മെസ്സിക്ക് കാര്യങ്ങൾ എളുപ്പമാകില്ല, വിവേകശൂന്യം; ഇന്‍റർ മയാമി അവതരണത്തിനു പിന്നാലെ മുൻ ഇംഗ്ലീഷ് സൂപ്പർതാരം
text_fieldsഇതിഹാസ താരം ലയണല്‍ മെസ്സി അമേരിക്കൻ മേജര്‍ ലീഗ് സോക്കര്‍ ക്ലബായ ഇന്റര്‍ മയാമിക്കു സ്വന്തമായി. ക്ലബിന്‍റെ പുതിയ താരമായി മെസ്സിയെ അവതരിപ്പിച്ചു. ആരാധക ആവേശം വാനോളമെത്തിയ രാവിലാണ് മെസ്സി, ഇന്‍റർ മയാമിയുടെ പിങ്ക് നിറത്തിലുള്ള പത്താം നമ്പർ ജഴ്സി ഏറ്റുവാങ്ങിയത്.
ക്ലബിന്‍റെ ഹോം ഗ്രൗണ്ടായ ഫ്ലോറിഡയിലെ ഡി.ആര്‍.വി പി.എന്‍.കെ സ്റ്റേഡിയത്തില്‍ ആയിരക്കണക്കിന് ആരാധകർക്കു മുന്നിലാണ് മെസ്സിയെ അവതരിപ്പിച്ചത്. 21ന് മെക്സിക്കൻ ക്ലബ് ക്രൂസ് അസൂളുമായി ലീഗ്സ് കപ്പ് മത്സരത്തിൽ മെസ്സി ഇന്റർ മയാമിക്കു വേണ്ടി അരങ്ങേറ്റം കുറിക്കും. എന്നാൽ, ഏഴു തവണ ബാലൺ ഡി ഓർ പുരസ്കാരം നേടിയ മെസ്സിക്ക് അമേരിക്കൻ മേജര്‍ ലീഗിൽ കാര്യങ്ങൾ എളുപ്പമാകില്ലെന്ന് മുന്നറിയിപ്പ് നൽകുകയാണ് മുൻ ഇംഗ്ലീഷ് സൂപ്പർതാരം വെയ്ൻ റൂണി. എം.എൽ.എസ് മികച്ച ലീഗാണെന്നും മെസ്സിയെ പോലൊരു താരത്തെ എത്തിക്കാനായത് ലീഗിന് കരുത്താകുമെന്നും റൂണി വ്യക്തമാക്കി.
‘എം.എൽ.എസ് വളരെ മികച്ച ഒരു ലീഗാണ്, യൂറോപ്പിലെ ഫുട്ബാൾ പ്രേമികൾക്ക് അറിയാത്ത, പ്രീമിയർ ലീഗിൽ കളിക്കാൻ കഴിയുന്ന ധാരാളം കളിക്കാർ ഇവിടെയുണ്ട്. സൗദി നടത്തുന്ന നീക്കങ്ങൾക്കിടെ, മെസ്സിയെ എം.എൽ.എസിൽ കൊണ്ടുവരാനായത് വലിയ കാര്യമാണ്. എല്ലാം മെസ്സിക്കുവേണ്ടി സജ്ജമായി. മുൻ സഹതാരങ്ങളും കൂട്ടായുണ്ട്. സെർജിയോ ബുസ്‌ക്വെറ്റ്‌സും ജോഡി ആൽബയും ഇതിനകം ഇന്റർ മയാമിയുമായി ധാരണയിലെത്തി. ഒരുപക്ഷേ ഇനിയസ്റ്റയും ലൂയിസ് സുവാരസും വന്നേക്കാം. മികച്ചൊരു പരിശീലകനും ഉണ്ട്’ -റൂണി പറഞ്ഞു.
‘എന്നാൽ, മെസ്സിക്ക് ഇവിടെ കാര്യങ്ങൾ എളുപ്പമാകില്ല. വിവേകശൂന്യമായ ഒന്നായി. പക്ഷേ വരുന്നവരെല്ലാം ഇത് കഠിനമായ ലീഗായാണ് കാണുന്നത്. യാത്രകൾ, വിവിധ നഗരങ്ങളിലെ വ്യത്യസ്ത സാഹചര്യങ്ങൾ, കൂടാതെ ഗ്രൗണ്ടിൽ ധാരാളം ഊർജവും ആവശ്യമാണ്’ -റൂണി കൂട്ടിച്ചേർത്തു.
രണ്ടര വർഷത്തേക്കാണ് മെസ്സി ക്ലബുമായി കരാറിലെത്തിയത്. കരാറിന്‍റെ വിവരങ്ങളൊന്നും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഏകദേശം ആറു കോടി യു.എസ് ഡോളർ (492 കോടി രൂപ) ആയിരിക്കും വാർഷിക പ്രതിഫലമെന്നാണ് സൂചന. മയാമിയിൽ വന്നതിൽ ഞാൻ വളരെ സന്തോഷവാനാണെന്നാണ് മെസ്സി പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.