മെസിയെക്കുറിച്ച് വ്യാജ വാർത്ത; പൊട്ടിത്തെറിച്ച് പിതാവ് ജോർജ്
text_fieldsപാരിസ്: സൂപ്പർ താരം ലയണൽ മെസിയെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾക്കെതിരെ പൊട്ടിത്തെറിച്ച് പിതാവ് ജോർജ് മെസി. പി.എസ്.ജിയുമായും കോച്ച് ക്രിസ്‌റ്റോഫ് ഗാൾട്ടിയറുമായും ബന്ധപ്പെട്ടുള്ള അഭ്യൂഹങ്ങൾ തള്ളിയാണ് താരത്തിന്റെ ഏജന്റ് കൂടിയായ ജോർജ് രംഗത്തെത്തിയത്. ഇൻസ്റ്റഗ്രാം സ്‌റ്റോറിയിലൂടെയായിരുന്നു പ്രതികരണം.
ഗാൾട്ടിയറുമായുള്ള പിണക്കത്തെ തുടർന്ന് വെള്ളിയാഴ്ച നടന്ന ടീമിന്റെ ട്രെയിനിങ്ങിൽ മെസി പങ്കെടുത്തില്ലെന്ന് വാർത്തകളുണ്ടായിരുന്നു. ഇതോടൊപ്പം പുതിയ കരാറിനായി താരം മുന്നോട്ടുവച്ച ആവശ്യങ്ങൾ അംഗീകരിക്കാൻ പി.എസ്.ജി കൂട്ടാക്കിയിട്ടില്ലെന്നും റിപ്പോർട്ടുണ്ട്. ഇതെല്ലാം വ്യാജ വാർത്തകളാണെന്നാണ് ജോർജ് മെസി വ്യക്തമാക്കിയത്. സൗദി അറേബ്യൻ ക്ലബായ അൽഹിലാലിൽ ചേരാൻ മെസി 600 മില്യൻ യൂറോ ശമ്പളം ആവശ്യപ്പെട്ടതായുള്ള വാർത്തകളും അദ്ദേഹം നിഷേധിച്ചു.
''എത്രകാലം ഇവരെല്ലാം കള്ളം പറയും!? ഇതിനൊക്കെ തെളിവ് എവിടെയാണ്? എല്ലാം കള്ളമാണ്! ഒന്നും വിശ്വസിക്കരുത്. ഫോളോവർമാരെ കൂട്ടാനായി കള്ളം പടച്ചുണ്ടാക്കുന്നവരെ ഇനിയും വച്ചുപൊറുപ്പിക്കില്ല.''-വിവിധ വാർത്തകളുടെ സ്‌ക്രീൻഷോട്ട് പങ്കുവച്ച് ജോർജ് കുറിച്ചു.
അതിനിടെ, പി.എസ്.ജിയിലെ മെസിയുടെ ഭാവിയെക്കുറിച്ച് ഇനിയും തീരുമാനം പുറത്തുവന്നിട്ടില്ല. താരം ടീമിൽ സന്തുഷ്ടവാനാണെന്നാണ് ഗാൾട്ടിയർ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. പി.എസ്.ജി കരാർ കാലാവധി നീട്ടിക്കൊടുക്കാനാണ് കൂടുതൽ സാധ്യത. അതേസമയം, റെക്കോർഡ് തുകയ്ക്ക് സൂപ്പർതാരത്തെ സ്വന്തമാക്കാൻ സൗദി ക്ലബ് അൽഹിലാലും നീക്കം നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.