പാരിസ് ഗ്രാൻഡ്ഫിനാലെ; ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇന്ന് ലിവർപൂൾ Vs റയൽ മഡ്രിഡ്
text_fieldsലണ്ടൻ: യൂറോപ്യൻ കളിമുറ്റങ്ങളെയും സീസൺ അവസാനിപ്പിച്ച് ഇമ ചിമ്മാതെ കൺപാർത്തുനിൽക്കുന്ന ചാമ്പ്യൻ പോരാട്ടം ഇന്ന് പാരിസ് മൈതാനത്ത്. പ്രീമിയർ ലീഗിലും ലാ ലിഗയിലും അത്ഭുതങ്ങളുടെ തമ്പുരാന്മാരായി എഴുന്നുനിൽക്കുന്ന രണ്ടു കൊമ്പന്മാർ മുഖാമുഖം നിൽക്കുമ്പോൾ ആകാംക്ഷയുടെ കൗണ്ട്ഡൗണിൽ മണിക്കൂറുകൾ ബാക്കി. ഏറ്റവും കൂടുതൽ കപ്പ് മാറോടു ചേർത്ത റയൽ മഡ്രിഡിനെതിരെ അത്രയില്ലെങ്കിലും പ്രകടന മികവിൽ ഒപ്പത്തിനൊപ്പമോ ഒരു പണത്തൂക്കം മുന്നിലോ നിൽക്കുന്ന ലിവർപൂളാണ് എതിരാളികൾ.
1981ലും 2018ലും ഇതേ കിരീടപ്പോരിൽ പരസ്പരം പോരാടിയവരായതിനാൽ അങ്കം മുറുകുമെന്നുറപ്പ്. ചാമ്പ്യൻസ് ലീഗ് കണക്കെടുപ്പിൽ ഇരു ടീമുകളും ചേർന്ന് സ്വന്തമാക്കിയത് 19 കിരീടങ്ങൾ. ഇതിൽ 13ഉം റയലിലെത്തിയപ്പോൾ ആറെണ്ണം സ്വന്തമാക്കിയത് ലിവർപൂൾ. ലാ ലിഗയിൽ രണ്ടാമന്മാരായ ബാഴ്സയെക്കാൾ 13 പോയന്റ് മുന്നിൽനിന്ന് കിരീടം പിടിച്ച റയൽ അമ്പരപ്പിക്കുന്ന തിരിച്ചുവരവുകളുമായാണ് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇടമുറപ്പിച്ചത്. മറുവശത്ത്, എല്ലാം നേരത്തെയുറപ്പിച്ചവരുടെ പ്രകടനത്തികവ് ചെമ്പടയുടെ വരവ് ആഘോഷമാക്കി. ഇനി എല്ലാം പാരിസിലെ സ്റ്റേഡി ഡി ഫ്രാൻസിൽ നേരിട്ടു കാണാം.
ലളിതം സുന്ദരം ലിവർപൂൾ വഴി
2021 ആഗസ്റ്റ് 14ന് പ്രീമിയർ ലീഗിലെ ആദ്യ അങ്കത്തിൽ നോർവിച് സിറ്റിയെ എതിരില്ലാത്ത മൂന്നു ഗോളിന് തകർത്തുവിട്ട് തുടങ്ങിയവർ 287 ദിനങ്ങൾക്കിപ്പുറത്ത് കപ്പിനും ചുണ്ടിനുമിടയിൽ യൂറോപ്പിന്റെ കിരീടത്തിനരികെ. അവസാന കളി വരെ ഉദ്വേഗം നിറഞ്ഞുനിന്ന പ്രീമിയർ ലീഗിൽ വഴിയിലെവിടെയോ കൈമോശം വന്ന ഒരു പോയന്റിനാണ് ടീം കിരീടം കൈവിട്ടത്. പക്ഷേ, കരബാവോ കപ്പും എഫ്.എ കപ്പും ഷോക്കേസിലെത്തിച്ച് ചാമ്പ്യൻസ് ലീഗും നേടി പകരം വീട്ടാമെന്ന് അവർ കണക്കുകൂട്ടുന്നു.
ക്ലോപ്പിനു കീഴിലെ അഞ്ചു വർഷം കൊണ്ട് ലോകം അത്ഭുതത്തോടെ കാതോർക്കുന്ന കളിസംഘമായവർ ഇത്തവണ പഴുതേതും നൽകാതെയാണ് കലാശപ്പോരിലേക്ക് ടിക്കറ്റെടുത്തത്. ഗ്രൂപ് ബി ജേതാക്കളായി നോക്കൗട്ട് ഉറപ്പിച്ച ടീം പ്രീ ക്വാർട്ടറിൽ ഇന്ററിനെ 2-1നും ക്വാർട്ടറിൽ ബെൻഫിക്കയെ 6-4നും ഒടുവിൽ സെമിയിൽ വിയ്യ റയലിനെ 5-2നുമാണ് മറികടന്നത്. ടീം ഇതുവരെ 30 ഗോൾ സ്കോർ ചെയ്തപ്പോൾ 13 എണ്ണം തിരിച്ചുവാങ്ങി. എട്ടു ഗോളുമായി മുഹമ്മദ് സലാഹാണ് ടോപ് സ്കോറർ.
അട്ടിമറികളുടെ സ്വന്തം റയൽ
ബെൻസേമയെന്ന ഒറ്റയാന്റെ ചിറകേറി ഇനിയുമെത്രയും ദൂരം താണ്ടാൻ ഒരുക്കമെന്നതാണ് റയൽ മനസ്സ്. ഗ്രൂപ് ഡി ജേതാക്കളായി അവസാന 16ലെത്തിയവർ പിന്നീട് ഓരോ ഘട്ടത്തിലും അട്ടിമറിച്ചത് കൊമ്പന്മാരെ. പ്രീ ക്വാർട്ടറിൽ പി.എസ്.ജിയെ 3-2നും ക്വാർട്ടറിൽ ചെൽസിയെ 5-4നും മറികടന്ന ടീം അവസാന നാലിൽ ജയം കൈവിട്ടെന്നു തോന്നിച്ചിടത്ത് തുടരെ ഗോളുകളുമായി മാഞ്ചസ്റ്റർ സിറ്റിയെ 6-5ന് വീഴ്ത്തി കലാശപ്പോരിലേക്ക് ചാടിക്കയറുകയായിരുന്നു. ഓരോ തവണയും രക്ഷകനായി അവതരിച്ച് ടീമിന്റെ ഹീറോ ആയ ബെൻസേമ ഇതുവരെ നേടിയത് 15 ഗോളുകൾ. ഏതു ദുർബല നിമിഷത്തിലും കാലുകൾ ഗോളിലേക്ക് ലക്ഷ്യം പിടിക്കുന്നതാണ് ബെൻസേമ ടാക്റ്റിക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.