തെരൻഗയിലെ സിംഹങ്ങൾ; വിജയ ഡോർ തുറക്കാൻ എക്വഡോർ
text_fields2002ൽ ജപ്പാനിലും ദക്ഷിണ കൊറിയയിലുമായി നടന്ന ലോകകപ്പ് സെനഗാളുകാർ ഒരിക്കലും മറക്കില്ല. ചരിത്രത്തിലാദ്യമായി സെനഗാൾ യോഗ്യത നേടിയ ലോകകപ്പായിരുന്നു ഏഷ്യയിലേത്. ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനെയാണ് നേരിടേണ്ടത് എന്നറിഞ്ഞപ്പോൾ സെനഗാൾ താരങ്ങളുടെ ഉള്ളൊന്നുകാളിയിരിക്കണം. എന്നാൽ, കളി തുടങ്ങിയപ്പോൾ കഥ മാറി. പാപ ബൗപ ദിയോപിന്റെ ഗോളിൽ ഫ്രാൻസ് വീണപ്പോൾ ഫുട്ബാൾ ലോകം ഞെട്ടി. സെനഗാൾ അതുകൊണ്ടും നിർത്തിയില്ല. ഉറുഗ്വായിയെയും ഡെന്മാർകിനെയും സമനിലയിൽ പിടിച്ച അവർ തോൽവിയറിയാതെ പ്രീക്വാർട്ടറിലേക്ക് മുന്നേറി. പ്രീക്വാർട്ടറിൽ സ്വീഡനെയും തോൽപിച്ച സെനഗാളിന്റെ മുന്നേറ്റം അവസാനിച്ചത് ക്വാർട്ടറിൽ തുർക്കിക്ക് മുന്നിലാണ്. എന്നാൽ ഏഷ്യയിലെ കളി മികവ് പിന്നീട് പുറത്തെടുക്കാൻ കഴിയാതിരുന്ന സെനഗാളിന് അടുത്ത മൂന്നു ലോകകപ്പിലും ഇടംലഭിച്ചില്ല. 2018ൽ യോഗ്യത നേടിയെങ്കിലും ആദ്യ റൗണ്ട് കടന്നില്ല.
ഒരു പിടി മികച്ച താരങ്ങളുടെ സംഘമാണ് 'തെരൻഗയിലെ സിംഹങ്ങൾ' എന്ന സെനഗാൾ. നായകൻ ഖാലിദു കൗലിബാലിക്കുപുറമെ സൂപ്പർ താരം സാദിയോ മാനെ, ഗോളി എഡ്വേർഡ് മെൻഡി, ഇദ്രീസ ഗ്വയെ, ഇസ്മാഈല സർ തുടങ്ങിയവർ ടീമിന് കരുത്തുപകരുന്നു.
ആശാൻ >>>
2002ൽ സെനഗാൾ ലോകകപ്പ് ക്വാർട്ടറിലെത്തിയപ്പോൾ നായകനായിരുന്ന അലിയു സിസെ ആണ് ഇപ്പോൾ ടീമിനെ ലോകകപ്പിനൊരുക്കുന്നത്. 2015 മുതൽ ദേശീയ ടീം പരിശീലകനായ സിസെയുടെ കോച്ചിങ്ങിലാണ് ആഫ്രിക്കൻ നേഷൻസ് കപ്പിൽ 2019ൽ സെനഗാൾ റണ്ണേഴ്സപ്പാവുന്നതും 2021ൽ കന്നിക്കിരീടം സ്വന്തമാക്കുന്നതും. ഏഴു വർഷമായി ടീമിന്റെ അമരത്തുള്ള 46കാരനിൽ അതിനാൽ തന്നെ സെനഗാളുകാർക്ക് ഏറെ പ്രതീക്ഷയുണ്ട്.
കുന്തമുന>>>
34 ഗോളുകളുമായി സെനഗാളിന്റെ എക്കാലത്തെയും ടോപ്സ്കോററാണ് സാദിയോ മാനെ എന്ന 30കാരൻ. ഖത്തറിൽ ടീമിന്റെ പ്രധാന പ്രതീക്ഷയും ഈ ബയേൺ മ്യൂണിക് സ്ട്രൈക്കർ തന്നെ. ഒരു പതിറ്റാണ്ടായി ടീമിന്റെ ആക്രമണം നയിക്കുന്ന മുൻ ലിവർപൂൾ താരം ഫോമിലായാൽ ലോകകപ്പിൽ സെനഗാളിന് നേട്ടങ്ങളുണ്ടാക്കാം.
