മെസ്സി ബാഴ്സയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നതായി പിതാവ്; ക്ലബ് പ്രസിഡന്‍റുമായി കൂടിക്കാഴ്ച നടത്തി
text_fieldsഫ്രഞ്ച് ക്ലബ് പി.എസ്.ജി വിട്ട സൂപ്പർതാരം ലയണൽ മെസ്സി പഴയ തട്ടകമായ ബാഴ്സലോണയിലേക്ക് തന്നെ മടങ്ങാനുള്ള സാധ്യത കൂടുതൽ തെളിയുന്നു. മെസ്സി ബാഴ്സയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നതായി പിതാവും ഏജന്‍റുമായ ഹോർഗെ മെസ്സി പറഞ്ഞു.
തിങ്കളാഴ്ച രാവിലെ ബാഴ്സ പ്രസിഡന്‍റ് ജോൺ ലപോർട്ടയുമായി മെസ്സിയുടെ പിതാവ് കൂടിക്കാഴ്ച നടത്തി. ബാഴ്സ പ്രസിഡന്‍റിന്‍റെ വസതിയിലേക്ക് മെസ്സിയുടെ പിതാവ് എത്തുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു. എന്നാൽ, കൂടിക്കാഴ്ച നടന്നതായുള്ള റിപ്പോർട്ടുകൾ അദ്ദേഹം തള്ളിക്കളഞ്ഞു. അതേസമയം, മെസ്സി ബാഴ്സയിലേക്ക് തന്നെ മടങ്ങിപോകാൻ ആഗ്രഹിക്കുന്നതായി പിതാവ് മാധ്യമങ്ങളോട് വ്യക്തമാക്കി.
‘തീർച്ചയായും, മെസ്സി ബാഴ്സയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നു. ഞാനും അതുതന്നെയാണ് ആഗ്രഹിക്കുന്നത്. നമുക്ക് കാണാം...’ -ഹോർഗെ മെസ്സി മാധ്യമങ്ങളോട് പറഞ്ഞു. താരങ്ങളുടെ ട്രാൻസ്ഫർ നടപടികൾക്കുള്ള ലാ ലിഗയുടെ അനുമതി ഈ ആഴ്ച തന്നെ ബാഴ്സക്ക് ലഭിക്കുമെന്നാണ് ക്ലബ് അധികൃതർ പ്രതീക്ഷിക്കുന്നത്. ഇതിൽ മെസ്സിയും ഉൾപ്പെടുമെന്നാണ് പുറത്തുവരുന്ന വിവരം.
മെസ്സി ബാഴ്സയിലേക്ക് മടങ്ങിപോകുമ്പോൾ, പ്രതിഫലത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്കൊന്നും താരത്തിന്‍റെ പിതാവ് പ്രതികരിക്കാൻ തയാറായില്ല. ഞങ്ങൾ കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നെന്നും പക്ഷേ വ്യക്തത വന്നിട്ടില്ലെന്നുമാണ് അദ്ദേഹം മറുപടി നൽകിയത്. ഭാവി ക്ലബിനെ കുറിച്ചുള്ള തീരുമാനം മെസ്സി ഈ ആഴ്ച പ്രഖ്യാപിക്കുമെന്നും ബാഴ്സയുടെ വാതിലുകൾ താരത്തിനായി തുറന്നിട്ടിരിക്കുകയാണെന്നും ബാഴ്സ പരിശീലകൻ സാവി ഹെർണാണ്ടസ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
ഫ്രഞ്ച് ലീഗ് വണ്ണിലെ അവസാന മത്സരത്തിൽ തോൽവിയോടെയാണ് മെസ്സി പി.എസ്.ജിയിൽനിന്ന് പടിയിറങ്ങിയത്. അവസാന ലീഗ് മത്സരത്തിലെ ആവേശപ്പോരാട്ടത്തിൽ ക്ലെര്‍മോന്റ് ഫൂട്ടിനോട് രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് മെസ്സിയും സംഘവും തോൽവി വഴങ്ങിയത്. ഈ മത്സരത്തോടെ മെസ്സി ഫ്രീ ഏജന്റായി. മത്സരത്തിനു മുമ്പുതന്നെ ഇത് ക്ലബിനായുള്ള മെസ്സിയുടെ അവസാന മത്സരമാണെന്ന് സ്ഥിരീകരിച്ചും നന്ദി പറഞ്ഞും പി.എസ്.ജി രംഗത്തെത്തിയിരുന്നു. സൗദി ക്ലബായ അല്‍ ഹിലാലുമായി മെസ്സി കരാർ ഒപ്പിടുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ സീസണില്‍ പി.എസ്.ജിക്കായി 21 ഗോളുകൾ നേടിയ മെസ്സിയുടെ പേരിൽ 20 അസിസ്റ്റുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.