ആൻഫീൽഡിൽ ചെമ്പടയുടെ കണ്ണുനീർ; പി.എസ്.ജി ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ
text_fieldsലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ കാണാതെ ലിവർപൂൾ പുറത്ത്. സ്വന്തം തട്ടകമായ ആൻഫീൽഡിൽ നടന്ന പ്രീക്വാർട്ടർ രണ്ടാം പാദത്തിൽ 1-0 ത്തിനാണ് പി.എസ്.ജിയോട് കീഴടങ്ങിയത്. ആദ്യ പാദത്തിൽ 1-0 ത്തിന് ജയിച്ച ലിവർപൂളിനെ അവരുടെ തട്ടകത്തിൽ അതേ സ്കോറിന് തന്നെ വീഴ്ത്തുകയായിരുന്നു. ഇരുപാദങ്ങളിലുമായി സ്കോർ തുല്യമായതോടെ (1-1) പെനാൽറ്റി ഷൂട്ടൗട്ടിലാണ് ലിവർപൂൾ പുറത്താകുന്നത്.
12ാം മിനിറ്റിൽ ഉസ്മാൻ ഡെംബലെയാണ് പി.എസ്.ജിയെ മുന്നിലെത്തിക്കുന്നത്. പെനാൽറ്റി ബോക്സിനകത്ത് നിന്ന് ബ്രാക്കോള നൽകിയ പാസ് സ്വീകരിച്ച ഡെംബലെ ലിവർപൂൾ ഗോൾകീപ്പർ അലിസണെ മറികടന്ന് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ഗോൾ വീണതോടെ ആദ്യ പകുതിയിൽ ഒന്ന് പതറിയെങ്കിലും രണ്ടാം പകുതിയിൽ ലിവർപൂൾ കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. ഗോളൊന്നുറച്ച നിരവധി അവസരങ്ങൾ പോസറ്റൊഴിഞ്ഞ് പോയതോടെ 1-0 ത്തിന് മത്സരം അവസാനിക്കുകയായിരുന്നു.
തുടർന്ന് നടന്ന പെനാൽറ്റി ഷൂട്ടൗട്ടിൽ പി.എസ്.ജിക്കായി നാലു പേർ ലക്ഷ്യം കണ്ടപ്പോൾ ലിവർപൂളിന് വേണ്ടി മുഹമ്മദ് സലാഹ് മാത്രമാണ് ലക്ഷ്യം കണ്ടത്. ഡാർവിൻ നൂനസ് , കാർട്ടിസ് ജോൺസ് എന്നിവരുടെ ഷോട്ട് പി.എസ്.ജി ഗോൾകീപ്പർ ഡോണരുമ തട്ടിയകറ്റി.
മറ്റൊരു മത്സരത്തിൽ ലെവർകൂസനെ എതിരില്ലാത്ത രണ്ടുഗോളിന് (2-0) കീഴടക്കി ബയേൺ മ്യൂണിക് ക്വാർട്ടറിലെത്തി. ഇരുപാദങ്ങളിലുമായി ഏക പക്ഷീയമായ അഞ്ചുഗോളിനാണ് ബയേണിന്റെ മുന്നേറ്റം.
ഫെയനോർഡിനെ 2-1 ന് കീഴടക്കി (രണ്ടുപാദങ്ങളിലുമായി 4-1) ഇന്റർമിലാനും ക്വാർട്ടറിലെത്തി. ക്വാർട്ടറിൽ ബയേൺ മ്യൂണിക്ക് ഇന്റർമിലാനെ നേരിടും. ഏപ്രിൽ എട്ടിനാണ് ആദ്യപാദം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.