2026 ലോകകപ്പിലും പരിശീലകൻ സ്കലോണി തന്നെ; കരാർ പുതുക്കി അർജന്റീന
text_fieldsഖത്തർ ലോകകപ്പിൽ മെസ്സിക്കൂട്ടത്തെ കിരീടത്തിലെത്തിച്ച പരിശീലകൻ ലയണൽ സ്കലോണിയുമായി കരാർ പുതുക്കി അർജന്റീന. 2026 ലോകകപ്പ് വരെയാണ് സ്കലോണിയുമായി കരാർ. ഫിഫ പുരസ്കാര വേദിയായ പാരിസിൽ 44 കാരനായ സ്കലോണിയും അർജന്റീന ഫുട്ബാൾ ഫെഡറേഷൻ പ്രസിഡന്റ് ക്ലോഡിയോ ടാപിയയും തമ്മിലെ കൂടിക്കാഴ്ചയിലാണ് തീരുമാനം.
‘വിശ്വാസം ഉയരത്തിൽ നിൽക്കുമ്പോൾ ആശയവിനിമയം കൂടുതൽ വ്യക്തവും അർഥവത്തുമാകു’മെന്ന് ഇതേ കുറിച്ച് ക്ലോഡിയോ ടാപിയ പറഞ്ഞു. ഡിസംബർ 18ന് ലുസൈൽ മൈതാനത്ത് അർജന്റീന ജേതാക്കളായതോടെ സ്കലോണിയുമായി കരാർ അവസാനിച്ചതാണ്. നീണ്ട ചർച്ചകൾ തുടർന്നതിനൊടുവിലാണ് കരാർ പുതുക്കൽ.
2018ലാണ് താത്കാലികകമായി ടീമിന്റെ ചുമതലയേൽക്കുന്നത്. ഒരു പ്രഫഷനൽ ടീമിനെയും പരിശീലിപ്പിക്കാതെയായിരുന്നു സ്കലോണിയുടെ വരവ്. കടുത്ത വിമർശനങ്ങൾ ഇതിന്റെ പേരിൽ നേരിടുകയും ചെയ്തു. എന്നാൽ ഒറ്റവർഷത്തിനകം നിയമനം സ്ഥിരപ്പെടുത്തി അർജന്റീന പുതിയ ചുവട് കുറിച്ചു. പിന്നീടെല്ലാം സ്കലോണി വരച്ച വഴിയിലായിരുന്നു മെസ്സിയും സംഘവും സഞ്ചരിച്ചത്.
2021ൽ കോപ അമേരിക്കയിൽ ടീം ജേതാക്കളാകുമ്പോൾ 28 വർഷം കഴിഞ്ഞുള്ള കിരീടമായിരുന്നു അത്. അതേ ആവേശവുമായി കളിച്ച ടീം തൊട്ടടുത്ത വർഷം ലോക ജേതാക്കളാകുകയും ചെയ്തു. സാക്ഷാൽ മറഡോണക്കൊപ്പം 1986ലായിരുന്നു ടീം അവസാനമായി വിശ്വജേതാക്കളായത്.
ദേശീയ ടീമിന്റെ അടുത്ത മത്സരം ബ്യൂണസ് ഐറിസിൽ പാനമക്കെതിരെ സൗഹൃദമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.