വഴിമുട്ടി കരാർ ചർച്ച; ലയണൽ മെസ്സി പി.എസ്.ജി വിട്ട് ഇന്‍റർ മിയാമിയിലേക്കോ?
text_fieldsസൂപ്പർ താരം ലയണൽ മെസ്സി പാരിസ് സെന്‍റ് ജെർമൻ (പി.എസ്.ജി) വിട്ടേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നു. ഫ്രഞ്ച് ലീഗ് വൺ കരുത്തരായ പി.എസ്.ജിയിലെ കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ വഴിമുട്ടിയതായാണ് പുറത്തുവരുന്ന വിവരം.
മെസ്സിയുടെ പിതാവ് ജോർജെ മെസ്സി ബുധനാഴ്ച പി.എസ്.ജി മാനേജ്മെന്‍റുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ, കൂടിക്കാഴ്ചയിൽ കരാറിന്‍റെ കാര്യത്തിൽ തീരുമാനത്തിലെത്താൻ കഴിഞ്ഞില്ലെന്നും ഏറെക്കുറെ വഴിയടഞ്ഞ നിലയിലാണെന്നും ഫ്രഞ്ച് മാധ്യമമായ എൽ എക്വിപ് റിപ്പോർട്ട് ചെയ്തു. പി.എസ്.ജി സ്പോർട്ടിങ് ഡയറക്ടർ ലൂയിസ് കംപോസും പങ്കെടുത്തിരുന്നു.
സമ്മറിൽ അർജന്‍റൈൻ താരവുമായി അമേരിക്കയിലെ മേജർ ലീഗ് സോക്കർ ക്ലബായ ഇന്‍റർ മിയായി കരാറിലെത്തുമെന്നും പത്രം പറയുന്നു. ഇംഗ്ലണ്ട് മുൻ സൂപ്പർ താരം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ളതാണ് ഇന്‍റർ മിയാമി. മെസ്സിക്കായി ക്ലബ് നേരത്തെ തന്നെ ശ്രമങ്ങൾ തുടങ്ങിയിരുന്നു. മെസ്സിയും ഇന്റർ മിയാമിയും തമ്മിൽ റെക്കോഡ് തുകക്ക് ധാരണയിൽ എത്തിയേക്കുമെന്ന തരത്തിൽ നേരത്തെ അഭ്യൂഹങ്ങളുണ്ട്.
മെസ്സിക്ക് മിയാമിയിൽ സ്വന്തമായി വസതിയുണ്ട്. അവധി ആഘോഷിക്കാനായി താരം പതിവായി പോകുന്ന സ്ഥലം കൂടിയാണിത്. മെസ്സിക്കായി ക്ലബ് ശ്രമം നടത്തുന്നതായി കഴിഞ്ഞമാസം ഇന്‍റർ മിയാമി പരിശീലകൻ ഫിൽ നെവില്ലെ വെളിപ്പെടുത്തിയിരുന്നു. ക്ലബിലേക്ക് ലോകത്തിലെ മികച്ച താരത്തെ കൊണ്ടുവരാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, അവൻ ഒരുപക്ഷേ മികച്ച താരം തന്നെയായിരിക്കും. അത്തരത്തിലുള്ള ഒരു താരവുമായി കരാറിലെത്താൻ സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
മെസ്സിയെ ക്ലബിൽ നിലനിർത്താനുള്ള എല്ലാ ശ്രമങ്ങളും പി.എസ്.ജിയും നടത്തുന്നുണ്ട്. 2021ൽ രണ്ടു വർഷത്തെ കരാറിലാണ് താരം ക്ലബിലെത്തുന്നത്. ഒരു വർഷം കൂടി നീട്ടാനുള്ള ഓപ്ഷനും താരത്തിനുണ്ട്. ലോകകപ്പ് ജയത്തോടെ മെസ്സിയുടെ താരമൂല്യം വീണ്ടും വർധിച്ചിരിക്കുകയാണ്. അതേസമയം, ബാഴ്‌സലോണയിലേക്കുള്ള മടക്കം താരത്തിന് വൈകാരികമായ ഒന്നായിരിക്കും.
എന്നാൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ താരത്തെ ക്ലബിലെത്തിക്കുന്നത് ബാഴ്സക്ക് സാമ്പത്തികമായി വലിയ വെല്ലുവിളിയാണ്. രണ്ട് പതിറ്റാണ്ടോളം മെസ്സി ബാഴ്‌സക്കൊപ്പമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.