എക്വഡോറിനിത് നാലാം ലോകകപ്പാണ്. 2006ൽ പ്രീക്വാർട്ടറിൽ ഇടംപിടിച്ചതാണ് മികച്ച നേട്ടം. അത്ര കടുത്തതല്ലാത്ത ഗ്രൂപ്പാണെങ്കിലും മുന്നോട്ടുള്ള പ്രയാണം എക്വഡോറിന് ഏറെ കടുപ്പമേറിയതാവും. തെക്കനമേരിക്കൻ ഗ്രൂപ്പിൽ നാലാമതായാണ് എക്വഡോർ ഖത്തർ ലോകകപ്പിന് യോഗ്യത നേടിയത്.
ലോകകപ്പിലെ കളിയേക്കാൾ കൂടുതൽ എക്വഡോറിനെ അലട്ടുന്നത് കളത്തിനു പുറത്തെ കളിയാണ്.
യോഗ്യതയില്ലാത്ത കളിക്കാരനെ കളിപ്പിച്ചതിനാൽ ലോകകപ്പിനുള്ള എക്വഡോറിന്റെ യോഗ്യത റദ്ദാക്കണമെന്ന ചിലിയുടെ ആവശ്യം ടീമിന്റെ ഉറക്കം കെടുത്തുകയാണ്. ആവശ്യം ഫിഫ തള്ളിയെങ്കിലും ചിലി അപ്പീലുമായി കായിക തർക്കപരിഹാര കോടതിയെ സമീപിച്ചിരിക്കുകയാണ്. കോടതി അപ്പീലിൽ നവംബർ നാലിനാണ് വാദം കേൾക്കുക. ചിലിയെ കൂടാതെ പെറുവും എക്വഡോറിനെതിരെ പരാതി നൽകിയിട്ടുണ്ട്. നവംബർ 10ഓടെ കോടതിയുടെ അന്തിമവിധിയുണ്ടാവുമെന്നാണ് സൂചന.
എക്വഡോറിനായി യോഗ്യത മത്സരങ്ങൾ കളിച്ച ബൈറൺ കാസ്റ്റില്ലോ കൊളംബിയക്കാരനാണെന്നും എക്വഡോറിനായി ഇറങ്ങാൻ യോഗ്യതയില്ലാത്തയാളാണെന്നുമാണ് ചിലിയുടെ വാദം. എന്നാൽ, ഇക്കാര്യം എക്വഡോർ നിഷേധിക്കുന്നു. എട്ട് യോഗ്യത മത്സരങ്ങളിൽ കാസ്റ്റിലോ കളത്തിലിറങ്ങിയിരുന്നു. ചിലിക്കെതിരായ രണ്ടു മത്സരങ്ങളും ഇതിലുൾപ്പെടും.
ആശാൻ >>>
രണ്ടുവർഷം മുമ്പ് പരിശീലകസ്ഥാനം ഏറ്റെടുത്ത ഗുസ്താവോ അൽഫാറോയാണ് എക്വഡോറിന്റെ തന്ത്രങ്ങൾ മെനയുന്നത്. രണ്ടു വർഷത്തിനിടെ അൽഫാറോയുടെ കീഴിൽ 31 മത്സരങ്ങൾ കളിച്ച ടീം 11 വിജയം നേടി. 12 സമനിലകൾ കരസ്ഥമാക്കിയപ്പോൾ എട്ടെണ്ണത്തിൽ തോറ്റു.
കുന്തമുന >>>
നായകൻ കൂടിയായ എന്നെർ വാലൻസിയയാണ് ടീമിന്റെ പ്രധാന പ്രതീക്ഷ. 74 മത്സരങ്ങളിൽ 35 ഗോളുകൾ നേടിയിട്ടുള്ള 32കാരൻ തിളങ്ങിയാൽ എക്വഡോറിന് മുന്നോട്ടുപോകാനാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.