'മറ്റാരേക്കാളും അത് അവൻ അർഹിക്കുന്നുണ്ട്'; വിനീഷ്യസുമല്ല റോഡ്രിയുമല്ല! സ്കലോനിയുടെ ബാലൺ ഡി ഓർ ഈ താരത്തിനാണ്
text_fieldsപോയ വർഷത്തെ മികച്ച താരത്തിന് നൽകുന്ന ബാലൺ ഡി ഓർ പുരസ്കാരത്തിന് അർഹനെ ചൂണ്ടിക്കാട്ടി അർജന്‍റീനയുടെ മാനേജർ. അർന്‍റീനയുടെ സ്ട്രൈക്കറായ ലൗട്ടാറോ മാർട്ടിനസാണ് ഈ വർഷത്തെ ബാലൺ ഡി ഓറിന് അർഹൻ എന്നാണ് സ്കലോനി പറയുന്നത്. രാജ്യത്തിന് വേണ്ടിയും ക്ലബ്ബിന് വേണ്ടിയും മികച്ച പ്രകടനമാണ് മാർട്ടിനസ് കാഴ്ചവെച്ചത്. ക്ലബ്ബിനായി സ്കഡേറ്റൊ വിജയിച്ചപ്പോൾ അർജന്‍റീനക്ക് വേണ്ടി കോപ്പ അമേരിക്കയും നേടിയിട്ടുണ്ട്.
രാജ്യത്തിലും ക്ലബ്ബിലും മാർട്ടിനസിന് മികച്ച നേട്ടങ്ങളുണ്ടാക്കാൻ സാധിക്കുമെന്നും ഇത്തവണ അദ്ദേഹം ബാലൺ ഡി ഓർ അരഹിക്കുന്നുണ്ടെന്നും സ്കലോനി വിശ്വസിക്കുന്നു. 'മാർട്ടിനസിന് മികച്ചൊരു വർഷമായിരുന്നു ഇത്. കോപ്പ അമേരിക്കയിലെ ടോപ് സ്കോററാണ് അവൻ. ഫൈനലിലും അവൻ ഗോളടിച്ചു. ബാക്കി ആരേക്കാളും അവൻ ബാലൺ ഡി ഓർ അർഹിക്കുന്നുണ്ട്. ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഞാൻ ഒരുപാട് അഭിനന്ദിക്കുന്ന ഒരു താരമാണ് മാർട്ടിനസ്, അവന് ഈ അവസരം ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, ഇപ്പോൾ ലഭിച്ചില്ലെങ്കിൽ അത് പിന്നീട് ലഭിക്കും. കാരണം മാർട്ടിനസിന് മികച്ചൊരു ഭാവി മുന്നിലുണ്ട്,' സ്കലോനി പറഞ്ഞു.
മാർട്ടിനസ് ബാലൺ ഡി ഓർ സ്വന്തമാക്കാനുള്ള മത്സരത്തിലുണ്ടെങ്കിലും ബ്രസീലിന്‍റെയും റയൽ മാഡ്രിഡിന്‍റെയും താരമായിട്ടുള്ള വിനീഷ്യസ് ജൂനിയർ, സ്പെയ്ൻ-മാഞ്ചസ്റ്റർ സിറ്റി താരം റോഡ്രി എന്നിവരാണ് ഇത്തവണ ബാലൺഡി ഓർ നേടുവാൻ ഏറ്റവും സാധ്യത കൽപ്പിക്കുന്നവർ. കഴിഞ്ഞ വർഷത്തെ ചാമ്പ്യൻസ് ലീഗ് ചാമ്പ്യൻമാരായ റയൽ മാഡ്രിഡിനായി മികച്ച പ്രകടനമാണ് വിനീഷ്യസ് കാഴ്ചവെച്ചത്. പ്രീമിയർ ലീഗിൽ ജേതാക്കളായ സിറ്റിക്ക് വേണ്ടി റോഡ്രിയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
സീരീ-എയിൽ 27 ഗോളും ഏഴ് അസിസ്റ്റും മാർട്ടിനസിന് സീസണിലുണ്ടായിരുന്നു. കോപ്പ അമേരിക്ക ഫൈനലിലെ ഗോളടക്കം അഞ്ച് ഗോളുമായി ടൂർണമെന്‍റിലെ ടോപ് സ്കോററാകാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. എന്തായാലും പതിറ്റാണ്ടുകൾക്ക് ശേഷം ലയണൽ മെസ്സി, ക്രിസ്റ്റ്യാനൊ റൊണാൾഡോ എന്നിവരില്ലാതെയുള്ള ആദ്യത്തെ ബാലൺ ഡി ഓർ ആര് സ്വന്തമാക്കുമെന്ന് അറിയാനുള്ള ആവേശത്തിലാണ് ഫുട്ബാൾ ലോകം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.