മെസ്സിക്ക് അടുത്ത സീസണിലും പി.എസ്.ജിയിൽ തുടരണം. പക്ഷേ, ഒരു നിബന്ധനയുണ്ട്...
text_fieldsസ്വന്തം മൈതാനത്ത് തോൽവി പിണഞ്ഞെങ്കിലും പി.എസ്.ജിയിൽ മെസ്സിയും എംബാപ്പെയും ചേർന്നുള്ള കൂട്ടുകെട്ട് ഏത് ടീമിനെയും മുൾമുനയിൽ നിർത്താൻ പോന്നതാണ്. ലീഗ് വണ്ണിൽ ഈ സീസണിലും കിരീടത്തിനരികെ നിൽക്കുന്നവർ.
എന്നാൽ, സീസൺ അവസാനിക്കുന്നതോടെ അർജന്റീനയെ ലോകകിരീടത്തിലെത്തിച്ച സൂപർ താരം ടീമിൽ തുടരുമോ എന്ന കാര്യം സംശയത്തിലാണ്. ഫ്രീ ട്രാൻസ്ഫറിൽ ഏതു ടീമിനൊപ്പവും ചേരാമെന്നതാണ് സൗകര്യം. അതുകൊണ്ടുതന്നെ അമേരിക്കൻ ലീഗിൽ ഇന്റർ മിയാമി, സൗദി ലീഗിൽ അൽഹിലാൽ തുടങ്ങി വമ്പന്മാർ ഇപ്പോഴേ വലവീശിത്തുടങ്ങിയിട്ടുണ്ട്. പണം എത്ര വേണേലും നൽകാമെന്ന് ഇരു ടീമുകളും അറിയിച്ചുകഴിഞ്ഞു. നിലവിൽ വാങ്ങുന്നതിന്റെ ഇരട്ടിയും അതിലേറെയുമാണ് വാഗ്ദാനം. പഴയ തട്ടകമായ ബാഴ്സലോണയിലേക്ക് മടങ്ങിയേക്കാമെന്ന വാർത്തകളുമുണ്ട്.
എന്നാൽ, പാരിസിൽ തന്നെ തുടരാനാണ് മെസ്സിക്കിഷ്ടമെന്ന് റിപ്പോർട്ടുകൾ പറയുന്നു. താരവുമായി കരാർ പുതുക്കുന്നതാണ് ക്ലബിന്റെയും താൽപര്യമെന്ന് സൂചനയുണ്ട്. എന്നാൽ, ഒറ്റ നിബന്ധനയാണ് കുരുക്കാകുന്നത്. നിലവിൽ സ്വപ്നസമാനമായ തുക നൽകിയാണ് എംബാപ്പെ പി.എസ്.ജിയിൽ തുടരുന്നത്. അത്രയും തുക നൽകിയാലേ കരാർ പുതുക്കാനാള്ളൂവെന്ന് ഫ്രഞ്ച് മാധ്യമമായ ആർ.എം.സി സ്പോർട് റിപ്പോർട്ട് ചെയ്യുന്നു. ഖത്തർ ലോകകപ്പിൽ അർജന്റീന കിരീടത്തിൽ മുത്തമിട്ടതോടെ മെസ്സിയുടെ താരമൂല്യം ഉയർന്നതു പരിഗണിച്ചാണ് വലിയ തുക ആവശ്യപ്പെടുന്നത്. എന്നാൽ, ഇത്രയും തുക നൽകി രണ്ട് സ്ട്രൈക്കർമാരെ നിലനിർത്തുന്നത് സംബന്ധിച്ച് ക്ലബ് പുനരാലോചനയിലാണ്.
നെയ്മർ കൂടി അണിനിരക്കുന്ന പി.എസ്.ജി മുന്നേറ്റം ലോകത്തെ ഏറ്റവും മികച്ചവയിലൊന്നാണ്. ആഭ്യന്തര ലീഗിൽ വലിയ നേട്ടങ്ങളിലേക്ക് പന്തടിച്ചുകയറാറുള്ള മൂവർ സംഘം പക്ഷേ, യൂറോപ്യൻ ലീഗിലെത്തുമ്പോൾ തോൽവി ചോദിച്ചുവാങ്ങുന്നതാണ് ചരിത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.