2023ലെ ആദ്യ പ്രിമിയർ ലീഗ് ജയവുമായി ലിവർപൂൾ; ഈ ടീം ഇനി വേറെ ലെവലെന്ന് ക്ലോപ്
text_fieldsആൻഫീൽഡ് മൈതാനത്തുപോലും ഗതിയില്ലാ കയത്തിൽ മുങ്ങിയ കാലം മറന്ന് ചടുല നീക്കങ്ങളും അതിവേഗ ഗോളുകളുമായി സലാഹും കൂട്ടരും നിറഞ്ഞാടിയ ദിനത്തിൽ ലിവർപൂളിന് കാത്തിരുന്ന ജയം. ഞെട്ടിക്കുന്ന തോൽവികളും വൻവീഴ്ചകളുമായി ആരാധക രോഷത്തിൽ വീർപുമുട്ടിയ ടീമിന് തിരിച്ചുവരവിന്റെ സൂചന നൽകി എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു എവർടണെ വീഴ്ത്തിയത്. ഇതോടെ, പോയിന്റ് പട്ടികയിൽ ഒരു സ്ഥാനം കയറി ലിവർപൂൾ ഒമ്പതാമെത്തി. ചെൽസിയാണ് 10ാമത്.
കഴിഞ്ഞ ദിവസം ഗൂഡിസൺ പാർക്കിൽ പ്രിമിയർ ലീഗ് ഒന്നാമന്മാരായ ആഴ്സണലിനെ കടന്നുകയറിയ ആവേശത്തിൽ ഇറങ്ങിയ സന്ദർശകരെ നിലംതൊടീക്കാതെയായിരുന്നു ആദ്യാവസാനം ചെമ്പട കളി നയിച്ചത്. തുടക്കത്തിൽ ആതിഥേയ മുന്നേറ്റങ്ങളെ പ്രതിരോധ മതിലിൽ തടഞ്ഞുനിർത്തുന്നതിൽ വിജയിച്ച സീൻ ഡൈക്കിയുടെ കുട്ടികൾ പക്ഷേ, 36ാം മിനിറ്റിൽ നടത്തിയ ഗോൾനീക്കം സ്വന്തം പോസ്റ്റിലാണ് ചെന്നുതൊട്ടത്. സെറ്റ്പീസിൽ എവർടൺ താരം ജെയിംസ് തർകോവ്സ്കി തലവെച്ചത് ലിവർപൂൾ പോസ്റ്റിലിടിച്ച് മടങ്ങി. തിരിച്ചെത്തിയ പന്ത് അടിച്ചൊഴിവാക്കിയ പ്രതിരോധനിരയിൽനിന്ന് കാലിലെടുത്ത് അതിവേഗം ഓടിയ ലിവർപൂൾ താരം നൂനസ് എതിർ ബോക്സിലെത്തിച്ച് സലാഹിന് കൈമാറുകയായിരുന്നു. ഗോളി ജോർഡൻ പിക്ഫോഡ് സ്ഥാനം മാറിനിന്ന അവസരം മുതലെടുത്ത് സലാഹ് മിന്നുംടച്ചിൽ ഗോളാക്കി. ട്രെന്റ് അലക്സാണ്ടർ ആർണൾഡിന്റെ നീക്കം ഗോളിലെത്തിച്ച് കോഡി ഗാക്പോയായിരുന്നു രണ്ടാം ഗോൾ നേടിയത്.
മത്സര ഫലം വലിയ ആശ്വാസം നൽകുന്നതാണെന്ന് ക്ലോപ് പിന്നീട് പറഞ്ഞു. ‘‘കളി നന്നായാൽ കൂടുതൽ സ്കോർ ചെയ്യാനുമാകും. മൊത്തം പ്രകടനത്തിലായിരുന്നു കാര്യം’’- പരിശീലകൻ അഭിപ്രായപ്പെട്ടു.
താരതമ്യേന ദുർബലരായ ബ്രെന്റ്ഫോഡ്, ബ്രൈറ്റൺ, വുൾവ്സ് എന്നിവർക്ക് മുമ്പിലൊക്കെയും വൻതോൽവികൾ വഴങ്ങി കടുത്ത വിമർശനങ്ങളുടെ നടുവിലായിരുന്നു ലിവർപൂൾ. കഴിഞ്ഞ ദിവസം ഗണ്ണേഴ്സിനെ വീഴ്ത്തിയ എവർടൺ എതിരെ വരുമ്പോൾ തീർച്ചയായും വിജയം ആരാധകർ കണക്കുകൂട്ടിയിരുന്നില്ല. എന്നാൽ, വാൻ ഡൈക്, റോബർട്ടോ ഫർമിനോ, ഡിയോഗോ ജോട്ട എന്നിവരൊക്കെയും പരിക്കുമായി പുറത്തിരുന്നിട്ടും ചെമ്പടക്കു തന്നെയായിരുന്നു കളിയിൽ കരുത്ത്. വലിയ തുക നൽകി അടുത്തിടെ ടീമിലെത്തിച്ച ഡച്ച് താരം കോഡി ഗാക്പോ ആദ്യമായി ഗോളടിച്ചതും ശ്രദ്ധേയമായി.
അടുത്ത സീസൺ ചാമ്പ്യൻസ് ലീഗ് കളിക്കാൻ നിലവിൽ സാധ്യത അടഞ്ഞുകിടക്കുന്ന ടീമിന് വരുംമത്സരങ്ങളിൽ എല്ലാം ജയിച്ച് അദ്ഭുതങ്ങൾ സംഭവിക്കണം. അതിനുള്ള വലിയ തുടക്കമാണിതെന്ന് പരിശീലകൻ ക്ലോപ് പറയുന്നു. മധ്യനിരയിൽ 18 കാരൻ സ്റ്റെഫാൻ ബാജ്സെറ്റികിന്റെ പ്രകടനവും ശ്രദ്ധേയമായി. കഴിഞ്ഞ ഒക്ടോബറിനു ശേഷം പരിക്കുമായി പുറത്തിരുന്ന ജോട്ടയുടെ തിരിച്ചുവരവും ടീം ആഘോഷമാക്കി.
പോയിന്റ് പട്ടികയിൽ നാലാമതുള്ള ന്യുകാസിലുമായാണ് ലിവർപൂളിന് അടുത്ത മത്സരം. അതും ജയിക്കാനായാൽ ടീമിന്റെ തിരിച്ചുവരവ് കൂടുതൽ കരുത്തുള്ളതാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.