ലിവർപൂൾ ഡബ്ൾ
text_fieldsആദ്യം യുവന്റസിനെയും പിറകെ ബയേൺ മ്യൂണിക്കിനെയും വളഞ്ഞിട്ടു വീഴ്ത്തിയ ഉനയ് എമറിയുടെ തന്ത്രങ്ങൾ ക്ലോപിന്റെ കുട്ടികൾക്കു മുന്നിൽ വിലപ്പോയില്ല. ആദ്യ 45 മിനിറ്റ് കോട്ട കാത്ത പ്രതിരോധത്തിൽ വിള്ളൽ വീഴ്ത്തി രണ്ടു തവണ വല കുലുക്കി ചാമ്പ്യൻസ് ലീഗ് സെമി ആദ്യ പാദത്തിൽ ലിവർപൂളിന് വിജയമുത്തം. യൂറോപ്പിന്റെ വലിയ പോരിടങ്ങളിൽ കാര്യമായ റെക്കോഡുകളുടെ പെരുമയില്ലാതിരുന്നിട്ടും ഈ സീസണിൽ അട്ടിമറികളുടെ കൂട്ടുകാരായാണ് വിയ്യാറയൽ ചാമ്പ്യൻസ് ലീഗ് സെമി കണ്ടത്.
ഓരോ ഘട്ടത്തിലും കൊമ്പുകുലച്ച് മുന്നിൽവന്നത് കൊമ്പന്മാർ. പ്രതിരോധക്കോട്ട തുളവീഴാതെ കാത്തും കിട്ടിയ അർധാവസരങ്ങളിൽ എതിർവല കുലുക്കിയും അവരെയെല്ലാം മറികടന്നവർ ആൻഫീൽഡിലെത്തിയപ്പോൾ മുന്നിൽ വന്നത് സാക്ഷാൽ ചെമ്പട. അവിടെ പക്ഷേ, ഒന്നും പ്രതീക്ഷിച്ച പോലെ നടന്നില്ല.കളിയുടെ നാലിൽ മൂന്നും കാലിൽവെച്ച ലിവർപൂൾ പലവട്ടം അവസരങ്ങൾ തുറന്നതിനൊടുവിൽ വിയ്യ വല കുലുങ്ങുന്നത് 53ാം മിനിറ്റിൽ. ജോർഡൻ ഹെൻഡേഴ്സന്റെ ക്രോസ് വിയ്യ ലെഫ്റ്റ് ബാക്ക് പെർവിസ് എസ്റ്റുപിനാന്റെ കാലിൽ തട്ടി വഴിമാറി ചെന്നു പതിച്ചത് സ്വന്തം വലയിൽ. പിന്നീടെല്ലാം ലിവർപൂൾ പ്രതീക്ഷിച്ച പോലെയായിരുന്നു. വൈകാതെ പെനാൽറ്റി ബോക്സിൽ പന്തുമായി പാഞ്ഞുകയറി മുഹമ്മദ് സലാഹ് എതിർതാരത്തിന്റെ കാലുകൾക്കിടയിലൂടെ തട്ടിനൽകിയ കണ്ണഞ്ചും പാസ് സാദിയോ മാനേ മനോഹരമായി വലയിലെത്തിച്ചതോടെ രണ്ടു മിനിറ്റിനിടെ ലീഡ് രണ്ടായി.
ചൊവ്വാഴ്ച വിയ്യ തട്ടകത്തിലാണ് രണ്ടാം പാദം. രണ്ടു ഗോൾ ലീഡ് മറികടക്കുക ലാ ലീഗ ടീമിന് ഏറെ പ്രയാസകരമാകുമെന്നതിനാൽ മേയിൽ പാരീസിൽ നടക്കുന്ന കലാശപ്പോരിൽ ചെമ്പട ആരുമായി മുഖാമുഖം നിൽക്കുമെന്നതാണ് ഇനി കാത്തിരുന്നു കാണാനുള്ളത്.
കഴിഞ്ഞ ദിവസം നടന്ന ആദ്യ സെമിയിൽ മാഞ്ചസ്റ്റർ സിറ്റി റയൽ മഡ്രിഡിനെതിരെ 4-3ന് ഒന്നാം പാദം ജയിച്ചിരുന്നു.
കഴിഞ്ഞ ജനുവരിയിൽ ലിവർപൂളിനൊപ്പം ചേർന്ന ലൂയിസ് ഡയസായിരുന്നു ആൻഫീൽഡിൽ ശരിക്കും ഹീറോ. രണ്ടു വട്ടം താരം വല കുലുക്കാൻ അടുത്തെത്തിയെങ്കിലും നിർഭാഗ്യത്തിനാണ് വഴി മാറിയത്. മുഹമ്മദ് സലാഹിന്റെ ശ്രമങ്ങളും സമാനമായി പുറത്തേക്ക് പറന്നു.
തിയാഗോ ഒരുവട്ടം പായിച്ച ബുള്ളറ്റ് ഷോട്ട് പോസ്റ്റിൽ തട്ടി വഴി മാറി. കളിയുടെ 73 ശതമാനവും കൈയിൽ വെച്ച ലിവർപൂൾ 19 ഷോട്ടുകളാണ് ലക്ഷ്യത്തിലേക്ക് പായിച്ചത്. വിയ്യയാകട്ടെ, ഒരു തവണയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.