ചെൽസിയെ വീഴ്ത്തി ലിവർപൂളിന് എഫ്.എ കപ്പ് കിരീടം
text_fieldsലണ്ടൻ: ഫുട്ബാൾ ലോകത്തെ രണ്ട് ശക്തർ പരസ്പരം പോരാടിയപ്പോൾ കിരീടം ലിവർപൂളിന് സ്വന്തം. ഇംഗ്ലീഷ് എഫ്.എ കപ്പ് ഫൈനലിൽ ചെൽസിയെ ഷൂട്ടൗട്ടിലാണ് യുർഗൻ ക്ലോപ്പിന്റെ സംഘം വീഴ്ത്തിയത്.
വെംബ്ലിയിൽ നടന്ന പോരിൽ നിശ്ചിത സമയത്തും അധികസമയത്തും കളി ഗോൾരഹിതമായതിനെ തുടർന്ന് കളി ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു. സഡൻ ഡെത്തിൽ ചെൽസി താരം മേസൺ മൗണ്ടിന്റെ കിക്ക് തടഞ്ഞ് ഗോൾകീപ്പർ അലിസൻ ബെക്കർ ലിവർപൂളിനെ കിരീടത്തിലേക്ക് നയിച്ചു.
നിശ്ചിത സമയത്ത് ഇരുടീമുകൾക്കും നിരവധി അവസരങ്ങൾ പിറന്നെങ്കിലും ഗോൾ മാത്രം അകന്നുനിന്നു. എക്‌സ്ട്രാ ടൈമിലും ഗോളൊന്നും പിറന്നില്ല.
ഷൂട്ടൗട്ടിൽ ചെൽസിക്കു വേണ്ടി രണ്ടാം കിക്കെടുത്ത ക്യാപ്റ്റൻ സെസാർ അസ്പിലിക്വെറ്റയുടെ ഷോട്ട് സൈഡ് ബാറിൽ തട്ടി പാഴായി. ലിവർപൂളിനു വേണ്ടി കിക്കെടുത്ത ആദ്യ നാലുപേരും ലക്ഷ്യം കണ്ടു. എന്നാൽ, മുൻനിര താരം സദിയോ മാനെയുടെ നിർണായകമായ അഞ്ചാം കിക്ക് ചെൽസി കീപ്പർ എഡുവാർഡ് മെൻഡി തടഞ്ഞിട്ടതോടെ നീലക്കുപ്പായക്കാർക്ക് ആയുസ്സ് നീട്ടിക്കിട്ടി.
സഡൻ ഡെത്തിൽ ഇരുടീമുകളുടെയും ആറാം കിക്ക് ഗോളിലെത്തി. എന്നാൽ, ചെൽസിക്കുവേണ്ടി ഏഴാം കിക്കെടുത്ത മൗണ്ടിനു പിഴച്ചു. പോസ്റ്റിന്റെ വലതുമൂല ലക്ഷ്യമിട്ടെടുത്ത കിക്ക് ബെക്കർ വീണു തടഞ്ഞു. തുടർന്ന് കിക്കെടുത്ത കോസ്റ്റന്റിനോസ് സിമികാസ് വല കുലുക്കുയും ചെയ്തതോടെ ലിവർപൂൾ കപ്പുയർത്തി.
എഫ്.എ കപ്പിൽ എട്ടാം തവണയാണ് ലിവർപൂൾ കിരീടം നേടുന്നത്. ഇതിനുമുമ്പ് 2006-ലായിരുന്നു കിരീടനേട്ടം. ഫെബ്രുവരിയിൽ നടന്ന ലീഗ് കപ്പ് ഫൈനലിലും ലിവർപൂൾ ചെൽസിയെ ഷൂട്ടൗട്ടിൽ വീഴ്ത്തി കിരീടം നേടിയിരുന്നു.
സീസണിൽ രണ്ട് കിരീടം കൂടി ലിവർപൂൾ ലക്ഷ്യമിടുന്നുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കു പിറകിൽ രണ്ടാം സ്ഥാനത്താണവർ. രണ്ട് മത്സരം കൂടി ശേഷിക്കെ മൂന്ന് പോയിന്റിന് പിറകിലാണെങ്കിലും സിറ്റി തോറ്റാൽ ലിവർപൂളിന്റെ സാധ്യത തെളിയും. ഈ മാസം അവസാനത്തിൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ലിവർപൂൾ റയൽ മാഡ്രിഡിനെ നേരിടും. അതേസമയം, ചെൽസിക്കെതിരായ മത്സരത്തിൽ സൂപ്പർ താരം മൊഹമ്മദ് സലാഹിന് പരിക്കേറ്റത് ലിവർപൂൾ ക്യാമ്പിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.