നാപോളിയുടെ തോൽവിയില്ലാ കുതിപ്പിന് ആൻഫീൽഡിൽ അവസാനം; ജയിച്ചിട്ടും ലിവർപൂൾ രണ്ടാമത്
text_fieldsലണ്ടൻ: തുടർച്ചയായ 21 കളികളിൽ തോൽവിയില്ലാതെ കുതിച്ച നാപോളി ആൻഫീൽഡിൽ ചെമ്പടക്കുമുന്നിൽ മുട്ടുമടക്കി. പ്രിമിയർ ലീഗിൽ തുടർതോൽവികളുമായി പോയിന്റ് പട്ടികയിൽ പിറകിലായിപ്പോയ ക്ഷീണം തീർത്താണ് ലിവർപൂൾ ചാമ്പ്യൻസ് ലീഗ് അവസാന ഗ്രൂപ് പോരാട്ടത്തിൽ ഇറ്റാലിയൻ കരുത്തരായ നാപോളിയെ 2-0ന് വീഴ്ത്തിയത്. ജയത്തോടെ ഗ്രൂപ് എ പോയിന്റ് പട്ടികയിൽ ഇരു ടീമുകൾക്കും 15 പോയിന്റായെങ്കിലും ഗോൾശരാശരിയിൽ നാപോളിയാണ് ഒന്നാമത്. ഇരുവരും നേരത്തെ നോക്കൗട്ട് യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്. ഗോളടിക്കാതെ അവസാനം വരെ രണ്ടുടീമുകളും ഒപ്പത്തിനൊപ്പം പൊരുതിയ കളിയുടെ 85ാം മിനിറ്റിൽ മുഹമ്മദ് സലാഹും ഇഞ്ച്വറി സമയത്ത് നൂനസുമാണ് ജയത്തിലേക്ക് ഗോളടിച്ചുകയറ്റിയത്.
നാലു ഗോൾ മാർജിനിൽ ജയിച്ചാൽ ഗ്രൂപിൽ ഒന്നാമന്മാരാകാമെന്ന സാധ്യത മാടിവിളിച്ച ലിവർപൂൾ പക്ഷേ, ഒരു ഘട്ടത്തിലും കളിയിൽ സമ്പൂർണ ആധിപത്യം കാട്ടിയില്ല. ഒന്നാം പകുതിയിൽ ഫ്രീകിക്കിന് തലവെച്ച് ലിയോ ഓസ്റ്റിഗാർഡ് നാപോളിയെ മുന്നിലെത്തിച്ചുവെന്ന് തോന്നിച്ചെങ്കിലും ഏറെ സമയമെടുത്ത 'വാർ' പരിശോധനയിൽ ഓഫ്സൈഡ് വിധിച്ചു. കളി ഗോളില്ലാ സമനിലയിലേക്ക് നീങ്ങുന്ന ഘട്ടത്തിലാണ് അഞ്ചു മിനിറ്റ് ശേഷിക്കെ ക്ലോസ് റേഞ്ചിൽ സലാഹ് വിലപ്പെട്ട ലീഡ് നൽകിയത്. അധിക സമയത്ത് നൂനസ് പട്ടിക തികച്ചു.
പതിവുപോലെ, ലിവർപൂൾ പ്രതിരോധത്തിലെ വൻവീഴ്ചകളും മധ്യനിര താളം കണ്ടെത്താത്തതും നാപോളിക്കെതിരെയും കെണിയൊരുക്കുമെന്ന് തോന്നിച്ചെങ്കിലും നിർണായക ഘട്ടത്തിലെ രണ്ടു ഗോളുകൾ തുണയാകുകയായിരുന്നു. വാൻ ഡൈകിനൊപ്പം ഇബ്രാഹിമ കൊനാട്ടെ തിരിച്ചെത്തിയത് പ്രതിരോധത്തിലെ പഴുതുകൾ കുറെയേറെ പരിഹരിച്ചത് ടീമിന് ആശ്വാസമാകും.
പ്രിമിയർ ലീഗിൽ ദുർബലരായ നോട്ടിങ്ഹാം ഫോറസ്റ്റിനോടും ലീഡ്സ് യുനൈറ്റഡിനോടും അടുത്തടുത്ത കളികളിൽ ലിവർപൂൾ പരാജയപ്പെട്ടിരുന്നു. തൊട്ടുമുമ്പ് മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തിയ ആവേശത്തിൽ ഇറങ്ങിയായിരുന്നു വൻവീഴ്ച. കഴിഞ്ഞ സീസണിൽ നാലു വൻകിരീടങ്ങൾക്കരികെ നിന്ന ടീം തൊട്ടടുത്ത വർഷം എല്ലാം നഷ്ടപ്പെട്ടവരാകുന്ന വേദന വരുംനാളുകളിൽ തീർക്കാനായില്ലെങ്കിൽ കടുത്ത ആരാധക രോഷമാകും ടീമിനെ കാത്തിരിക്കുന്നത്.
നാപോളിക്കെതിരെ ജയിച്ചെങ്കിലും വൻമാർജിനിലല്ലാത്തതിനാൽ പോയിന്റ് പട്ടികയിൽ മാറ്റം വരില്ല.
പ്രിമിയർ ലീഗിൽ കരുത്തരായ ടോട്ടൻഹാമാണ് ചെമ്പടക്ക് എതിരാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.