അർജന്‍റീനക്ക് തിരിച്ചടി; സൗഹൃദ മത്സരങ്ങൾക്ക് മെസ്സിയുണ്ടാകില്ല
text_fieldsസൗഹൃദ മത്സരങ്ങൾക്കൊരുങ്ങുന്ന അർജന്‍റീനക്ക് തിരിച്ചടി. സൂപ്പർതാരം ലയണൽ മെസ്സി ടീമിനായി കളിക്കാനിറങ്ങില്ല. വലത് ഹാംസ്ട്രിങ്ങിനു പരിക്കേറ്റ താരത്തിന് ഏപ്രിൽ വരെ കളിക്കാനാകില്ലെന്നാണ് പുറത്തുവരുന്ന വിവരം.
ഞായറാഴ്ച മേജർ ലീസ് സോക്കറിൽ ഡി.സി യുനൈറ്റഡിനെതിരായ മത്സരത്തിലും താരം കളിച്ചിരുന്നില്ല. കഴിഞ്ഞദിവസം കോൺകാകാഫ് ചാമ്പ്യൻസ് കപ്പ് പ്രീ ക്വാർട്ടറിൽ നാഷ് വില്ലക്കെതിരായ മത്സരത്തിലാണ് താരത്തിന് പരിക്കേറ്റത്. ഈമാസം 22ന് എൽ സാൽവദോറിനെതിരെ ഫിലാഡെൽഫിയയിലും 26ന് കോസ്റ്റ റീക്കക്കെതിരെ ലോസ് ആഞ്ജലസിലുമാണ് അർജന്‍റീന സൗഹൃദ മത്സരങ്ങൾ കളിക്കുന്നത്.
സീസണിന്‍റെ തുടക്കം മുതൽ 36കാരനായ മെസ്സിയെ പേശിയിലെ പരിക്ക് വലക്കുന്നുണ്ട്. പ്രീ സീസൺ ടൂറിലും താരത്തെ പരിക്ക് അലട്ടിയിരുന്നു. ഹോംങ്കോങ്ങിൽ താരം കളിക്കാനിറങ്ങാത്തത് വലിയ വിവാദമായിരുന്നു. സൗഹൃദ മത്സരങ്ങൾക്കുള്ള അർജന്‍റീന ദേശീയ ടീമിന്‍റെ ക്യാമ്പ് തിങ്കളാഴ്ച തുടങ്ങി. മയാമിയുടെ വരുന്ന ഏതാനും മത്സരങ്ങളിലും മെസ്സി കളിക്കില്ലെന്ന് മാനേജർ ജെറാർഡോ മാർട്ടിനോ വ്യാക്തമാക്കിയിട്ടുണ്ട്.
നാഷ് വില്ലക്കെതിരെ 50 മിനിറ്റ് മാത്രമാണ് താരം കളിച്ചത്. പിന്നാലെ പരിശീലകൻ താരത്തെ പിൻവലിച്ചിരുന്നു. ഓരോ ആഴ്ചയിലും താരത്തെ പരിശോധനക്ക് വിധേയനാക്കുന്നുണ്ടെന്നും ഏപ്രിൽ നാലിന് കോൺകാകാഫ് ചാമ്പ്യൻസ് കപ്പിൽ മോന്‍റെറീക്കെതിരായ മത്സരത്തിൽ താരത്തിന് കളിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മാനേജർ പറഞ്ഞു. മെസ്സിയുടെ അഭാവത്തിലും പകരക്കാരനായി കളത്തിലിറങ്ങി ലൂയിസ് സുവാരസ് ഇരട്ട ഗോളുമായി തിളങ്ങിയ മത്സരത്തിൽ ഡി.സി യുനൈറ്റഡിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് മയാമി പരാജയപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.