായ കുറസാവോയെ സൗഹൃദ മത്സരത്തിൽ കെട്ടുകെട്ടിച്ച് അർജന്റീന. ദേശീയ ജഴ്സിയിൽ ഗോളുകളുടെ എണ്ണം സെഞ്ച്വറി കടത്തിയ മെസ്സി കളിയിൽ ഹാട്രിക് കുറിക്കുകയും ചെയ്തു. പൂർണമായും ലോക ചാമ്പ്യൻന്മാർ നിയന്ത്രിച്ച മത്സരത്തിൽ ആദ്യ പകുതിയിൽ തന്നെ മെസ്സി മൂന്നുവട്ടം എതിർവല കുലുക്കി. പലപ്പോഴും കുറക്കാവോ പ്രതിരോധം കാഴ്ചക്കാരായ മൈതാനത്ത് 20ാം മിനിറ്റിൽ മെസ്സിയാണ് സ്കോറിങ്ങിന് തുടക്കമിട്ടത്. നിക്കൊ ഗൊൺസാലസ് വീണ്ടും വല കുലുക്കിയതിനു പിന്നാലെ ഗോളടിച്ചും അസിസ്റ്റ് നൽകിയും മെസ്സി മുന്നിൽ നിന്നു. ഖത്തർ ലോകകപ്പിൽ മെസ്സിയും അർജന്റീനയും കിരീടമുയർത്തിയ 100ാം ദിനത്തിലായിരുന്നു തന്റെ കരിയറിൽ 100 രാജ്യാന്തര ഗോളുകളെന്ന നേട്ടം മെസ്സി പിന്നിട്ടതെന്ന സവിശേഷതയുമുണ്ട്.
രണ്ടാം പകുതിയിൽ ഇരു ടീമുകളും കൂടുതൽ പേർക്ക് അവസരം നൽകിയപ്പോൾ കളിയും തണുത്തു. ഇടവേളക്ക് മുമ്പ് അഞ്ചു ഗോളിന് മുന്നിൽനിന്ന് ആതിഥേയർക്കായി എയ്ഞ്ചൽ ഡി മരിയ, ഗൊൺസാലൊ മോണ്ടിയേൽ എന്നിവർ കൂടി ലക്ഷ്യം കണ്ടു.
ഏറ്റവും കൂടുതൽ രാജ്യാന്തര ഗോളുകളുടെ റെക്കോഡ് നിലവിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേരിലാണ്- 122 ഗോളുകൾ. ഇറാൻ താരം അലി ദായി 109ഉം ഗോൾ നേടിയിട്ടുണ്ട്.
ഖത്തർ ലോകകപ്പ് കിരീടം ആഘോഷിക്കാനായാണ് സ്വന്തം നാട്ടിൽ അർജന്റീന രണ്ട് സൗഹൃദമത്സരങ്ങൾ സംഘടിപ്പിച്ചത്. ഫുട്ബാളിൽ അത്ര കരുത്തരല്ലാത്ത കുറകാവോക്കൊപ്പം പാനമക്കെതിരായ കളിയും വൻ മാർജിനിൽ ടീം ജയിച്ചിരുന്നു. അർജന്റീനക്ക് ഇനി സൗഹൃദ മത്സരങ്ങൾ അടുത്ത ജൂണിൽ ഏഷ്യൻ രാജ്യങ്ങൾക്കെതിരെയാണ്. അതുകഴിഞ്ഞ് സെപ്റ്റംബറിൽ സ്വന്തം നാട്ടിൽ എക്വഡോർ, ബൊളീവിയ എന്നിവക്കെതിരെയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.